
കഴിഞ്ഞവർഷം റിലീസായവയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ചിത്രം ഏത് എന്നുചോദിച്ചാൽ അനിമൽ എന്ന ബോളിവുഡ് ചിത്രത്തിന്റെ പേരുപറയാൻ ആരും രണ്ടാമതൊന്നാലോചിക്കില്ല. എന്നാൽ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ബോക്സോഫീസിൽ വൻ വിജയമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്.
വയലൻസ്, അമിത ലൈംഗികത നിറഞ്ഞ രംഗങ്ങൾ, സ്ത്രീ വിരുദ്ധത എന്നിവയൊക്കെയായിരുന്നു രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത ചിത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ. 100 കോടി ബജറ്റിലൊരുങ്ങിയ അനിമൽ ഏകദേശം 915.53 കോടിയാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. ബോളിവുഡ് ബോക്സോഫീസിൽ പുതുചരിത്രം രചിച്ച ചിത്രം ഈ വരുന്ന റിപ്പബ്ലിക് ദിനത്തിൽ നെറ്റ്ഫ്ളിക്സിലൂടെ സ്ട്രീമിങ് ആരംഭിക്കും.
തീർന്നില്ല, അനിമലിന്റെ ഒ.ടി.ടി വിശേഷം. തിയേറ്ററിൽ ചിത്രത്തിന്റെ ദൈർഘ്യം മൂന്നുമണിക്കൂറും 21 മിനിറ്റുമായിരുന്നെങ്കിൽ ഒ.ടി.ടിയിലെത്തുമ്പോൾ ദൈർഘ്യം ഇനിയും കൂടും. മൂന്നര മണിക്കൂറായിരിക്കും അനിമൽ നെറ്റ്ഫ്ളിക്സ് പതിപ്പിന്റെ ദൈർഘ്യം. രശ്മിക മന്ദാനയും രൺബീർ കപുറും ഒരുമിച്ചുള്ള കൂടുതൽ രംഗങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നതെന്ന് ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
തിയേറ്റർ പതിപ്പിൽ നിന്ന് ഒഴിവാക്കപ്പെട്ട രംഗങ്ങൾ ഒ.ടി.ടി പതിപ്പിലുണ്ടാവുമെന്ന് നേരത്തേ ഒരു അഭിമുഖത്തിൽ സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക മുമ്പ് പറഞ്ഞിരുന്നു.
സംവിധായകൻ സന്ദീപ് റെഡ്ഡിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുകയും എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും. ടി സീരീസ്, ഭദ്രകാളി പിക്ചേഴ്സ് എന്നിവരുടെ ബാനറിൽ ഭൂഷൺ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേർന്നാണ് ഈ ചിത്രം നിർമിച്ചത്. രൺബീർ കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ, അനിൽ കപുർ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]