വ്യത്യസ്തതയുടെയും ചങ്കൂറ്റത്തിന്റെയും മറുപേരോ മലയാള സിനിമ? ചോദിക്കാൻ കാരണമുണ്ട്. ഒരുപക്ഷേ ആരും പറയാൻ മടിക്കുന്ന വിഷയങ്ങൾ ധൈര്യപൂർവം, കല്ലുകടിയില്ലാത്തവിധം അവതരിപ്പിക്കാൻ മലയാളസിനിമയ്ക്ക് സാധിക്കാറുണ്ട്. അന്യഭാഷകളിലെ വലുതും ചെറുതുമായ ചലച്ചിത്രകാരന്മാർ ഒരേപോലെ മലയാളത്തിൽ എന്തുനടക്കുന്നു എന്ന് ഉറ്റുനോക്കുന്നതും അതുകൊണ്ടാണ്. അത് ഇനിയും തുടരുമെന്ന് അടിയുറച്ചുപറയാൻ സാധിക്കുന്ന ഒരു ധീരമായ പരീക്ഷണചിത്രം കൂടി തിയേറ്ററുകളിലെത്തിയിരിക്കുന്നു. പോൾസൺ സ്കറിയ-ആദർശ് സുകുമാരൻ ടീമിന്റെ തിരക്കഥയിൽ ജിയോ ബേബി സംവിധാനം ചെയ്ത്, മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷങ്ങളിലെത്തിയ കാതൽ -ദ കോർ ആണ് ആ ചിത്രം.
കുടുംബകഥകൾ പലതുവന്നിട്ടുള്ള മലയാള സിനിമയിൽ ധീരമായൊരു ചുവടുവെയ്പ്പാണ് കാതൽ. ദാമ്പത്യ ജീവിതത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം എണ്ണിയാലൊടുങ്ങാത്ത മലയാള സിനിമകളിൽ കണ്ട പ്രേക്ഷകർക്ക് കാതൽ വ്യത്യസ്തമാവുന്നത് വെറും കുടുംബകഥ എന്ന ആശയത്തിൽ നിന്ന് ബഹുദൂരം മുന്നോട്ടുപോകുന്നു എന്നുള്ളതുകൊണ്ടാണ്. പാലായ്ക്കടുത്ത് തീക്കോയിയിലെ വാർഡ് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മാത്യു, അയാളുടെ ഭാര്യ ഓമന, പിതാവ്, മകൾ എന്നിവരുടെ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ കാതൽ. ഈ സംഭവങ്ങളെ സമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നുള്ളിടത്താണ് കാതൽ എന്ന സിനിമയുടെ വിഷയം കൂടുതൽ സങ്കീർണമാവുന്നതും ഗൗരവതരമാവുന്നതും.
മാത്യുവിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. ഒറ്റപ്പെടലിന്റെ അവസ്ഥാന്തരങ്ങളാണ് കാതലിലൂടെ സംവിധായകനും തിരക്കഥാകൃത്തുക്കളും മുന്നോട്ടുവെയ്ക്കുന്ന ഒരു ഘടകം. ഒരു കൂരയ്ക്ക് കീഴെയാണ് ജിവിക്കുന്നതെങ്കിലും മാത്യു, ഓമന, അച്ഛൻ, മാത്യുവിന്റെ മകൾ എന്നിവരെല്ലാവരും വേറിട്ട അവസ്ഥയിലാണെന്ന് കാണാൻ കഴിയും. ഓരോരുത്തരും അവരവരുടേതായ ലോകത്താണ് ജീവിക്കുന്നത്. ഡ്രൈവിങ് സ്കൂൾ നടത്തുന്ന തങ്കച്ചൻ, അയാളുടെ സഹോദരിയുടെ മകൻ തുടങ്ങി ഒറ്റപ്പെടലിന്റെ വിവിധ പ്രതീകങ്ങളേയും ചിത്രത്തിൽ പലയിടങ്ങളിലായി കാണാൻ കഴിയും.
സിനിമയിൽ വാർഡ് ഉപതിരഞ്ഞെടുപ്പാണ് പശ്ചാത്തലമെങ്കിലും സ്വന്തം ജീവിതത്തിന്റെ തിരഞ്ഞെടുപ്പിനേക്കുറിച്ചാണ് സംവിധായകൻ സംസാരിക്കുന്നത്. ഓരോരുത്തരും അവരവരുടെ ജീവിതം സ്വയം തിരഞ്ഞെടുക്കണം. അല്ലാതെ മറ്റുള്ളവരുടെ നിർബന്ധത്തിന് വഴങ്ങിയാവരുത് ആ തിരഞ്ഞെടുപ്പ്. എന്താണ് ഒരാൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നത്, അതിനെ അയാളുടെ വ്യക്തിസ്വാതന്ത്ര്യമായി കാണുകയാണ് സമൂഹത്തിന് ചെയ്യാൻ കഴിയുന്ന ഏറ്റവും പോസിറ്റീവായ കാര്യം എന്ന് അടിവരയിട്ടുറപ്പിക്കുന്നുണ്ട് കാതൽ.
താരങ്ങളുടെ പ്രകടനത്തിലേക്ക് വന്നാൽ ആദ്യം പറയേണ്ടത് മാത്യുവായെത്തിയ മമ്മൂട്ടിയെത്തന്നെയാണ്. പണ്ടൊരു അഭിമുഖത്തിൽ നടൻ പൃഥ്വിരാജ് പറഞ്ഞ ഒരു വരിയുണ്ട്. പ്രായം വെച്ചുനോക്കുകയാണെങ്കിൽ മമ്മൂട്ടി അദ്ദേഹത്തിന്റെ എഴുപതുകളിലാണ് തന്റെ ഏറ്റവും മികച്ച സിനിമകൾ ചെയ്യുക എന്ന്. കാതലിലെ മാത്യു അത്തരത്തിലൊരു കഥാപാത്രമാണ്. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന, മെഗാ താരം എന്ന് വിശേഷണമുള്ള ഒരു നടൻ ഇതുപോലൊരു വേഷം, അതും സ്വന്തം ഇമേജ് പോലും നോക്കാതെ അഭിനയിച്ചിട്ടുണ്ടെങ്കിൽ അത് കലയോടുള്ള അഭിനിവേശം ഒന്നുകൊണ്ട് മാത്രമാവും എന്നുപറയേണ്ടിവരും. സൂപ്പർ താരം എന്ന മേലങ്കി അഴിച്ചുവെച്ച് കഥാപാത്രം മാത്രമായി മാറുന്ന പരകായ പ്രവേശം മാത്യുവിലൂടെ മമ്മൂട്ടി കൺമുന്നിൽ കാണിച്ചിരിക്കുന്നു. അധികം സംസാരിക്കാത്ത, ആളുകളുടെ മുഖത്തുപോലും ശരിക്കും നോക്കാത്ത, താൻ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നുപോലും ശരിക്ക് മനസിലാവാത്ത മാത്യുവിനെ മമ്മൂട്ടി ഗംഭീരമാക്കിയിട്ടുണ്ട്. നൻപകൽ നേരത്തിലെ ജെയിംസും കണ്ണൂർ സ്ക്വാഡിലെ ജോർജും അവതരിപ്പിച്ച നടൻ തന്നെയാണോ മാത്യുവിനെ അവതരിപ്പിച്ചതെന്ന് സംശയം പ്രകടിപ്പിച്ചാൽ അവരെ കുറ്റംപറയാനാവില്ല.
സ്വാതന്ത്ര്യം തേടുന്ന വീട്ടമ്മയാണ് ജ്യോതിക അവതരിപ്പിച്ച ഓമന. വിവാഹത്തിനുശേഷം ജീവിതത്തിലെ സന്തോഷം നിലച്ചവൾ. വർഷങ്ങൾക്കുശേഷമുള്ള മലയാളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഇങ്ങനെയൊരു സിനിമയിലെ കഥാപാത്രത്തിലൂടെയാണ് എന്നതിൽ ജ്യോതികയ്ക്ക് അഭിമാനിക്കാം. സാധാരണക്കാരിൽ സാധാരണക്കാരനായ തങ്കച്ചനെ അവതരിപ്പിച്ച സുധി കോഴിക്കോടും നിറഞ്ഞ കയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾ ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത കഥാപാത്രമാണ് തങ്കച്ചൻ എന്ന് നിസ്സംശയം പറയാം. അധികം സംസാരമില്ലാതെ നോട്ടംകൊണ്ടും പുഞ്ചിരികൊണ്ടും പ്രേക്ഷകരുടെ ഉള്ളം പൊള്ളിക്കുന്നുണ്ട് തങ്കച്ചൻ. മാത്യുവിന്റെ ചാച്ചനായെത്തിയ ആർ. എസ്. പണിക്കരുടേത് ഈയടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും ശക്തനായ അച്ഛൻ കഥാപാത്രമാണ്. സ്വന്തം മകൻ കടന്നുപോകുന്ന അവസ്ഥ മനസിലാക്കിയിട്ടും അതിനേക്കുറിച്ച് എങ്ങനെ പ്രതികരിക്കണം, എന്ത് സംസാരിക്കണം എന്നറിയാതെ ഘനീഭവിച്ച മനസോടെ ജീവിതകാലം തള്ളിനീക്കുന്ന പിതാവിനെ അദ്ദേഹം കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.
ചിന്നു ചാന്ദിനി, മുത്തുമണി, കലാഭവൻ ഹനീഫ്, ജോജി മുണ്ടക്കയം എന്നിവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി. നെയ്മർ, ആർ.ഡി.എക്സ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയവരാണ് ഇങ്ങനെയൊരു ചിത്രത്തിന് തിരക്കഥയെഴുതിയത് എന്നുപറഞ്ഞാൽ വിശ്വസിക്കണമെന്നില്ല. അങ്ങനെനോക്കുകയാണെങ്കിൽ ധീരമായൊരു പരീക്ഷണമാണ് പോൾസണും ആദർശും ചെയ്ത് വിജയിച്ചിരിക്കുകയാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുറന്നിട്ട വിപ്ലവാത്മക വഴിയിലൂടെ തന്നെയാണ് ജിയോ ബേബി കാതലിനേയും നയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]