’അപ്പോ ഇനി കൊറച്ച് അറബിയെല്ലാം പഠിക്കേണ്ടിവരും ട്ടാ..’ ‘അതന്തേ.. വീട്ടിലെല്ലാരും അറബിയാ സംസാരിക്കല് ?‘ കിണറ്റിൻകരയിലെ പെണ്ണുകാണൽ ചടങ്ങിനിടെ ചെറുക്കനും പെണ്ണും തമ്മിലുള്ള രസകരമായ ഈ രംഗമുള്ളത് ‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമയിലാണ്. പെണ്ണുകാണൽ ചടങ്ങിന്റെ പരുങ്ങലും പരിഭ്രമവുമെല്ലാം ലക്ഷ്മികാന്തൻ എന്ന ചെറുക്കനിലൂടെ ഭദ്രമാക്കിയത് കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ അനുരൂപ് എന്ന നടനാണ്. സെന്ന ഹെഗ്ഡേ സംവിധാനംചെയ്ത് സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ ‘തിങ്കളാഴ്ച നിശ്ചയ’മാണ് അനുരൂപിന്റെ തലവരയും മാറ്റിയെഴുതിയത്. ഈയിടെ പുറത്തിറങ്ങിയ ‘ചാവേറി’ൽ ലഭിച്ചത് തോമസ് എന്ന ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം.
സുജിത് വാസുദേവ് സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ‘ഓട്ടർഷ’ എന്ന ചിത്രത്തിൽ ഓട്ടോതൊഴിലാളിയുടെ വേഷം ചെയ്താണ് സിനിമയിലെ അരങ്ങേറ്റം. തുടർന്നാണ് ‘തിങ്കളാഴ്ച നിശ്ചയ’മെത്തിയത്. സംഗീത് സംവിധാനം ചെയ്ത് ബേസിൽ ജോസഫ് പ്രധാന വേഷം ചെയ്ത ‘പാൽതു ജാൻവറാ’ണ് അടുത്ത ചിത്രം. തുടർന്ന് സിബി മലയിൽ സംവിധാനം ചെയ്ത് ‘കൊത്ത്’ എന്ന സിനിമയിലെ സഹവില്ലൻ കഥാപാത്രം. ഇതിൽ പ്രധാന വില്ലന് ശബ്ദവും നൽകി. ഒടുവിൽ വേഷമിട്ട് റിലീസായത് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ‘ചാവേർ’. നടൻ ജോയ് മാത്യു രചിച്ച് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ ചാവേർ സംഘത്തിൽ ഒരാളായ തോമസായാണ് വേഷമിട്ടത്.
ജിസ് ജോയ് സംവിധാനം ചെയ്ത് ബിജു മേനോനും ആസിഫലിയും പ്രധാനവേഷങ്ങളിലഭിനയിച്ച പേരിടാത്ത ക്രൈംത്രില്ലറാണ് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ‘സുഡാനി ഫ്രം നൈജീരിയ’യുടെ സംവിധായകൻ സക്കറിയയെ നായകനാക്കി ഷമീം മൊയ്ദീൻ സംവിധാനംചെയ്യുന്ന ‘കമ്യൂണിസ്റ്റ് പച്ച’ എന്ന സിനിമയുമുണ്ട് ക്രെഡിറ്റിൽ.
കലോത്സവം-റേഡിയോ-സിനിമ
10 ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കുടിവെള്ളക്ഷാമം പ്രമേയമായ ‘യുദ്ധം’ 15 പുരസ്കാരങ്ങളാണ് നേടിയത്. 2010-മുതൽ ക്ലബ് എഫ്.എമ്മിൽ റേഡിയോ ജോക്കിയാണ്. കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. പുരുഷോത്തമന്റേയും വി.പി. കാഞ്ചനയുടേയും മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]