സ്വവർഗ പ്രണയം പ്രമേയമാക്കി സംവിധാനം ചെയ്ത ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് സംവിധായകൻ എം.ബി പദ്മകുമാർ. സമാന വിഷയം കെെകാര്യം ചെയ്യുന്ന മമ്മൂട്ടി നായകനായെത്തിയ ജിയോ ബേബി ചിത്രം ‘കാതൽ’ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന പശ്ചാത്തലത്തിലാണ് പദ്മകുമാറിന്റെ പ്രതികരം. ‘കാതൽ’ എന്ന സിനിമയെ പ്രശംസിച്ച പദ്മകുമാർ 2014-ൽ താൻ ചെയ്ത ‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിന് അക്കാലത്ത് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു സംവിധായകൻ്റെ പ്രതികരണം.
‘മൈ ലൈഫ് പാർട്ണർ’ എന്ന ചിത്രത്തിന് തിയേറ്ററുകൾ കിട്ടാൻ പോലും പ്രയാസപ്പെട്ടുവെന്ന് പദ്മകുമാർ പറഞ്ഞു. തന്റെ സിനിമ ആളുകൾ സ്വീകരിച്ചില്ലെങ്കിലും വർഷങ്ങൾക്ക് ശേഷം സ്വവർഗ പ്രണയം പറഞ്ഞു വന്ന ജിയോ ബേബിയുടെ ‘കാതൽ’ ആളുകൾ സ്വീകരിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും മികച്ച അഭിനയമുഹൂർത്തങ്ങൾ സമ്മാനിച്ച മമ്മൂട്ടിയെ അഭിനന്ദിക്കുന്നു എന്നും സംവിധായകൻ പറഞ്ഞു.
‘കാതൽ സിനിമയിൽ ഒരു സീൻ ഉണ്ട്, മമ്മൂട്ടിയുടെ കഥാപാത്രം കണ്ണാടി നോക്കി മുഖം കഴുകുന്ന രംഗം. ഒരു പ്രാവശ്യമല്ല പലപ്രാവശ്യവും അദ്ദേഹം ടാപ്പിൽ നിന്ന് വെള്ളം എടുത്ത് ഇങ്ങനെ മുഖം കഴുകി കൊണ്ടിരിക്കുകയാണ്. എത്ര മനോഹരമായിട്ടാണ് അദ്ദേഹം ആ രംഗം അവതരിപ്പിച്ചത്. എത്ര ആഴത്തിലാണ് അദ്ദേഹം ആ കഥാപാത്രത്തെ മനസ്സിലാക്കിയതും പഠിച്ചതും എന്നതിനുള്ള തെളിവാണ് ആ സീൻ. സമൂഹം ചാർത്തി തന്ന ലേബലുകൾ എത്ര കഴുകിയാലും മാറില്ല എന്നുള്ള രീതിയിലാണ് അദ്ദേഹം ആ സീനിനെ കൺസീൽ ചെയ്തതും അവതരിപ്പിച്ചതും. ജിയോ ബേബിക്ക് കിട്ടിയ ഭാഗ്യം പല സംവിധായകർക്കും ചലച്ചിത്രകാരന്മാർക്കും കിട്ടാത്തതുകൊണ്ട് പലരും മെയിൻ സ്ട്രീമിലേക്ക് വരാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. സ്വവർഗ പ്രണയം പ്രമേയമായി അവതരിപ്പിച്ച ഒരു സിനിമ മലയാളത്തിൽ എത്രമാത്രം സ്വീകരിക്കപ്പെട്ടപ്പോൾ 2014 ഇറങ്ങിയ ഒരു സിനിമയെപ്പറ്റി ഞാൻ ആലോചിക്കുകയാണ്.
എന്റെ ‘മൈ ലൈഫ് പാർട്ണർ’ സ്വവർഗ പ്രണയം പറഞ്ഞ സിനിമ തന്നെയായിരുന്നു. മറ്റൊരുതലത്തിൽ നിന്ന് പറഞ്ഞ സിനിമയായിരുന്നു അത്. സമൂഹത്തിൽ തിരിച്ചുപിടിച്ച് മറ്റൊരു കണ്ണാടി ആയിരുന്നു. അതിലെ കഥയും കഥാപാത്രങ്ങളും ഇന്നും ജീവിച്ചിരിക്കുന്നവരാണ്. ഒരു റിസർച്ചിലൂടെ ഞാൻ കണ്ടതും കേട്ടതും എഴുതിയ ഒരു സിനിമയായിരുന്നു അത്. 2014 ൽ ഞാൻ അനുഭവിച്ച ഒരു മാനസിക സംഘർഷമുണ്ടായിരുന്നു. ഒരു സ്വവർഗ പ്രണയ സിനിമ ഞാൻ ചെയ്തു എന്നു പറഞ്ഞ് സമൂഹം എന്റെ നേരെ കല്ലെറിഞ്ഞിരുന്നു. എന്റെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ അവരോട് പറഞ്ഞത് പച്ച മലയാളത്തിൽ പറഞ്ഞാൽ തുണ്ട് സിനിമയുടെ സംവിധായകന്റെ മക്കൾ ആണ് എന്നാണ്. അവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു അത് എന്റെ മനസ്സിനെയും ശരീരത്തേയും വല്ലാതെ കുത്തി നോവിച്ചിരുന്നു. എന്റെ സിനിമ റിലീസ് ചെയ്ത സമയത്ത് ഇത് നിങ്ങൾക്ക് കാണൂ അഭിപ്രായം പറയൂ എന്ന് പറഞ്ഞിട്ട് പലരെയും പല താരങ്ങളേയും സൂപ്പർതാരങ്ങളെയും സമീപിച്ചിരുന്നു. ആരുടെയും അടുത്ത് പോലും എത്താൻ കഴിഞ്ഞില്ല പലരും മുഖം തിരിച്ചിരുന്നു.
സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ ലുലു മാളിലെ തിയേറ്ററിൽ പോയിരുന്ന സമയത്ത് സ്ക്രീനിൽ തെളിയാൻ പോകുന്ന എന്റെ സിനിമയെക്കുറിച്ച് അല്ല എന്റെ മനസ്സ് മുഴുവൻ പറഞ്ഞത്, വാതിൽ തുറന്ന് ആരെങ്കിലും ഒക്കെ കടന്നുവരണം എന്റെ സിനിമ കാണാൻ എന്നാണ്. ആദ്യമായി ചെയ്ത സിനിമ പ്രദർശിപ്പിക്കുമ്പോൾ ചലച്ചിത്രകാരന്റെ മനസും സ്ക്രീനും തമ്മിൽ സംവദിക്കാറുണ്ട്. അത് വല്ലാത്തൊരു അനുഭവമാണ്. പക്ഷേ ഞാൻ ആ സമയം അനുഭവം സ്വീകരിക്കുകയായിരുന്നില്ല. ആരെങ്കിലും വന്ന് സിനിമ കാണണേ എന്ന പ്രാർഥനയായിരുന്നു.പക്ഷേ അധികം പേരൊന്നും ആ സിനിമയ്ക്ക് വന്നില്ല. 40 തിയറ്റർ ആ സിനിമ റിലീസ് ചെയ്യാനായി കിട്ടിയിട്ട് പലരും ആ സിനിമ എടുത്തുമാറ്റിയിട്ട് പിന്നീട് ഗർഭശ്രീമാൻ എന്ന സിനിമയാണ് പ്രദർശിപ്പിച്ചത്. അതിന് പലരും പറഞ്ഞ കാരണം ഈ സിനിമയിൽ ഏതെങ്കിലും ഒക്കെ സൂപ്പർ താരങ്ങളുടെ സാന്നിധ്യം ഉണ്ടെങ്കിൽ നിങ്ങൾക്ക് തിയേറ്റർ തരാം എന്നാണ്. ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു, അതിലൊന്നാണിത്. അതെന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു തിയേറ്ററുകൾ കിട്ടാത്തതുകൊണ്ട് മൂന്ന് നാല് മൾട്ടിപ്ലക്സിൽ മാത്രം ഒതുങ്ങിപ്പോയ ഒരു സിനിമയായിരുന്നു അത്. പക്ഷേ ആ വർഷത്തെ സംസ്ഥാന അവാർഡ് ആ സിനിമയ്ക്കാണ് കിട്ടിയത്. നാല് അവാർഡുകൾ ആ സിനിമയ്ക്ക് ലഭിച്ചു .സിനിമയ്ക്കും നടനും ഒക്കെ അവാർഡ് കിട്ടി.
ആ സിനിമയുടെ നിർമാതാവ് ആ സിനിമയ്ക്ക് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിരുന്നു. അദ്ദേഹം ആർക്കോ അതിന്റെ റൈറ്റ്സ് ഓൺലൈനിൽ കൊടുത്തതാണ്. അവർ അത് കഷ്ണം കഷ്ണം ആക്കി ചില ഭാഗങ്ങൾ ആക്കിയാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. അവിടെ പോലും സിനിമ കൃത്യമായി ഒരു പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞില്ല. നിങ്ങൾ ഒരു ഡേറ്റ് തരൂ എന്ന് പറഞ്ഞ് ഈ തിരക്കഥയുമായി പല താരങ്ങളെയും ഞാൻ സമീപിച്ചു. നിവേദ്യത്തിൽ അഭിനയിച്ച വില്ലനാണ് എന്നൊക്കെ പറഞ്ഞിട്ടാണ് ചിലരെ ഞാൻ സമീപിച്ചത്. ഞാനൊരു നടനാകാനും വില്ലനാകാനുമല്ല സിനിമയിൽ വന്നത്. ഉപജീവനമാർഗത്തിന് വേണ്ടി അഭിനയിച്ചു എന്ന് മാത്രമേയുള്ളൂ. പിന്നീടാണ് നമ്മൾ സുദേവിനെയും അമീറിനേയും വെച്ച് ചെയ്തത്, പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കുകയായിരുന്നു.
മൈ ലൈഫ് പാർട്ണർ എന്ന സിനിമയിൽ എല്ലാവരും നന്നായി അഭിനയിച്ചു. സുദേവിന് ഏറ്റവും മികച്ച നടൻ എന്നുള്ള അവാർഡ് ലഭിച്ചു. കൊച്ചു പ്രേമൻ ചേട്ടനെ രൂപാന്തരം ചെയ്ത് അഭിനയിപ്പിച്ച് ദേശീയ അവാർഡിന്റെ അവസാന റൗണ്ട് വരെ എത്തിപ്പിച്ചു. ഈ സിനിമയിൽ അഭിനയിച്ച ബാലതാരത്തിന് മറ്റൊരു സിനിമയിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് ലഭിച്ചു. വലിയ താരങ്ങൾ നമുക്ക് സ്പേസ് തന്നില്ലെങ്കിൽ പുതിയ താരങ്ങളെ സൃഷ്ടിച്ചെടുക്കാൻ അല്ലേ നമുക്ക് കഴിയൂ. എന്തായാലും ഇനിയും ഇതുപോലെയുള്ള വിഷയങ്ങൾ മലയാള സിനിമയിൽ വരട്ടെ. മമ്മൂട്ടി സാറിന്റെ പെർഫോർമൻസിനു ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ. അസാധ്യമായിട്ടാണ് അദ്ദേഹം ആ സിനിമ ചെയ്തത്. ഒരിക്കൽ കൂടി പറയുന്നു, നിങ്ങൾ പറ്റുമെങ്കിൽ ‘ മൈ ലൈഫ് പാർട്ണർ’ എന്ന സിനിമ കൂടി കാണണം. കണ്ടിട്ട് അഭിപ്രായം രേഖപ്പെടുത്തണം. എല്ലാവർക്കും നല്ലതു വരട്ടെ’, പദ്മകുമാർ പറഞ്ഞു.
2014-ൽ പുറത്തിറങ്ങിയ ‘മൈ ലൈഫ് പാർടണർ’ എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ സുദേവ് നായർക്ക് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു. സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ എം.ബി. പദ്മകുമാർ ആനചന്തം, രക്ഷകൻ, നിവേദ്യം, കുട്ടിസ്രാങ്ക് തുടങ്ങിയ നിരലധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net