‘ശേഷം കാഴ്ചയിൽ’ എന്ന സിനിമയിലെ ‘മോഹംകൊണ്ടു ഞാൻ’ എന്ന നിത്യഹരിത ഗാനത്തിന്റെ ദൃശ്യങ്ങളിൽ മേനകയ്ക്കൊപ്പം സ്യൂട്ടിട്ട ഒരു കുട്ടിയുണ്ട്; മാസ്റ്റർ സുജിത് എന്ന പേരിൽ പ്രശസ്തനായ ബാലതാരം. സിനിമയിലെ സുജിത് പിന്നീട് അഭിഭാഷകക്കുപ്പായമിട്ടപ്പോൾ അഡ്വ. ദിനേശ് മേനോനായി.
കോടതിയിലെ പ്രകടനത്തിനൊപ്പം ഒരുപാട് സിനിമകളിലെ വേഷങ്ങളുടെ ഓർമകൂടി ബാക്കിവെച്ചാണ് അദ്ദേഹം തിങ്കളാഴ്ച അപ്രതീക്ഷിതമായി ലോകത്തോട് യാത്ര പറഞ്ഞത്.
ഡോ. ബാലകൃഷ്ണന്റെ ‘മധുരം തിരുമധുരം’ എന്ന സിനിമയിലൂടെ 1976-ലാണ് മാസ്റ്റർ സുജിത്തിന്റെ അരങ്ങേറ്റം. പിന്നീട് പി.എൻ. സുന്ദരത്തിന്റെ അപരാധിയിലും എ. വിൻസെന്റിന്റെ ‘വയനാടൻ തമ്പാനി’ ലും അഭിനയിച്ചു. മോഹൻ സംവിധാനം ചെയ്ത ‘വാടകവീട്’ എന്ന ചിത്രമാണ് ഈ ബാലതാരത്തെ ശ്രദ്ധേയനാക്കിയത്. ഇതിലെ പ്രകടനം മികച്ച ബാലതാരത്തിനുള്ള 1979-ലെ സംസ്ഥാന അവാർഡ് നേടിക്കൊടുത്തു.
മാസ്റ്റർ സുജിത്തിന്റെ മുഖം മനസ്സിലെത്തിക്കുന്ന മറ്റൊരു ഗാനമാണ് എയർ ഹോസ്റ്റസിലെ ‘ഒന്നാനാം കുന്നിന്മേൽ കൂടുകൂട്ടും തത്തമ്മേ…’ മലയാളിയുടെ ഒരുപിടി പ്രിയപ്പെട്ട ഗാനങ്ങളിൽ പ്രത്യക്ഷപ്പെടാനായത് ഈ ബാലതാരത്തെ കൂടുതൽ പ്രിയങ്കരനാക്കി.
വിടപറയും മുമ്പേ, താറാവ്, ശേഷം കാഴ്ചയിൽ, പിരിയില്ല നാം തുടങ്ങി 17 ചിത്രങ്ങളിൽ അഭിനയിച്ച ശേഷമാണ് മാസ്റ്റർ സുജിത് അഡ്വ. ദിനേശ് മേനോനായി മാറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]