
ഹിന്ദി സിനിമാ പ്രേമികൾ ഒരിക്കലും മറക്കാനിടയില്ലാത്ത ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്ത ഭൂൽ ഭൂലയ്യ. മലയാളത്തിന്റെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയെത്തിയ ഭൂൽ ഭൂലയ്യയുടെ രണ്ടുഭാഗങ്ങളും മികച്ച വിജയം നേടിയിരുന്നു. ഭൂൽ ഭുലയ്യ 3 യിലെ പുതിയ ഗാനമായ അമി ജെ തോമർ 3.0 ന് ചുവടുകൾ വെക്കുന്ന മാധുരി ദീക്ഷിതിന്റെയും വിദ്യാ ബാലന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. നൃത്തം ചെയ്യുന്നതിനിടയിൽ ചുവടൊന്ന് തെറ്റി വിദ്യാ ബാലൻ വീഴുന്നുണ്ടെങ്കിലും മനോഹരമായി നൃത്തം പൂർത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
മുംബൈയിൽ നടന്ന ഒരു പരിപാടിയിലായിരുന്നു സംഭവം. മാധുരി ദീക്ഷിതും വിദ്യാ ബാലനും അമി ജെ തോമർ ഗാനത്തിന് ചുവടുകൾ വെക്കുമ്പോഴായിരുന്നു സംഭവം. മനോഹരമായി നൃത്തം ചെയ്യുന്നതിനിടയിൽ വിദ്യയുടെ ചുവടുകൾ പിഴച്ചു. വേദിയിലേക്ക് വീണെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ വിദ്യ നൃത്തം തുടരുകയും കാണികളുടെ കയ്യടി നേടുകയും ചെയ്തു. നൃത്തം തുടരുന്നതിന് വിദ്യയെ മാധുരിയും സഹായിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
നിരവധി പേരാണ് താരത്തിന് അഭിനന്ദനമറിയിച്ചുകൊണ്ട് പോസ്റ്റിന് കമന്റിട്ടിട്ടുള്ളത്. ഏക് ദോ തീൻ എന്ന ഹിറ്റ് ട്രാക്ക് കണ്ടത് മുതൽ മാധുരിക്കൊപ്പം ഡാൻസ് ചെയ്യാൻ താൻ ആഗ്രഹിച്ചിരുന്നതായും തൻ്റെ സ്വപ്നങ്ങളിലൊന്ന് യാഥാർത്ഥ്യമായതായും വിദ്യയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ‘ഞാൻ വീണു, പക്ഷേ അവർ കൈകാര്യം ചെയ്ത രീതി… അവർ മാധുരി ദീക്ഷിത് ആണ്’ വിദ്യ അതീവ സന്തോഷത്തോടെ പ്രതികരിച്ചു.
ഭൂൽ ഭൂലയ്യയുടെ രണ്ടാംഭാഗമൊരുക്കിയ അനീസ് ബസ്മിയാണ് മൂന്നാംഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. നവംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]