
ഗാനഗന്ധർവൻ യേശുദാസിന്റെ സഹപാഠിയായിരുന്നു തോപ്പുംപടിക്കാരൻ എൻ.എക്സ്. ജോസഫ്. വർഷങ്ങളോളം ഒരേ ക്ലാസിൽ പഠിച്ചെന്നു മാത്രമല്ല, ഇപ്പോഴും ഊഷ്മളമായി തന്നെ ആ ബന്ധം കാത്തുസൂക്ഷിക്കുന്നയാൾ; ‘എടാ ദാസാ’ എന്ന് നേരിട്ടുവിളിക്കാൻ സ്വാതന്ത്ര്യമുള്ള, പതിവായി അങ്ങനെ വിളിക്കുന്ന അപൂർവം പേരിലൊരാൾ.
യേശുദാസിന്റെ ബാല്യകാല കഥകൾ അദ്ദേഹം ഇടയ്ക്കിടെ പറയും. സ്കൂളിൽ പഠിക്കുന്ന കാലത്തെയും പിന്നീട് പാടാനായി ചെന്നൈയിലേക്കു പോയ കാലത്തുമെല്ലാമുണ്ടായ അനുഭവ കഥകളാണതൊക്കെ. ചെന്നൈയിൽ കുറച്ചുകാലം ജോസഫ്, യേശുദാസിനൊപ്പം താമസിച്ചിട്ടുമുണ്ട്. ഗാനഗന്ധർവൻ നാട്ടിൽ വരുമ്പോഴൊക്കെ നിഴൽ പോലെ ജോസഫ് പിന്നാലെയുണ്ടാകും.
മുൻപൊക്കെ യേശുദാസ് ഉൾപ്പെടുന്ന പഴയ സെയ്ന്റ് സെബാസ്റ്റ്യൻസ് സ്കൂൾ സംഘം ഇടയ്ക്കിടെ കൂടുമായിരുന്നു. യേശുദാസ് അമേരിക്കയിൽ തന്നെ തുടരുന്നതിനാൽ ആ സംഘം ഇപ്പോൾ സംഗമിക്കുന്നില്ല. യേശുദാസ് അമേരിക്കയിലാണെങ്കിലും, നാട്ടിലെ പ്രധാന സംഭവങ്ങളെല്ലാം ജോസഫ് അദ്ദേഹത്തെ വിളിച്ചറിയിക്കും.
എൻ.എക്സ്. ജോസഫ്.
തോപ്പുംപടിയിലെ പഴയ സഹപാഠികളുടെ കാര്യങ്ങളൊക്കെ ഇക്കൂട്ടത്തിൽ യേശുദാസ് ചോദിക്കും. എല്ലാ വിവരങ്ങളും കൃത്യമായി ജോസഫ് കൂട്ടുകാരനെ അറിയിച്ചുകൊണ്ടിരുന്നു. യേശുദാസുമായി ബന്ധപ്പെട്ട കഥകളെല്ലാം ചേർത്തു വെച്ച് ജോസഫ് ഒടുവിൽ ഒരു പുസ്തകത്തിനുള്ള കുറിപ്പുകൾ തയ്യാറാക്കി. കുട്ടിക്കാലത്തെ കുസൃതികൾ മാത്രമല്ല, യേശുദാസ് നല്ല ഗായകനായി മാറിയ ശേഷമുണ്ടായ അനുഭവങ്ങളുമൊക്കെ കുറിപ്പുകളാക്കി.
ഒരു വിമാനാപകടത്തിൽനിന്ന് ഭാഗ്യംകൊണ്ടുമാത്രം യേശുദാസ് രക്ഷപ്പെട്ട സംഭവവും മറ്റൊരു സന്ദർഭത്തിൽ അറിയാതൊരു കേസിൽ യേശുദാസ് പ്രതിയായ കഥകളുമൊക്കെ ചേർത്താണ് കുറിപ്പ് തയ്യാറാക്കിയത്. മധുരമുള്ള ആ അനുഭവ കഥകളൊക്കെ ചേർത്ത് ഒരു പുസ്തകം തയ്യാറാക്കാൻ പലരും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒടുവിൽ ഈ കുറിപ്പുകളെല്ലാം ചേർത്ത് ഒരു പുസ്തകം ഒരുക്കുന്നതിന് പത്രപ്രവർത്തകനായ വി.എൻ. പ്രസന്നനെ ജോസഫ് ഏല്പിച്ചു.
പ്രസന്നൻ അതൊരു പുസ്തകമായി രൂപപ്പെടുത്തി. രണ്ടാഴ്ച മുൻപ് അത് ജോസഫ് ഒന്നുകൂടി വായിച്ചു, തിരുത്തലുകൾ നടത്തി. പുസ്തകം യേശുദാസിനെ കാണിക്കണമെന്ന മോഹത്തോടെ, കാത്തിരിക്കുമ്പോഴാണ് വിധി തകിടം മറിഞ്ഞത്. ഓർത്തിരിക്കാതെ അസുഖബാധിതനായ ജോസഫ് കഴിഞ്ഞ ദിവസം ലോകത്തോട് യാത്ര പറയുകയായിരുന്നു.
അപ്രതീക്ഷിതമായിരുന്നു ആ മരണം. പുസ്തകം തയ്യാറാക്കിയ കാര്യം ജോസഫ്, യേശുദാസിനെ അറിയിച്ചിരുന്നു. പുസ്തകത്തെക്കുറിച്ച് ജോസഫ് വീട്ടുകാരോടും പറഞ്ഞു. എന്നാൽ, അത് വെളിച്ചം കാണാൻ അദ്ദേഹം കാത്തുനിന്നില്ല. കുട്ടിക്കാലത്തെ യേശുദാസിനെ ഓർത്തെടുക്കുന്ന ആ കുറിപ്പുകൾ വേദനയുള്ള ഓർമകളായി ഇനി അവശേഷിക്കും. ജോസഫിന്റെ പുസ്തകം യേശുദാസിന്റെ കൈയിലെത്തിക്കാനുള്ള ശ്രമത്തിലാണ് പുസ്തകത്തിന് രൂപം കൊടുത്തവർ. അതിന് പഴയ കൂട്ടുകാരുടെ സഹായവും തേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]