
55-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ 25 ഫീച്ചർ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹിന്ദി, മറാത്തി ഭാഷകളിൽ റിലീസ് ചെയ്ത രൺദീപ് ഹൂഡ സംവിധാനം ചെയ്ത ‘സ്വാതന്ത്ര്യ വീർ സവർക്കർ’ ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രം. നവംബർ 20 മുതൽ 28 വരെയാണ് ചലച്ചിത്രമേള.
വി ഡി സവർക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ സിനിമയാണ് സ്വതന്ത്ര വീർ സവർക്കർ. രൺദീപ് ഹൂഡ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയും അവതരിപ്പിച്ചത്. മഹേഷ് മഞ്ജരേക്കറും റിഷി വിമാനിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. സവർക്കറുടെ 138-ാം ജന്മവാർഷിക ദിനത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം നടന്നത്. 2024 മാർച്ച് 22 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. എന്നാൽ സിനിമ ശ്രദ്ധനേടിയില്ല.
മഹേഷ് മഞ്ജരേക്കറായിരുന്നു തുടക്കത്തിൽ ചിത്രത്തിന്റെ സംവിധായകൻ. എന്നാൽ ചരിത്രത്തിലില്ലാത്തത് സിനിമയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് രൺദീപ് ഹൂഡയും മഹേഷ് മഞ്ജരേക്കറും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായി.
തുടക്കത്തിൽ വളരെ ആത്മാർത്ഥമായാണ് രൺദീപ് ചിത്രത്തെ സമീപിച്ചിരുന്നത്. ഇതിനായി സ്വാതന്ത്ര്യസമരത്തേക്കുറിച്ചും ലോകമഹായുദ്ധങ്ങളേക്കുറിച്ചുമുള്ള പുസ്തകങ്ങൾ വായിച്ചു. അതുവളരെ നന്നായിത്തന്നെ തോന്നി. തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റിൽ ചില പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതിന് യാതൊരു പ്രശ്നവുമില്ല. തിരക്കഥയിൽ മാറ്റം വരുത്തി രണ്ടാമത്തെ ഡ്രാഫ്റ്റ് കാണിച്ചപ്പോഴും വീണ്ടും പ്രശ്നങ്ങൾ പറഞ്ഞു. തിരക്കഥ ശരിയായാൽ വേറൊന്നും താൻ അന്വേഷിക്കില്ലെന്നും രൺദീപ് ഉറപ്പുനൽകിയിരുന്നു. പക്ഷേ അദ്ദേഹം പ്രശ്നങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നെന്നും മഹേഷ് മഞ്ജരേക്കർ വിവാദത്തെ തുടർന്ന് പറഞ്ഞു.
അതേ സമയം ഇന്ത്യൻ പനോരമ ഫീച്ചർ വിഭാഗത്തിൽ കന്നഡ, തമിഴ്, ബംഗാളി, മറാത്തി, അസമീസ്, ഗുജറാത്തി ഭാഷകളിൽനിന്ന് ഓരോ ചിത്രം വീതവും മലയാളം, തെലുഗു ഭാഷകളിൽ നിന്ന് രണ്ട് വീതവും ഹിന്ദിയിൽനിന്ന് മൂന്ന് ചിത്രങ്ങളും ഇടം നേടി. മലയാളത്തിൽനിന്ന് ‘ആടുജീവിതവും’ ‘മഞ്ഞുമ്മൽ ബോയ്സും’ തിരഞ്ഞെടുക്കപ്പെട്ടു. ഹിന്ദിയിൽനിന്ന് ‘ആർട്ടിക്കിൾ 370’, ‘ശ്രീകാന്ത്’, ‘12ത് ഫെയിൽ’ എന്നീ ചിത്രങ്ങൾ ആണ് ഫീച്ചർ വിഭാഗത്തിൽ പ്രദർശിപ്പിക്കുക. കൊങ്കണി ഭാഷയിൽനിന്ന് ‘സാവത്ത്’ എന്ന ഗോവൻ ചിത്രവും തിരഞ്ഞെടുക്കപ്പെട്ടു.
ലഡാക്കി ചിത്രമായ ‘ഘർ ജൈസ കുച്ച്’ ആണ് പനോരമ നോൺ ഫീച്ചർ വിഭാഗത്തിലെ ഓപ്പണിങ് ചിത്രം. ഗൂഗിൾ മാട്രിമോണി എന്ന ഇംഗ്ളീഷ് ചിത്രവും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. മൊത്തം 262 ചിത്രങ്ങളാണ് നോൺ ഫീച്ചർ വിഭാഗത്തിൽ ജൂറിയുടെ പരിഗണനയ്ക്ക് വന്നത്. ഡോക്യുമെന്ററി സംവിധായാകനായ സുബ്ബയ്യ നല്ലമുത്തുവാണ് നോൺ ഫീച്ചർ ജൂറി ചെയർമാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]