
തമിഴ് സൂപ്പർതാരം വിജയ് നായകനായ ലിയോ ബോക്സോഫീസ് തേരോട്ടം തുടരുന്നു. ഈ മാസം 19-ന് റിലീസായ ചിത്രം വിജയദശമി ദിനത്തിൽ ഇന്ത്യയിൽ നിന്നുമാത്രം 30 കോടി രൂപയാണ് സ്വന്തമാക്കിയത്. ചിത്രം ആഗോളതലത്തിൽ ആറുദിവസം കൊണ്ട് അഞ്ഞൂറ് കോടി ക്ലബിൽ കയറിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കിയിരിക്കുന്നത്.
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേതുതന്നെയാണ്. 2023-ലെ ഏറ്റവും ഉയർന്ന ബോക്സോഫീസ് പ്രതീക്ഷയുണർത്തിയ ചിത്രംകൂടിയായിരുന്നു ഇത്. നൂറ്റി നാല്പത്തഞ്ച് കോടിയോളം രൂപയാണ് ചിത്രം ആദ്യദിനം സ്വന്തമാക്കിയത്. ആഗോളതലത്തിൽ ചിത്രം ഇതുവരെ 506.4 കോടി രൂപ കളക്റ്റ് ചെയ്തെന്നാണ് വിവിധ ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കിയത്.
അതേസമയം തിങ്കളാഴ്ചത്തെ അപേക്ഷിച്ച് വിജയദശമി ദിനത്തിൽ ചിത്രത്തിന്റെ കളക്ഷനിൽ നേരിയ ഇടിവുവന്നിട്ടുണ്ട്. 23-ാം തീയതി 31.50 കോടിയാണ് ലിയോ ഇന്ത്യയിൽ നിന്ന് നേടിയതെങ്കിൽ 24-ാം തീയതി ഇത് 30 കോടി രൂപയായി. ഇന്ത്യയിൽ നിന്നും ചിത്രം ഇതുവരെ വാരിക്കൂട്ടിയത് 248.60 കോടിയാണ്.
മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ലോകേഷും വിജയിയും ഒന്നിച്ച ആക്ഷൻ ചിത്രമാണ് ലിയോ. ലോകേഷ് കനഗരാജ് സിനിമാറ്റിക് യൂണിവേഴ്സിലേക്കുള്ള വിജയ് യുടെ പ്രവേശനം കൂടിയാണ് ലിയോ. മലയാളി താരം മാത്യു തോമസ്, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, മൻസൂർ അലി ഖാൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തിയത്. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]