വ്യത്യസ്തമായ പ്രമേയങ്ങൾ സിനിമയാക്കുന്നതിൽ പേരുകേട്ട ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചിത്തിനി. അദ്ദേഹത്തിന്റെ തന്നെ മുൻ ചിത്രമായ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ നായികാവേഷം ചെയ്ത് ശ്രദ്ധേയയായ ബംഗാളി നടി മോക്ഷ തന്നെയാണ് ചിത്തിനിയിലും നായികയായി എത്തുന്നത്. ആക്ഷൻ ഹൊറർ ത്രില്ലർ എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിലെ പാട്ടുകൾക്കും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. വളരെയധികം തയ്യാറെടുപ്പുകൾക്ക് ശേഷം ചിത്രീകരിച്ച ചിത്രമാണ് ചിത്തിനിയെന്ന് പറയുകയാണ് മോക്ഷ. ചിത്തിനിയുടെ വിശേഷങ്ങൾ മോക്ഷ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
മലയാള സിനിമയിലേക്കുള്ള വരവ്
മലയാള സിനിമയിലെ എന്റെ യാത്ര ആരംഭിക്കുന്നത് കള്ളനും ഭഗവതിയും എന്ന സിനിമയോടുകൂടിയാണ്. ഓഡിഷനിലൂടെയാണ് കള്ളനും ഭഗവതിയും എന്ന ചിത്രത്തിലേക്ക് ഞാൻ എത്തുന്നത്. കള്ളനും ഭഗവതിയും കഴിഞ്ഞതോടെയാണ് എന്നെവെച്ച് വീണ്ടും ഒരു സിനിമ ചെയ്യാൻ സംവിധായകന് കൂടുതൽ ആത്മവിശ്വാസം ഉണ്ടായതെന്ന് എനിക്ക് തോന്നുന്നു. അന്ന് പക്ഷെ ചിത്തിനി എന്ന സിനിമയെ കുറിച്ച് ആലോചന ഉണ്ടായിരുന്നില്ല.
കള്ളനും ഭഗവതിയും എന്ന ചിത്രത്തില് മോക്ഷ | ഫോട്ടോ: സ്ക്രീൻഗ്രാബ്
കള്ളനും ഭഗവതിയും റിലീസായി കുറച്ച് മാസങ്ങൾക്ക് ശേഷമാണ് വിജയൻ സർ ചിത്തിനി എന്ന ചിത്രത്തെ കുറിച്ച് എന്നോട് പറഞ്ഞത്. സിനിമയുടെ സിനോപ്സിസ് വായിച്ചപ്പോൾ മികച്ച പെർഫോമൻസ് പുറത്തെടുക്കാൻ സാധിക്കുന്ന വേഷമാണെന്ന് എനിക്ക് മനസിലായി. സർ എല്ലാ കഥാപാത്രങ്ങളേയും വളരെ ആഴത്തിലാണ് എഴുതിയിരിക്കുന്നത്. അത്രയേറെ ശക്തമായതുമാണ് ഓരോ കഥാപാത്രവും. അതുകൊണ്ടു തന്നെയാണ് ഈ സിനിമ ചെയ്യണമെന്ന് ഞാൻ തീരുമാനിക്കാൻ കാരണം.
മലയാള സിനിമയുടെ ഏറ്റവും മികച്ച സമയമാണ് ഈ വർഷം. അത് ഒരു നടി എന്ന നിലയിൽ എന്റെ വളർച്ചയ്ക്കും വലിയ പ്രതീക്ഷയാണ്. ഒരു പെർഫോമർ എന്ന നിലയിൽ ഞാൻ മെച്ചപ്പെടുകയും വളരുകയും ചെയ്യുന്നുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളം സിനിമയിൽ ഇത്രയും നല്ല അവസരങ്ങൾ ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
ചിത്തിനിയിലെ കഥാപാത്രം
സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ച് ഇപ്പോൾ കൂടുതൽ പറയാൻ കഴിയില്ല. പക്ഷേ കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ ഞാൻ വളരെ ശാന്തയും സമാധാനപ്രിയയുമൊക്കയായ ഒരു ദേവി കഥാപാത്രമായിരുന്നു. എന്നാൽ ഈ സിനിമയിൽ അതിന് നേരെ വിപരീതമായിട്ടുള്ള കഥാപാത്രമാണ് ഞാൻ ചെയ്യുന്നത്. കോളേജിൽ പോകുന്ന ഒരു പെൺകുട്ടിയാണ് ഇതിലെ എന്റെ കഥാപാത്രം. ട്രെയിലറിൽ കാണുന്നതുപോലെ തന്നെ ഈ പെൺകുട്ടി വിവാഹം കഴിക്കുന്നതും അതിനുശേഷം നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്തിനിയില് മോക്ഷ | ഫോട്ടോ: സ്ക്രീൻഗ്രാബ്
ഭാഷ മാത്രമായിരുന്നില്ല വെല്ലുവിളി
ചിത്തിനിക്ക് വേണ്ടി 4 മാസത്തെ തയ്യാറെടുപ്പ് വേണ്ടിവന്നു. ഭാഷ പഠിക്കുന്നത് മാത്രമായിരുന്നില്ല വെല്ലുവിളി. ഫൈറ്റുൾപ്പടെ ശാരീരികമായി വെല്ലുവിളി ഉയർത്തുന്ന പല സീക്വൻസുകളും സിനിമയിലുണ്ടായിരുന്നു. എനിക്ക് സിനിമയിൽ ഒരുപാട് ഡയലോഗുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ നിരവധി വർക്ക്ഷോപ്പുകൾ നടത്തി. വിജയൻ സർ ഡയലോഗ് മോഡുലേഷന്റെ കാര്യത്തിലും ഉച്ചാരണശൈലിയും കണിശക്കാരനായിരുന്നു.
സ്കൂൾ അധ്യാപികയിൽ നിന്ന് നായിക നടിയിലേക്ക്
ഞാൻ ഒരു ക്ലാസിക്കൽ നർത്തകിയായിരുന്നു. കൂടാതെ സൈക്കോളജിയും പഠിച്ചിട്ടുണ്ട്. സിനിമയിലെത്തുന്നതിന് മുൻപ് ബാരാക്ക്പൂരിലെ സെന്റ് ഓഗസ്റ്റിൻ ഡേ സ്കൂളിൽ അധ്യാപികയായിരുന്നു. അതിനിടെയാണ് ഒരു ബംഗാളി ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. എന്റെ കരിയർ ആരംഭിച്ചത് ബംഗാളി സിനിമയിലാണ്. പിന്നീട് സിനിമയും സീരീസുകളും ഉൾപ്പടെ നിരവധി പ്രോജക്ടുകളിൽ വർക്ക് ചെയ്യാൻ അവസരം ലഭിച്ചു. അങ്ങനെയിരിക്കെയാണ് കർമ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തത്. ഒരു പെർഫോമൻസ് ഓറിയന്റഡ് റോൾ ആയിരുന്നു അത്. ആ വേഷം ഇന്ത്യലുടനീളം ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം സൗത്ത് ഇന്ത്യൻ സിനിമകളിലും പ്രവർത്തിക്കാൻ അവസരങ്ങൾ ലഭിച്ചു. അഭിനയത്തിൽ മാധുരി ദീക്ഷിത്, മഞ്ജു വാര്യർ, ശോഭന എന്നിവരാണ് എന്റെ റോൾമോഡൽസ്. വിദ്യാ ബാലനെയും ഒരുപാട് ഇഷ്ടമാണ്.
തെന്നിന്ത്യൻ സിനിമയിലേക്ക്…
തെന്നിന്ത്യൻ സിനിമയിൽ ഞാൻ തുടങ്ങുന്നത് തമിഴ് സിനിമയിലാണ്. എന്നാൽ ആ സിനിമ പുറത്തിറങ്ങിയിട്ടില്ല. അതിനുശേഷം ഒരു തെലുങ്ക് സിനിമയിൽ അഭിനയിച്ചു. അതിനിടെ സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയൻ എന്റെ ഡാൻസ് വീഡിയോകളും റീലുകളും ഒക്കെ കാണുന്നത്. അങ്ങനെയാണ് കള്ളനും ഭഗവതിയും എന്ന ചിത്രത്തിലേക്ക് വിളി വരുന്നത്. അങ്ങനെയാണ് ഞാൻ മലയാളത്തിലേക്ക് എത്തുന്നത്.
കള്ളനും ഭഗവതിയും എന്ന ചിത്രത്തിൽ മോക്ഷ | ഫോട്ടോ: സ്ക്രീൻഗ്രാബ്
ചിത്തിനിയിലെ നൃത്തരംഗം
ക്ലാസിക്കൽ ഡാൻസ് സീനുകൾക്കായി വളരെ കഠിനമായ പരിശീലനമാണ് നടത്തിയത്. പാലക്കാട് 52 ദിവസം തുടർച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നു. കലാ മാസ്റ്ററായിരുന്നു കൊറിയോഗ്രാഫി. പിന്നീട് ഡാൻസിന്റെ വീഡിയോ കണ്ടപ്പോ ശരിക്കും സന്തോഷം തോന്നി. നിരവധി ഫെെറ്റ് സീനുകളും ചിത്രത്തിലുണ്ട്. അതുകൊണ്ട് തന്നെ കുറച്ചുനാൾ കളരിപ്പയറ്റും അഭ്യസിച്ചിരുന്നു.
ചിത്തിനിയിലെ നൃത്തരംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
സീനിയർ താരങ്ങൾക്കൊപ്പം
സീനിയർ താരങ്ങളായ സുധീഷ് സാറിനും മറ്റുള്ളവർക്കുമൊപ്പമുള്ള അനുഭവം വലിയൊരു പാഠമായിരുന്നു. ആദ്യം ആശങ്കയുണ്ടായിരുന്നു. പക്ഷേ അവർ എനിക്ക് നല്ല സപ്പോർട്ട് നൽകി. അത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. എങ്ങനെയാണ് ജൂനിയേഴ്സിനെ പ്രോത്സാഹിപ്പിക്കേണ്ടതെന്ന് അവർ കാണിച്ചുതന്നു.
വിചിത്രമായ അനുഭവം
ഷൂട്ടിങ്ങിന്റെ അവസാന ആഴ്ചയിൽ എനിക്ക് വിചിത്രമായ ചില അനുഭവങ്ങൾ ഉണ്ടായിരുന്നു. ഒരു വലിയ ബംഗ്ലാവിലായിരുന്നു ഷൂട്ട്. ക്രൂവിൽ വർക്ക് ചെയ്തിരുന്നവരിൽ പലർക്കും അത്തരം തോന്നലുകളുണ്ടായി എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. പിന്നീട് ചില പൂജകളൊക്കെ അവിടെ നടത്തിയെന്ന് അറിയാൻ കഴിഞ്ഞു.
ചിത്തിനിയിലെ രംഗം | ഫോട്ടോ: സ്ക്രീൻഗ്രാബ്
ചിത്തിനി ഒരു പാരാനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ഫാമിലി ത്രില്ലർ എന്ന് പറയാനാണ് എനിക്ക് ഇഷ്ടം. ചിത്രത്തിൽ സ്ഥിരം ഹൊറർ സിനിമ ചേരുവകളോ ഭീതിപ്പെടുത്തുന്ന ജമ്പ് സ്കെയർ സീനുകളോ ഇല്ല. നീതിയെ ചുറ്റിപ്പറ്റിയാണ് ഇതിന്റെ കഥ പുരോഗമിക്കുന്നത്. കഥാപാത്രങ്ങൾ നീതിക്ക് വേണ്ടി പോരാടുന്നതാണ് ഇതിവൃത്തം. ഇതിനിടയിൽ തന്നെ അമാനുഷികമായ പല കാര്യങ്ങളും വന്നുപോകുന്നു എന്ന് മാത്രമേയുള്ളു.
In Short | ‘Chithini’ is the latest film directed by East Coast Vijayan, starring Bengali actress Moksha, known for her role in Kallanum Bhagavathiyum. This action horror thriller has received positive feedback for its songs and trailer.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]