![](https://newskerala.net/wp-content/uploads/2024/09/ajith-1024x576.jpg)
ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട ആൻ്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത്ത് മാമ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് ‘കൊണ്ടൽ’. കടലിന് നടുവിൽ സാഹസികമായി ചിത്രീകരിച്ച സിനിമയിൽ കന്നഡ താരം രാജ് ബി ഷെട്ടിയുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. അപകടകരവും പ്രയാസമേറിയതുമായിരുന്നു സിനിമയുടെ ചിത്രീകരണമെന്ന് പറയുകയാണ് സംവിധായകൻ. നിരവധി പരസ്യചിത്രങ്ങൾ ഒരുക്കിയ അജിത്ത് സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്. ‘കൊണ്ടൽ’ എന്ന ചിത്രത്തിൻ്റെ വിശേഷങ്ങൾ അജിത്ത് മാമ്പള്ളി മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
70 ഓളം നിർമാതാക്കളെ കണ്ടു, കടലിലെ സിനിമയാണ് ‘കൊണ്ടൽ’
ആദ്യം ഞാൻ വേറെയൊരു സിനിമ ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. തിരക്കഥ പൂർത്തിയാക്കി നിർമാതാക്കളുമായി ചർച്ച നടത്തുകയായിരുന്നു. കേരളത്തിന് പുറത്ത് ഒക്കെ ലൊക്കേഷനുകളുള്ള ചിത്രമായിരുന്നു അത്. ആ സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെട്ടത്. എല്ലാം അനിശ്ചിതത്തിലായ അവസ്ഥയായിരുന്നു അത്. ആ സാഹചര്യത്തിൽ ചെയ്യാനാകുന്ന ഒരു ചിത്രം ആലോചിച്ചു. കുറച്ച് ആളുകളെ വെച്ച്, ചെറിയൊരു സ്ഥലത്ത് ചെയ്യാനാകുന്ന സിനിമ ചെയ്യാമെന്ന് കരുതി. അങ്ങനെയാണ് ‘കൊണ്ടൽ’ തുടങ്ങുന്നത്.
ചിത്രത്തിന്റെ ആദ്യ ഡ്രാഫ്റ്റിൽ ബോട്ടിൽ തുടങ്ങി ബോട്ടിൽ അവസാനിക്കുന്നൊരു സിനിമയായിരുന്നു ഇത്. 70 ഓളം നിർമാതാക്കളെ ഞാൻ ഈ കഥയുമായി ചെന്ന് കണ്ടു. നമ്മുടെ കൊമേഴ്ഷ്യൽ ഓഡിയൻസിന് ഇത്തരമൊരു കഥ വർക്ക് ആകില്ലെന്നായിരുന്നു ഭൂരിഭാഗം നിർമാതാക്കളും അറിയിച്ചത്. തിരക്കഥ മിക്കവർക്കും ഇഷ്ടമായി, പക്ഷേ എങ്ങനെ ഇത് നടത്തിയെടുക്കും എന്നായിരുന്നു ഇവരുടെ ആശങ്ക. ഞാൻ ഒരു നവാഗത സംവിധായകൻ കൂടിയാണല്ലോ. തമിഴ് നിർമാതാക്കളേയും ഞാൻ കണ്ടിരുന്നു.
സോഫിയ മാഡത്തിൻ്റെ വീക്കെന്റ് ബോക്ബസ്റ്റേഴ്സിൻ്റെ അടുത്ത് എത്തുന്നതോടെയാണ് ‘കൊണ്ടൽ’ സിനിമയാകുന്നത്. അവർ ധെെര്യത്തോടെ മുന്നോട്ട് വന്നു, കഥയിൽ അവർക്ക് വിശ്വാസമുണ്ടായിരുന്നു. ഇവർ വന്നതോടെ സിനിമയിൽ രസകരമായ ഒരുപാട് മാറ്റങ്ങൾ വന്നു. തമിഴിലും മലയാളത്തിലും ഒരുപോലെ ചെയ്യാൻ ഒക്കെ പദ്ധതിയുണ്ടായിരുന്നു. പോസിറ്റീവ് ആയ ഒരുപാട് നിർദ്ദേശങ്ങൾ സ്വീകരിച്ചു. കരയിൽ കുറച്ച് ഭാഗം വന്നു, ഗാനങ്ങൾ ചേർത്തു. ഒരു കോമേഴ്ഷ്യൽ സിനിമയാകുമ്പോൾ ഭൂരിഭാഗം പ്രേക്ഷകരെ പരിഗണിക്കണമല്ലോ. കഥയോട് ചേർന്ന് നിൽക്കുന്ന കാര്യങ്ങൾ ചേർത്തിട്ടുള്ളൂ. നായകന്റെ ക്യാരക്ടർ ഡീറ്റെയിലിങ്ങിന് ഈ ഭാഗങ്ങൾ സഹായിച്ചു. കടലിലാണ് ശരിക്കും കഥ ആരംഭിക്കുന്നത്. അതുകൊണ്ടാണ് ചിത്രത്തിൻ്റെ ടെെറ്റിലും അങ്ങനെ നൽകിയത്.
രാമേശ്വരത്തെ ചിത്രീകരണം മുടക്കിയ മഴ, മൂന്ന് മണിക്കൂർ ദിവസേന കടൽ യാത്ര
കടലിലെ ചിത്രീകരണം നല്ല റിസ്ക് ആയിരുന്നു. ഒരുപാട് റിസേർച്ച് ഒക്കെ നടത്തിയിരുന്നു. കേരളത്തിൽ കടൽപ്പാലം ഉള്ള സ്ഥലം നോക്കി കരയോട് അടുത്ത് ബോട്ട് ഇട്ട് ചിത്രീകരണം നടത്താനായിരുന്നു പദ്ധതി. പക്ഷേ യോജിച്ച സ്ഥലം കണ്ടെത്താൻ സാധിച്ചില്ല. കണ്ണൂരിൽ പയ്യന്നൂർ പാലം ഉണ്ടായിരുന്നെങ്കിലും അപകടകരമായ അവസ്ഥയിലായിരുന്നതിനാൽ ചിത്രീകരണം സാധ്യമല്ലായിരുന്നു.
പിന്നീട് രാമേശ്വരത്തെ കുന്ദുക്കൽ ഹാർബറിൽ ചെയ്യാമെന്ന് തീരുമാനിച്ചു. ഇവിടെ ബോട്ട് കടലിൽ ഇട്ടിട്ട് കരയിൽ നിന്ന് ഷൂട്ട് ചെയ്യാനാകും. ബോട്ട് കരയോട് അത്രത്തോളം അടുപ്പിച്ചിടാൻ സാധിക്കും. നമ്മുടെ സൗകര്യത്തിന് ഷൂട്ട് ചെയ്യാമായിരുന്നു. മൂന്ന് ദിവസം ചിത്രീകരണം നടന്നപ്പോഴേക്കും ശക്തമായ മഴ തുടങ്ങി. എല്ലാവരും ആശങ്കയിലായി. ചിത്രീകരണം തുടരാനാകില്ലെന്ന അവസ്ഥയായി. ആ കടൽ നല്ല രസമായിരുന്നു, ചിത്രീകരണം വേഗത്തിൽ നടക്കുമായിരുന്നു. പിന്നെയാണ് കൊല്ലത്ത് എത്തിയത്. കരയിൽ നിന്ന് ചിത്രീകരിക്കാൻ അവിടെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.
ദിവസവും രാവിലെ ഒരുമണിക്കൂറോളം യാത്ര ചെയ്ത് കടലിന് ഉള്ളിലേയ്ക്ക് പോകും. കുറച്ച് ചിത്രീകരണത്തിന് ശേഷം ഉച്ചഭക്ഷണത്തിനായി കരയിലെത്തും. പിന്നെ വീണ്ടും ചിത്രീകരണത്തിനായി യാത്ര ചെയ്യും. ഇങ്ങനെ ദിവസവും മൂന്ന് മണിക്കൂറോളം യാത്രയ്ക്കായി മാത്രം നഷ്ടമായി. ഇത് ഒരുപാട് പ്രയാസമുണ്ടാക്കിയ ഒന്നാണ്. കഴിഞ്ഞ വർഷമായിരുന്നു ചിത്രീകരണം.
കടലിൽ മഴ പെയ്യിക്കാനുള്ള ശ്രമം, സാഹസികത നിറഞ്ഞ ചിത്രീകരണം
ഒരു ബോട്ടിൽ തന്നെയാണ് സിനിമ ചിത്രീകരിച്ചത്. 80-തിലധികംപേരടങ്ങിയ ക്രൂ ഒപ്പമുണ്ടായിരുന്നു. 120 അടി നീളവും 21 അടി വീതിയുമുള്ള ബോട്ടായിരുന്നു അത്. രണ്ട് ബോട്ടിൽ നിന്നുകൊണ്ട് ചിത്രീകരണം എന്ന ആശയം പ്രാവർത്തികമാക്കാൻ പ്രയാസമാണ്. ഒരുപാട് അപകടസാധ്യതയുമുണ്ട് അതിന്. അങ്ങനെ ചെയ്യാൻ ശ്രമിച്ചിട്ടേയില്ല. ക്ലെെമാക്സിൽ സംഘട്ടനരംഗത്തിനിടെ വേറെ ബോട്ടുകൾ കൊണ്ടുവന്നിട്ട് നടുക്കടലിൽ മഴ പെയ്യിക്കാൻ ശ്രമിച്ചിരുന്നു. രണ്ട് ബോട്ടുകൾ അപ്പുറത്തും ഇപ്പുറത്തും നിർത്തിയിട്ട് മഴ പെയ്യിച്ച് ഷൂട്ട് ചെയ്യാൻ ശ്രമിച്ചു. ട്രയൽ നോക്കിയശേഷം പ്രാവർത്തികമല്ലെന്ന് മനസ്സിലായതോടെ ആ ശ്രമം ഉപേക്ഷിച്ചു.
സംവിധായകൻ അജിത്ത് തൻ്റെ ക്രൂവിനൊപ്പം
രാത്രിയിൽ കടൽ സീനുകൾ ചിത്രീകരിച്ചിരിക്കുന്ന ചില സിനിമകൾ ശ്രദ്ധിച്ചാൽ അതിന് ഡെപ്ത്ത് ഇല്ലെന്ന് നമുക്ക് മനസ്സിലാകും. കാരണം വേറൊന്നും ചെയ്യാനില്ല, ലെെറ്റിങ് കടലിൽ നടക്കില്ലല്ലോ. നമ്മുടെ സിനിമയുടെ 75 ശതമാനവും കടലിലാണ് നടക്കുന്നത്. ഡെപ്ത്ത് ഇല്ലെങ്കിൽ ആളുകൾക്ക് മടുപ്പുണ്ടാകും. കഥാപാത്രങ്ങൾ ഇരിക്കുന്ന ഭാഗം ഒഴികെ ബാക്കിയൊക്കെ ഇരുട്ടായിരിക്കും. എഴുതുന്ന സമയത്തേ ഡെപ്ത്ത് വേണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഡെപ്ത്ത് ഫീൽ ചെയ്യിക്കുക ചലഞ്ചിങ്ങാണ്. ഷൂട്ടിങ്ങിലൂടെ അത് കൊണ്ടുവരാൻ പ്രയാസമാണ്. അത് മറികടക്കാൻ രാത്രി രംഗങ്ങൾ ഗ്രീൻമാറ്റ് വെച്ച് ചെയ്തിട്ടുണ്ട്.
തുടക്കം മുതലുള്ള പെപ്പെ, പിന്നാലെയെത്തിയ രാജ് ബി ഷെട്ടി
പെപ്പെ സിനിമയുടെ തുടക്കം മുതലേ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. കുറച്ച് കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിൽ കൂടുതൽ നേരവും ഉള്ളത്. പ്രേക്ഷകരുമായി ഇവർക്ക് ഇമോഷണൽ കണക്ഷൻ വേണം, ശരീരപ്രകൃതിയും ശരീരഭാഷയും എല്ലാം ശരിയാവണം. കാസ്റ്റിങ്ങിൽ പ്രത്യേക ശ്രദ്ധ വേണമായിരുന്നു. ഈ കഥ പറയാൻ ആൻ്റണി യോജിച്ച ഒരാളായിരുന്നു.
കല എന്നതുപോലെ ഒരു ബിസിനസ് കൂടിയാണ് ചിത്രം. കൂടെയുള്ളവരുടേയും കാര്യം നോക്കേണ്ടി വരും. നിർമാതാവ് സേഫ് ആവണം. ആളുകളുടെ ഇഷ്ടം നോക്കേണ്ടി വരും. ഈ സിനിമ ആളുകൾക്ക് ഇഷ്ടപ്പെടുമോ എന്നേ ഞാൻ ചിന്തിക്കാറുള്ളൂ. ഇതേ നായകൻ്റെ മുൻചിത്രങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ആളുകൾ മറ്റുചിത്രങ്ങളുമായി താരതമ്യം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ല. അവരെ അതിൽ കുറ്റം പറയാനും സാധിക്കില്ല. ഓരോന്നും അവരുടെ ചിന്തകളാണല്ലോ. സിനിമ തുടങ്ങി കുറച്ച് സമയത്തിനുള്ളിൽ ആളുകളെ ഈ കഥയുടെ ലോകത്തിലേയ്ക്ക് എത്തിക്കാനാണ് ശ്രമിച്ചിട്ടുള്ളത്.
വളരെ താമസിച്ചാണ് രാജ് ബി ഷെട്ടി സിനിമയിലേയ്ക്ക് എത്തുന്നത്. സ്ക്രീൻ ടെെം കുറവുള്ള, എന്നാൽ പ്രാധാന്യമുള്ള കഥാപാത്രമാണ്. അദ്ദേഹത്തിൻ്റെ ഷൂട്ട് ചെയ്ത രംഗങ്ങൾ ഒന്നും ഒഴിവാക്കിയിട്ടില്ല.
അജിത്ത് മാമ്പള്ളി, ചിത്രത്തിൽ പെപ്പെ
പ്രേക്ഷകരെ ഒരുതരത്തിലും കുറച്ചുകാണാൻ ശ്രമിച്ചിട്ടില്ല. അവർ എത്രത്തോളം സ്വീകരിച്ചു എന്നേ അറിയാൻ ഉള്ളൂ. ലോക സിനിമകളൊക്കെ കാണുന്ന പ്രേക്ഷകരാണ് നമ്മുടേത്. പെപ്പെ അവതരിപ്പിക്കുന്ന മാനുവലിൻ്റെ കഥയാണിത്. രാജ് ബി ഷെട്ടിയുടെ കഥാപാത്രം ഇത്രമതി എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇരുവരുടേയും ബന്ധത്തിൻ്റെ ആഴം കാണിക്കാൻ ഇത്രയും മതിയെന്ന് കരുതി.
രാജ് ബി ഷെട്ടി ഈ ചിത്രത്തിലേയ്ക്ക് വരുമ്പോൾ ‘ടർബോ’ റിലീസ് ആയിട്ടില്ല. എല്ലാ പ്രേക്ഷകർക്കും അദ്ദേഹത്തെ അറിയില്ല എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ അദ്ദേഹം കഥാപാത്രത്തിന് യോജിച്ചതാണെന്ന വിശ്വാസമുണ്ടായിരുന്നു. ‘ടർബോ’ പോലൊരു വലിയൊരു മമ്മൂക്ക പടം റിലീസ് ആയതോടെ രാജ് ബി ഷെട്ടി നമ്മുടെ പ്രേക്ഷകർക്ക് സുപരിചിതനായി. അത് നമ്മുടെ പടത്തിനും ഗുണമായി.
‘കിങ് ഓഫ് കൊത്ത’ ചെയ്യുന്നതിന് മുൻപേ ഷമീറിനെ സമീപിച്ചിരുന്നു. ‘കൊണ്ട’ലിൻ്റെ തുടക്കം മുതൽ അദ്ദേഹവും ഈ ചിത്രത്തിൻ്റെ ഭാഗമാണ്.
വെെകാരികമായി അഭിപ്രായം പറഞ്ഞവരുണ്ട്, സ്വന്തം ജീവിതം അടുത്ത് കണ്ടതിൻ്റെ സന്തോഷമാണ് അവർക്ക്
ഞാൻ തീരദേശത്തുനിന്നുള്ള ആളാണ്. യഥാർഥ ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങൾ കഥയിൽ പ്രതിഫലിച്ചിട്ടുണ്ട്. ഈ കഥയുടെ കാതൽ എൻ്റെ സുഹൃത്ത് പങ്കുവെച്ച ഒരു അനുഭവമാണ്. കോവിഡ് കാലത്ത് സിനിമ ചെയ്യാനാകാതെ നിൽക്കുന്ന സമയത്താണ് ഞാൻ ബോട്ടിലെ സിനിമയെക്കുറിച്ച് ആലോചിക്കുന്നതെന്ന് പറഞ്ഞുവല്ലോ. ഒരുനാൾ ഞാൻ കടപ്പുറത്ത് ഇരിക്കുന്ന സമയത്ത് സ്വന്തമായി ബോട്ട് ഒക്കെയുള്ള സുഹൃത്ത് എന്നോട് ഒരു സംഭവം പറഞ്ഞു. ഒരു വലിയ ബോട്ടിലെത്തിയ സംഘം ഇവരോട് തങ്ങളുടെ കൂട്ടത്തിലുള്ള ഒരാൾ മരിച്ചുവെന്നും ഇവർ കരയ്ക്ക് പോകുന്നുണ്ടെങ്കിൽ മൃതദേഹം കൊണ്ടുപോകാമോ എന്നും ചോദിച്ചു. ഇവർ ആകെ പേടിച്ചിട്ട് പറ്റില്ലെന്ന് അറിയിച്ചു. ആ ബോട്ടിൽ വന്നവർ തിരികെ മീൻപിടിക്കാൻ കടലിലേയ്ക്ക് തന്നെ പോയി. ഈ സംഭവം എന്നെ ആകെ ഞെട്ടിച്ചു. ഒരുതവണ കടലിൽ പോകുന്ന ചെലവൊക്കെ കേട്ടപ്പോൾ എനിക്ക് അന്ന് അത്ഭുതമായിരുന്നു.
തീരദേശത്തുള്ളവർക്ക് ‘കൊണ്ടൽ’ ഒരുപാട് റിലേറ്റ് ചെയ്യാനായിട്ടുണ്ട്. അവർ വെെകാരികമായി അഭിപ്രായം പറയുന്നുണ്ട്. അവരുടെ ജീവിതം അടുത്ത് കണ്ടതിൻ്റെ സന്തോഷമാണ് അവർക്ക്. 30 വർഷത്തിന് ശേഷം തിയേറ്ററുകളിൽ എത്തിയ ആളുകൾ വരെയുണ്ട് അക്കൂട്ടത്തിൽ.
സംഗീതം, ക്യാമറ, ആക്ഷൻ
എനിക്ക് ഇഷ്ടപ്പെട്ട സംഗീത സംവിധായകനാണ് സാം സി.എസ്. വീക്കെന്റ് ബോക്ബസ്റ്റേഴ്സിൻ്റെ കഴിഞ്ഞ പടത്തിലും അദ്ദേഹമായിരുന്നു സംഗീതം ചെയ്തത്. അദ്ദേഹത്തിൻ്റെ പേര് അവർ നിർദേശിച്ചപ്പോൾ എനിക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.
രണ്ടുപേരാണ് ചിത്രത്തിൽ ക്യാമറ ചെയ്തിരിക്കുന്നത്. ജിതിൻ സ്റ്റാൻസിലസ് ആണ് കരയിലെ ഭാഗം ചെയ്തത്. കടലിലെ ഭാഗം ചെയ്തത് ദീപക് ആണ്. ജിതിൻ ആദ്യം ഒപ്പമുണ്ടായിരുന്നെങ്കിലും ഷൂട്ട് വെെകിയപ്പോൾ അദ്ദേഹത്തിന് നേരത്തെ കരാർ ഒപ്പിട്ട മറ്റൊരു പ്രോജക്ടിലേയ്ക്ക് പോകേണ്ടി വന്നു. അങ്ങനെയാണ് ദീപക് എത്തുന്നത്. അദ്ദേഹം ഉൾപ്പടെ എല്ലാവരും ഈ സിനിമയ്ക്കായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്.
കലെെ കിങ്സൺ ആണ് ഭൂരിഭാഗം ആക്ഷൻ രംഗങ്ങളും ചെയ്തിരിക്കുന്നത്. തവസി രാജ്, വിക്രം മോർ എന്നിവരാണ് ബാക്കി ചില ആക്ഷൻ രംഗങ്ങൾ ചെയ്തത്.
പുതിയ ചിത്രങ്ങൾ
കേരള മാട്രിമോണി – സൗജന്യമായി രജിസ്റ്റർ ചെയ്യൂ!
എനിക്ക് എഴുതാനും വായിക്കാനും ഒരുപാട് ഇഷ്ടമാണ്. ഇതാണ് എന്നെ സിനിമയിൽ എത്തിച്ചത്. സിനിമ കണ്ട് കഥ പറയാനും ഏറെ ഇഷ്ടമായിരുന്നു. പിന്നെ സിനിമ പഠിച്ചു. ഒരുപാട് പരസ്യചിത്രങ്ങളിൽ വർക്ക് ചെയ്തു. ‘കൊണ്ടലി’ന് മുൻപ് ചെയ്യാൻ പദ്ധതിയിട്ടിരുന്ന ഒരു ചിത്രമുണ്ട്. ഇനി അതിൻ്റെ വർക്കുകളിലേയ്ക്ക് കടക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]