![](https://newskerala.net/wp-content/uploads/2024/09/New20Project20-202024-09-26T080453.496-1024x576.jpg)
കോട്ടയ്ക്കൽ: ‘ഏയ് ബനാനേ ഒരു പൂ തരാമോ’ എന്നാണ് അഫ്സൽ പാടിയത്. കിട്ടിയതോ, അവസരങ്ങളുടെ പൂക്കാലവും. ഇതോടെ, ലോകം കീഴടക്കിയ ആഹ്ലാദത്തിലായി തിരൂർ തലക്കടത്തൂരിലെ അഫ്സൽ എന്ന 26-കാരൻ. ‘വാഴ’ എന്ന സിനിമയിലെ ‘ബനാനപ്പാട്ട്’ സാമൂഹികമാധ്യമങ്ങളിലൂടെ അഫ്സലിന്റെ പേരിൽ പറപറക്കുകയാണിപ്പോൾ. ഇൻസ്റ്റയിലും മറ്റും ട്രെൻഡായ വാഴപ്പാട്ട് ചുരുങ്ങിയ ദിവസംകൊണ്ട് എഴുപതുലക്ഷംപേരാണ് കണ്ടത്.
ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന തിരൂരിലെ കിൻഷിപ്പ് ഫൗണ്ടേഷന്റെ ഓണാഘോഷ പരിപാടിയിലാണ് ‘സ്നേഹതീരം’ വൊളന്റിയറായ അഫ്സൽ പാടിയത്. ഭക്ഷണത്തിനുള്ള ഇടവേളയിൽ ആഘോഷത്തിനെത്തിയവരുടെ ബോറടിമാറ്റാൻ ഒരുപാട്ട്- അത്രയേ ഉദ്ദേശിച്ചിള്ളൂ. പക്ഷേ, പാടിത്തുടങ്ങിയപ്പോൾ എല്ലാംമറന്നു. പിന്നെ പാട്ടിന്റെ ചിറകിലേറി താളംപിടിച്ചും ചുവടുവെച്ചുമങ്ങനെ…
കൂടെയുണ്ടായിരുന്ന സുഹൃത്ത് പകർത്തിയ വീഡിയോ ഒരാഴ്ചമുൻപ് അഫ്സൽതന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലിട്ടത്. മലയാളികൾ ഒന്നടങ്കം പാട്ടിനെ ഏറ്റെടുത്തു. അഫ്സലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മാത്രമാണ് എഴുപതുലക്ഷംപേർ പാട്ടുകണ്ടത്. മുക്കാൽലക്ഷത്തോളം പേർ ഷെയർ ചെയ്തു.
വിവാഹവേദിയിലും കോളേജ് പരിപാടികളിലും മാത്രം പാടിനടന്നിരുന്ന അഫ്സൽ ഒറ്റപ്പാട്ടുകൊണ്ട് താരമായി. പാട്ട് ഹിറ്റായതോടെ വിദേശരാജ്യങ്ങളിൽനിന്നടക്കം ഏറെ ഓഫറുകളാണ് അഫ്സലിനെ തേടിയെത്തുന്നത്. ദുബായിൽ ബോബി ചെമ്മണ്ണൂർ പങ്കെടുക്കുന്ന പരിപാടിയിൽ പാടാനും ഖത്തറിൽ മറ്റൊരു പരിപാടിക്കും ക്ഷണം ലഭിച്ചതാണ് ഇവയിൽ പ്രധാനപ്പെട്ടവ.
എട്ടു വർഷത്തോളമായി പാലിയേറ്റീവ് പ്രവർത്തകനായും സ്നേഹതീരം സന്നദ്ധസംഘടനയുടെ വൊളന്റിയറായും സാമൂഹികസേവനം നടത്തുന്ന അഫ്സൽ തിരൂരിലെ ഗൾഫ് മാർക്കറ്റിൽ അക്കൗണ്ടന്റാണ്. തിരൂർ തലക്കടത്തൂർ അണ്ണച്ചമ്പള്ളി അബ്ദുൽ ഖാദറിന്റെയും സൈനബയുടേയും മകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]