
മുംബൈ: വെറും സംഗീതപ്രകടനം എന്നതിനപ്പുറം കോൾഡ് പ്ലേ ലൈവ് മ്യൂസിക് അനുഭവത്തിന്റെ മാജിക് നുകരാൻ കാത്തിരിക്കുകയാണ് മുംബൈ. ജനുവരി 18, 19, 21 തീയതികളിൽ നവിമുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിലാണ് ലോകപ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡിന്റെ പരിപാടി.
ക്രിസ് മാർട്ടിൻ, ഗൈ ബെറിമാൻ, വിൽ ചാമ്പ്യൻ, ജോണി ബക്ക്ലാൻഡ്, ഫിൽ ഹാർവി എന്നിവരടങ്ങുന്ന ബാൻഡിന് ലോകമെങ്ങും ആരാധകരേറെയാണ്. ലോകസഞ്ചാരത്തിന്റെ ഭാഗമായുള്ള ലൈവ് സംഗീതപ്രകടനത്തിന്റെ അവിസ്മരണീയ അനുഭവത്തിന് ഏതാനുംമാസങ്ങൾ കാത്തിരിക്കേണ്ടിവരുമെങ്കിലും മുംബൈയിലെ യുവത ഇപ്പോഴേ കോൾഡ് പ്ലേ വിസ്മയത്തിലാണ്.
മികച്ച കാഴ്ചയനുഭവംകൂടി സമ്മാനിക്കുന്നതാണ് ബാൻഡിന്റെ ലൈവ് സംഗീതപരിപാടികൾ. ബുക്ക് മൈ ഷോ വഴിയാണ് ഔദ്യോഗിക ടിക്കറ്റ് വിൽപ്പനയെങ്കിലും അനൗദ്യോഗിക ടിക്കറ്റ് വിൽപ്പനയും പൊടിപൊടിക്കുന്നുണ്ട്.
മൂന്നുലക്ഷംരൂപവരെ നൽകി വെബ്സൈറ്റിൽനിന്ന് ടിക്കറ്റ് വാങ്ങിയവരുണ്ട്. ഔദ്യോഗിക ടിക്കറ്റിങ് പാർട്ണറായ ബുക്ക് മൈ ഷോയിൽ മിനിറ്റുകൾക്കകം ടിക്കറ്റ് തീർന്നിരുന്നു.
അതിനിടെ ബുക്ക് മൈ ഷോയ്ക്കെതിരെ യുവമോർച്ച പരാതി നൽകി. കോൾഡ് പ്ലേ ബാൻഡിന്റെ ടിക്കറ്റ് വിൽപ്പനയിൽ തിരിമറി നടന്നുവെന്നാണ് ആക്ഷേപം. 500 കോടിരൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. 2,500 മുതൽ 35,000 രൂപവരെയാണ് ടിക്കറ്റിന്റെ വില.
എന്നാൽ, തേഡ് പാർട്ടി സൈറ്റുകളിൽ പലമടങ്ങ് ഇരട്ടി വിലയിൽ ടിക്കറ്റ് ലഭ്യമാണ്. ഈ സൈറ്റുകളുമായി ബന്ധമില്ലെന്നും പോലീസിനെ സമീപിക്കുമെന്നും ബുക്ക് മൈ ഷോ വ്യക്തമാക്കി.
നവിമുംബൈയിൽ, കോൾഡ് പ്ലേ സംഗീതപരിപാടി നടക്കാനിരിക്കുന്ന ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിനുസമീപമുള്ള കോർട്ട് യാർഡ് ബൈ മാരിയറ്റ്, താജ് വിവാൻഡ തുടങ്ങിയ ഹോട്ടലുകളിലെ മിക്കവാറും മുറികൾ ഈ ദിവസങ്ങളിൽ വിറ്റുപോയി. ലഭ്യമായ മുറികൾക്ക് നിലവിൽ ഒരു രാത്രിക്ക് ഒരുലക്ഷംരൂപയാണ്.
2016-ലാണ് കോൾഡ് പ്ലേ ഇന്ത്യയിൽ മുൻപ് പരിപാടി അവതരിപ്പിച്ചത്. ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന്റെ ഭാഗമായി ഹ്രസ്വമായ പരിപാടിയായിരുന്നു അവതരിപ്പിച്ചത്. ഒൻപതുവർഷത്തിനുശേഷം മുഴുനീള സംഗീതപരിപാടിയുമായാണ് കോൾഡ് പ്ലേ ഇന്ത്യയിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]