സിനിമയില്‍ ഒരുപാട് ഒഴിവാക്കലുകളും അവഗണനയും നേരിട്ടുവെന്ന് നടി സോണിയ മല്‍ഹാര്‍. വഴങ്ങിയാല്‍ തനിക്കും ഒരുപാട് അവസരങ്ങള്‍ ലഭിക്കുമായിരുന്നുവെന്നും അതിന് വഴങ്ങാതിരുന്നത് കൊണ്ട് ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിച്ചുവെന്നും സോണിയ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് വളരെ വൈകാരികമായാണ് സോണിയ പ്രതികരിച്ചത്. സംസാരിക്കുന്നതിനിടയില്‍ വാക്കുകള്‍ ലഭിക്കാതെ പൊട്ടിക്കരഞ്ഞു.
”ഞാനൊരു വലിയ ആര്‍ട്ടിസ്റ്റാണെന്നൊന്നും അവകാശപ്പെടുന്നില്ല. മുപ്പത് ദിവസം അഭിനയിച്ചിട്ട് മൂന്ന് ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്തിട്ട് ഒരു രൂപ പോലും ഇതുവരെ തന്നിട്ടില്ല. രാജ് ഭവനില്‍ ജോലിയുള്ളയാളാണ് ആ സിനിമ സംവിധാനം ചെയ്തത്. ഞാന്‍ ആ സിനിമയിലെ കേന്ദ്രകഥാപാത്രമായിരുന്നു. ആ സിനിമയുടെ പേരില്‍ 10 വര്‍ഷം നീണ്ട സൗഹൃദം നഷ്ടമായി. അതിന്റെ നിര്‍മാതാവ് എന്റെ സുഹൃത്തായിരുന്നു.
എന്റെ ഭര്‍ത്താവ് മരണപ്പെട്ട സമയമായിരുന്നു അത്. വാടക പോലും കൊടുക്കാനില്ലാത്ത സമയമായിരുന്നു. കരാറുണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ പേരില്‍ അഭിനയിച്ചു പോയതാണ്. ഞാന്‍ കൂടെ കിടക്കാന്‍ തയ്യാറായിരുന്നുവെങ്കില്‍ അവസരം ലഭിക്കുമായിരുന്നു.
പാലക്കാട് വാസവദത്ത എന്ന സിനിമ ചെയ്യാനായി 7000 രൂപ പെട്രോളടിച്ച് പോയി. രാത്രി 11 മണിവരെ കഥ പറഞ്ഞു. നിങ്ങള്‍ പരിശോധിച്ച് നോക്കൂ, ആ സിനിമയില്‍ എന്റെ ചിത്രം ഉപയോഗിച്ചാണ് ആദ്യം പോസ്റ്റര്‍ അടിച്ചത്. നല്ല കഥയായിരുന്നു. ഒരു ദിവസം സംവിധായകന് ഫോണ്‍ വിളിച്ച് പറഞ്ഞു, സോണിയ ആ സിനിമയ്ക്ക് പറ്റില്ലെന്ന്. എനിക്ക് പകരം ഇനിയയെയാണ് കാസ്റ്റ് ചെയ്തത്. ഇനിയ പിന്നീട് പിന്മാറി എന്നാണ് തോന്നുന്നത്. ആ സിനിമ പിന്നീട് നടന്നില്ല.
സിനിമ ചെയ്യാന്‍ വരുന്ന നിര്‍മാതാവിന് ശരീരം കൊടുക്കാക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല. ഒലിപ്പിക്കാന്‍ നില്‍ക്കുന്നവരെ ബ്ലോക്ക് ചെയ്യും.
ആടു ജീവിതം സിനിമ ഹിറ്റായില്ലേ. സിനിമയിലെ പെണ്ണുങ്ങളുടെ ജീവിതം യഥാര്‍ഥത്തില്‍ ആടുജീവിതമാണ്. ഒരുപാട് വൃത്തികേടുകള്‍ ചെയ്യുന്നവരുണ്ട്. പ്രസവിച്ച സ്ത്രീകളാണെങ്കില്‍ സ്ട്രെച്ച് മാര്‍ക്കുണ്ടോ എന്നറിയാന്‍ വയറിന്റെ ഫോട്ടോ വേണം എന്ന് പറയുന്നവരുണ്ട്. ”
മലയാളത്തിലെ ഒരു യുവ നടനെതിരേയും സോണിയ കഴിഞ്ഞ ദിവസം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യുവ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചുവെന്ന് സോണിയ പറഞ്ഞു. 2013-ല്‍ തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വെച്ചായിരുന്നു സംഭവമെന്നും സോണിയ പറഞ്ഞു.
”ഹാസ്യനടന്റെ ഭാഗത്തുനിന്നും യുവ നടന്റെ ഭാഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിയിക്കാന്‍ തുടങ്ങിയ സമയമായിരുന്നു അത്. ശമ്പളം കുറവായിരുന്നുവെങ്കിലും സിനിമയോടുള്ള താല്പര്യം കാരണമാണ് അഭിനയിക്കാന്‍ പോയത്.
ഒരു ഓഫീസ് സ്റ്റാഫിന്റെ റോള്‍ ആയിരുന്നു ആ സിനിമയില്‍. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ അവിടെനിന്നും കോസ്റ്റിയൂം തന്നു. ഒരു ഫാം പോലുള്ള സ്ഥലത്തുനിന്നായിരുന്നു സിനിമാഷൂട്ടിങ്. ടോയ്ലറ്റില് പോയി തിരിച്ച് വരുന്ന സമയത്താണ് അയാള്‍ എന്നെ കടന്നുപിടിച്ചത്. അയാളെ അതിന് മുമ്പ് പരിചയമില്ല. യാതൊരു അനുവാദവും കൂടാതെ എന്നെ കയറിപ്പിടിക്കുകയായിരുന്നു. ആദ്യമായി അഭിനയിക്കാനെത്തിയ ഞാന്‍ ആകെ പേടിച്ചുപോയി.
ലൊക്കേഷനിലെത്തിയപ്പോള്‍ സംവിധായകന് ഇതാണ് സിനിമയിലെ ഹീറോ എന്നുപറഞ്ഞ് അയാളെ എനിക്ക് പരിചയപ്പെടുത്തിയിരുന്നു. ആദ്യമായി അവരെയെല്ലാം കണ്ടതിലുള്ള ആശ്ചര്യം എനിക്കുണ്ടായിരുന്നു. വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് പെട്ടെന്ന് എന്നോടിങ്ങനെ മോശമായി പെരുമാറിയത്.
ഞാന്‍ പേടിച്ച് വിറച്ചു പോയി. ബലമായി എന്നെ പിടിച്ചുവെച്ചപ്പോള്‍ ഞാന്‍ അയാളെ തള്ളിമാറ്റി. കരഞ്ഞുകൊണ്ട് എന്താണിത്, എനിക്ക് സിനിമയില്‍ അഭിനയിക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ പെട്ടെന്ന് അങ്ങനെ സംഭിവിച്ചുപോയതാണ്, അയാള്‍ക്ക് എന്നെ ഇഷ്ടമാണ് എന്നാണ് മറുപടി പറഞ്ഞത്. അന്ന് ഞാന്‍ സോഷ്യല്‍ വര്‍ക്കൊക്കെ ചെയ്യുന്ന സമയമായിരുന്നു. നിങ്ങളൊരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, അതുകൊണ്ടുതന്നെ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്നെന്ന് പറഞ്ഞു. ഞാന്‍ പൊന്നുപോലെ നോക്കിക്കോളാം എന്നെല്ലാം പറഞ്ഞു. അവിടെവെച്ച് എന്നെ പ്രൊപ്പോസ് ചെയ്യുന്നപോലെ പെരുമാറി.
അന്ന് ഞാന്‍ എതിര്‍ത്ത് സംസാരിച്ചു. എന്നോട് ഫോണ്‍ നമ്പര്‍ ചോദിച്ചെങ്കിലും ഞാന്‍ നല്‍കിയില്ല. വീട്ടിലെത്തി ഭര്‍ത്താവിനോട് നടന്ന കാര്യങ്ങള്‍ പറഞ്ഞിരുന്നു. നാല് ദിവസം ഷൂട്ടിന് പോയിരുന്നു. പിന്നീട് അയാള്‍ മാപ്പ് പറഞ്ഞു.
ഇപ്പോള്‍ ഇത് തുറന്ന് പറഞ്ഞത് ആളുകള്‍ക്ക് പെണ്‍കുട്ടികളെ ചൂഷണം ചെയ്യാന്‍ എളുപ്പത്തില്‍ കിട്ടും എന്നുള്ള ധാരണ മാറണം എന്നുള്ളതുകൊണ്ടാണ്. എല്ലാ കലാകാരികള്‍ക്കും ഒരുത്തനേയും പേടിക്കാതെ അഭിനയിച്ച്, വീട്ടില്‍ പോകാന്‍ കഴിയണം. ഞാന്‍ പല സിനിമലൊക്കേഷനിലും എതിര്‍ത്ത് സംസാരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിനിമകള്‍ കിട്ടാതെ പോയതെന്നും എനിക്കറിയാം. നോ പറഞ്ഞതിനെ തുടര്‍ന്ന് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പ്രശ്നങ്ങളില്ലാത്ത ലൊക്കേഷനില്‍ സുഖമായി അഭിനയിച്ച് തിരിച്ച് പോരാം. എന്നാല്‍ സിനിമയില്‍ ഞാന്‍ ഒരുപാട് പ്രശ്നങ്ങള്‍ നേരിട്ടുണ്ട്” -സോണിയ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
- Sonia Malhar alleges that she wasn`t paid for 30 days of work on a film.
- She claims to have faced exploitation and harassment in the Malayalam film industry.
- Malhar states she lost opportunities for not giving in to sexual advances.
- She accuses a young Malayalam actor of inappropriate behavior on set.
- Malhar aims to bring awareness to the exploitation faced by women in the industry.