
ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിനുശേഷം വിപിൻ ദാസ് സംവിധാനംചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്താനൊരുങ്ങുകയാണ് തമിഴ്താരം എസ്.ജെ. സൂര്യ. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും ആവേശം കണ്ട് താൻ ഫഹദിന്റെ ആരാധകനായി മാറിയെന്നും പറഞ്ഞിരിക്കുകയാണ് എസ്.ജെ. സൂര്യ.
ഉടൻ പുറത്തിറങ്ങുന്ന രായൻ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം തമിഴ് യൂട്യൂബ് ചാനലായ കുമുദത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഫാസിലിനോടുള്ള തന്റെ ആരാധന എസ്.ജെ.സൂര്യ തുറന്നുപറഞ്ഞത്. ആദ്യമായി ഒരു മലയാളചിത്രത്തിൽ അഭിനയിക്കുകയാണ്. അതും ഫഹദ് സാറിന്റെ കൂടെ. ശരിക്ക് ചാർജ് ആയിരിക്കുകയാണെന്ന് എസ്.ജെ.സൂര്യ പറഞ്ഞു.
ഫഹദിന്റെ മുൻചിത്രങ്ങളെല്ലാം കണ്ട് ആസ്വദിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെ ഭ്രാന്തമായി ആരാധിക്കാൻ തുടങ്ങിയത് ആവേശം കണ്ടിട്ടാണ്. ക്ലൈമാക്സിൽ മൂന്ന് ചെറുപ്പക്കാരുമായി ഒരു കോമ്പിനേഷൻ സീനുണ്ട്. അതിൽ ഒരാളുടെ അമ്മയുടെ ഫോൺ വരുന്നുണ്ട്. അമ്മയോട് വലിയ ബഹുമാനമാണ് അയാൾക്ക്. അതുകൊണ്ട് ആ പയ്യന്മാരോടുള്ള ദേഷ്യം അവിടെ പ്രകടിപ്പിക്കാൻ പറ്റില്ല. ആ രംഗം എത്ര ഗംഭീരമായാണ് ഫഹദ് ചെയ്തിരിക്കുന്നത്. എസ്.ജെ.സൂര്യ ചൂണ്ടിക്കാട്ടി.
ഷങ്കർ-കമൽ ഹാസൻ ടീമിന്റെ ഇന്ത്യൻ 2 ആണ് എസ്.ജെ. സൂര്യ വേഷമിട്ട് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഈ കഥാപാത്രത്തിന്റെ കൂടുതൽ പ്രകടനങ്ങൾ മൂന്നാം ഭാഗത്തിലുണ്ടാവുമെന്ന സൂചന തന്നുകൊണ്ടാണ് ഇന്ത്യൻ 2 അവസാനിക്കുന്നത്. ധനുഷ് സംവിധാനംചെയ്യുന്ന ചിത്രമായ രായൻ ആണ് താരത്തിന്റേതായി ഇനി വരാനുള്ളത്. ഈ മാസം 26-ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ വില്ലൻ വേഷമാണ് എസ്.ജെ സൂര്യക്ക്. നാനി നായകനാവുന്ന സരിപോതാ ശനിവാരം എന്ന തെലുങ്ക് ചിത്രവും അദ്ദേഹത്തിന്റേതായി ഒരുങ്ങുന്നുണ്ട്.