
സിനിമയിലെ വേർതിരിവുകളേക്കുറിച്ച് തുറന്നടിച്ച് നടി മംമ്ത മോഹൻദാസ്. ഏത് ഇൻഡസ്ട്രി ആയാലും സൂപ്പർതാര പദവി ചിലർ സ്വയം പ്രഖ്യാപിക്കുന്നതാണെന്നും അല്ലാതെ പ്രേക്ഷകർ നൽകുന്നതല്ലെന്നും അവർ പറഞ്ഞു. മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ താൻ അഭിനയിച്ചു. എന്നാൽ താൻ നായികയായ ചിത്രത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവർ വരാൻ സമ്മതിച്ചില്ലെന്നും മംമ്ത കൂട്ടിച്ചേർത്തു. പുതിയ ചിത്രമായ മഹാരാജയുടെ പ്രചാരണപരിപാടികളുടെ ഭാഗമായി ഒരു തമിഴ് ഓൺലൈൻ മാധ്യമത്തോടായിരുന്നു മംമ്തയുടെ പ്രതികരണം.
പലപ്പോഴും ചില അഭിനേതാക്കളെ മാറ്റി നിർത്താൻ ചിലർക്കു തോന്നുന്നത് അവരുടെ അരക്ഷിതാവസ്ഥ മൂലമാണെന്ന് മംമ്ത അഭിപ്രായപ്പെട്ടു. താൻ നായികയായി അഭിനയിച്ച ഒരുപാടു സിനിമകളിൽ ധാരാളം നടിമാർ സെക്കൻഡ് ഹീറോയിൻ ആയി അഭിനയിച്ചിട്ടുണ്ട്. ഒരിക്കലും അവരുടെ ചിത്രം പോസ്റ്ററിൽ വയ്ക്കരുതെന്നോ അവരെ സിനിമയിൽ ഉൾപ്പെടുത്തരുതെന്നോ ഗാനചിത്രീകരണത്തിൽ നിന്നു മാറ്റണമെന്നോ താനാവശ്യപ്പെട്ടിട്ടില്ല. കാരണം താനും പല ചിത്രങ്ങളിൽ സെക്കൻഡ് ഹീറോയിൻ ആയി വേഷമിട്ടിട്ടുണ്ടെന്നും തന്റെ കരിയറിൽ എത്രയോ തവണ ഇടവേളകൾ സംഭവിച്ചിരിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
മലയാളത്തിൽ ഒരു വലിയ നായിക തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സെക്കൻഡ് ലീഡ് ആയി അഭിനയിച്ചിട്ടുണ്ട്. ആ അഭിനേത്രിയുടെ തിരിച്ചു വരവിനെ പിന്തുണയ്ക്കുന്നതിനാണ് ഞാൻ ആ വേഷം സ്വീകരിച്ചതുതന്നെ. പക്ഷേ, ഞാൻ ലീഡ് ചെയ്ത ഒരു സിനിമയിൽ ഒരു അതിഥി വേഷത്തിനായി അവരെ വിളിച്ചപ്പോൾ അവർ വരാൻ കൂട്ടാക്കിയില്ല. കാരണമെന്താണ്? അരക്ഷിതത്വം! ഒരു വ്യക്തിയെന്ന നിലയിലോ ആർട്ടിസ്റ്റ് എന്ന നിലയിലോ ഞാൻ അരക്ഷിതാവസ്ഥ നേരിടുന്നില്ല. അതാണ് എന്നെ മറ്റുള്ളവരിൽ നിന്നു വ്യത്യസ്തയാക്കുന്നത്,’’-മംമ്ത പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറ്റൊരു സിനിമ നിർത്തിവെച്ചിട്ട് കുസേലൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയ അനുഭവവും മംമ്ത പറഞ്ഞു. ആ ചിത്രത്തിലെ ഗാനം തന്നെവെച്ച് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടാണ് പോയതെന്നും എന്നാൽ ആകെ ഒരു ദിവസം ഏതാനും ചില ഷോട്ടുകൾ മാത്രമാണ് ഷൂട്ട് ചെയ്തതെന്നും അവർ പറഞ്ഞു. പരാതിയൊന്നും പറയാതെ താനത് വിട്ടുകളയുകയാണ് ചെയ്തത്. വളരെ മുൻപുനടന്ന കാര്യങ്ങളായതിനാൽ ആരെങ്കിലും ചോദിച്ചാൽ മാത്രമേ ഇതൊക്കെ ഓർക്കാറുള്ളൂ. ഒരുപാടുപേർക്ക് ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ടെന്നും മംമ്ത കൂട്ടിച്ചേർത്തു.