
പാലക്കാട്: വിഖ്യാത ചലച്ചിത്ര പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് പാലക്കാടിന്റെ മണ്ണിൽ ആദരമൊരുങ്ങുന്നു. രാജ്യത്ത് ആദ്യമായി, എസ്.പി.ബി.യുടെ പൂർണകായ വെങ്കലപ്രതിമ പാലക്കാട്ടെ രാപ്പാടിയിൽ സ്ഥാപിക്കും. കണ്ണൂർ പയ്യന്നൂരിലെ കാനായിയിൽ ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തിലാണ് പ്രതിമനിർമാണം നടക്കുന്നത്.
മായാത്ത, സ്വതസിദ്ധമായ പുഞ്ചിരിയോടെ തൊഴുത് കൈകൂപ്പി നിൽക്കുന്ന ഭാവത്തിലാണ് പത്തടി ഉയരത്തിൽ എസ്.പി.ബി.യുടെ വെങ്കലശില്പമൊരുക്കുന്നത്. ശില്പം വെങ്കലത്തിൽ ഒരുക്കുന്നതിന് മുന്നോടിയായി കളിമണ്ണുകൊണ്ട് നിർമിച്ച രൂപം കാനായിയിൽ പൂർത്തിയായി. ഇനി മെഴുക് പൊതിഞ്ഞശേഷം വെങ്കലത്തിലുള്ള രൂപമാറ്റം ആരംഭിക്കും. നാലുമാസത്തിനുള്ളിൽ പൂർത്തിയാക്കി അനാവരണംചെയ്യാനാണ് തീരുമാനം. പൂർത്തിയാകുമ്പോൾ ശില്പത്തിന് ഒരുടൺ ഭാരമുണ്ടാകും.
കെ.ജെ. യേശുദാസ് നേതൃത്വം നൽകുന്ന, മലയാള ചലച്ചിത്ര പിന്നണിഗായകരുടെ സംഘടനയായ ‘സമം’ ആണ് ശില്പം നിർമിക്കാൻ മുൻകൈയെടുക്കുന്നത്. സംഘടനാ പ്രസിഡൻറ് സുദീപ്കുമാർ, സെക്രട്ടറി രവിശങ്കർ, ഖജാൻജി അനൂപ് ശങ്കർ, ഭരണസമിതി അംഗം അഫ്സൽ എന്നിവർ കാനായിലെ പണിപ്പുരയിലെത്തി വെങ്കലശില്പത്തിന്റെ കളിമൺരൂപം പരിശോധിച്ചു. മെഴുകുപൊതിയലടക്കമുള്ള ബാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് ഉണ്ണി കാനായി പറഞ്ഞു.
കളിമണ്ണിൽ നിർമാണം തുടങ്ങിയിട്ട് നാലുമാസത്തോളമായി. 20 വർഷമായി വെങ്കലപ്രതിമാനിർമാണ രംഗത്തുണ്ട് ഉണ്ണി. ഗുരുവായൂർ ക്ഷേത്രത്തിലെ കിഴക്കേനട മഞ്ജുളാൽത്തറയിൽ നിർമിച്ചുവരുന്ന വെങ്കല ഗരുഡന്റെ ശില്പിയും ഉണ്ണി കാനായിയാണ്. പത്തനാപുരത്ത് തയ്യാറാക്കുന്ന മുൻമന്ത്രി ബാലകൃഷ്ണപിള്ളയുടെ വെങ്കലശില്പവും ഉണ്ണിയുടെ കരവിരുതിലാണ് പൂർത്തിയായിവരുന്നത്. അമ്പലപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ വെങ്കലത്തിൽ നിർമിച്ച ഉയരം കൂടിയ ശിവൻ, തിരുവനന്തപുരം ടെക്നോപാർക്കിൽ മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ശില്പം എന്നിവയും ഇദ്ദേഹത്തിന്റെ നിർമിതികളാണ്.
സ്വയംപഠിച്ച് ശില്പനിർമാണ രംഗത്തെത്തിയ ഉണ്ണി കാനായി കേരള ലളിതകലാ അക്കാദമി അംഗമാണ്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വിവേകാനന്ദ പ്രതിഭാ പുരസ്കാരം, ക്ഷേത്രകലാ അക്കാദമിയുടെ ശില്പകലാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]