
‘ചിക്നി ചമേലി’ ഉള്‍പ്പെടെ താന്‍ പാടിയ പല ഗാനങ്ങളുടെയും വരികളെക്കുറിച്ച് തനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഗായിക ശ്രേയ ഘോഷാല്‍. ലില്ലി സിങ്ങുമായുള്ള അഭിമുഖത്തിലാണ് ശ്രേയ ഘോഷാല്‍ ഇക്കാര്യം പറഞ്ഞത്. സഭ്യതയുടെ അതിര്‍വരമ്പിനോട് ചേര്‍ന്നുകിടക്കുന്ന പല ഗാനങ്ങളും താന്‍ ആലപിച്ചതായും ശ്രേയ ഘോഷാൽ അഭിമുഖത്തില്‍ സമ്മതിക്കുകയുംചെയ്തു.
ചെറിയ കുട്ടികള്‍ പോലും അര്‍ഥമറിയാതെ ഈ പാട്ടുകള്‍ പാടുന്നത് കണ്ടാണ് ഇതേക്കുറിച്ച് താന്‍ കൂടുതല്‍ ബോധവതിയായത്. അവര്‍ ആ പാട്ടുകള്‍ക്ക് നൃത്തംചെയ്യുന്നു. നിങ്ങളുടെ പാട്ട് ഏറെ ഇഷ്ടപ്പെടുന്നുവെന്ന് എന്നോട് വന്നുപറയുന്നു. അത് നിങ്ങള്‍ക്ക് വേണ്ടി പാടിത്തരട്ടേയെന്ന് ചോദിക്കുന്നു. ഇതെല്ലാം കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ ലജ്ജ തോന്നാറുണ്ട്. അഞ്ചോ ആറോ വയസ്സുള്ള കുട്ടി ആ വരികള്‍ പാടുന്നത് അത്ര നല്ലതായി തോന്നുന്നില്ലെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു.
അതേസമയം, ഒരു സ്ത്രീയാണ് ഈ വരികള്‍ എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായിരുന്നേനെയെന്നും ഗായിക പറഞ്ഞു. ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നത് തെറ്റല്ല. പക്ഷേ, അത് എഴുതിയ രീതിയാണ് പ്രധാനം. ഒരു സ്ത്രീയാണ് ഇത് എഴുതിയിരുന്നതെങ്കില്‍ അത് കൂടുതല്‍ മനോഹരമായി ചെയ്യുമായിരുന്നു. ഇതെല്ലാം കാഴ്ചപ്പാടിന്റെ വിഷയമാണ്. സിനിമകളും സംഗീതവും മനുഷ്യരില്‍ വലിയ സ്വാധീനംചെലുത്തുന്നുണ്ട്. ഏതെങ്കിലും ബ്ലോക്ബ്ലസ്റ്റര്‍ പാട്ടോ സിനിമയോ ചരിത്രത്തിന്റെ ഭാഗമാകും. എന്നാല്‍, തനിക്ക് അത്തരം ചരിത്രത്തിന്റെ ഭാഗമാകാന്‍ താത്പര്യമില്ലെന്നും ശ്രേയ ഘോഷാല്‍ പറഞ്ഞു.
അതേസമയം, ശ്രേയ ഘോഷാലിന്റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ ഗായികയെ വിമര്‍ശിച്ച് പലരും രംഗത്തെത്തി. ഏതാനുംദിവസങ്ങള്‍ക്ക് മുന്‍പും ഒരു പരിപാടിയില്‍ ശ്രേയ ഘോഷാല്‍ ‘ചിക്നി ചമേലി’ എന്ന ഗാനം ആസ്വദിച്ച് പാടിയതാണെന്നും ഇത് ഹിപ്പോക്രസിയാണെന്നും ചിലര്‍ ആരോപിച്ചു. അടുത്തിടെ യു.എസില്‍ നടന്ന പരിപാടിയില്‍പോലും ശ്രേയ ഘോഷാല്‍ ഇതേ ഗാനം ആലപിച്ചിരുന്നതായും ഇത് ഇരട്ടത്താപ്പാണെന്നും മറ്റൊരാളും സാമൂഹികമാധ്യമത്തിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]