
എം.ജി.ആറിനെ നേരില്‍ കണ്ടതോടെ വിശപ്പൊന്നും ഒരു പ്രശ്നമല്ലാതായി. നീണ്ട ഒമ്പതു ദിവസം പച്ചവെള്ളം മാത്രം കുടിച്ച് തെരുവിലുറങ്ങിയ ത്യാഗരാജന്റെ അനുഭവം കേള്‍ക്കുമ്പോള്‍ ആരും പെട്ടെന്ന് വിശ്വസിക്കില്ല. പക്ഷേ, അതായിരുന്നു വാസ്തവം. പാവങ്ങള്‍ക്ക് കൊടുക്കാനായി അമ്മ കരുതിവെച്ച പണം മോഷ്ടിച്ചതാണ് താന്‍ ചെയ്ത വലിയ തെറ്റെന്ന് ആ മനസ്സ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. പണം നഷ്ടപ്പെട്ടതില്‍ ത്യാഗരാജന് പിന്നീട് അധികം വിഷമിച്ചില്ല. കട്ടെടുത്ത പണം ദൈവം തന്റെ കൈയില്‍നിന്ന് തിരിച്ചെടുത്തു എന്നു മാത്രം വിശ്വസിച്ചു. ഒമ്പതു ദിവസത്തെ പട്ടിണി ആ മോഷണത്തിന്റെ ശിക്ഷയായി കരുതി. വയറു കത്തിക്കരിഞ്ഞപ്പോഴും മോഷ്ടിക്കാന്‍ ത്യാഗരാജന് തോന്നിയില്ല. ഒടുവില്‍ ദൈവത്തിന് തോന്നിക്കാണണം, ഇനി ത്യാഗരാജനെ കഷ്ടപ്പെടുത്തേണ്ടെന്ന്. ഒമ്പതാം നാള് ദൈവം ത്യാഗരാജനരികിലേക്ക് ഒരാളെ അയച്ചു. ഗോവിന്ദരാജ്. നാട്ടില്‍ നാടകങ്ങള്‍ അഭിനയിക്കുന്ന കാലത്ത് ത്യാഗരാജന് പരിചയപ്പെട്ട ഒരു തയ്യല്ക്കാരനാണയാള്. ഗോവിന്ദരാജിന്റെ ബന്ധുക്കള്‍ മദിരാശിയിലുണ്ട്. അവരെ കാണാനാണ് അയാള്‍ വന്നത്.
തെരുവില്‍ വെച്ച് ത്യാഗരാജനെ കണ്ടപ്പോള്‍ ഗോവിന്ദരാജിന് പെട്ടെന്ന് തിരിച്ചറിയാനായില്ല. അത്രമാത്രം മാറിപ്പോയിരുന്നു ആ രൂപം. നടന്ന കാര്യങ്ങളെല്ലാം ത്യാഗരാജന് ഗോവിന്ദരാജിനോട് പറഞ്ഞു. വയറുനിറയെ ഭക്ഷണം വാങ്ങിക്കൊടുത്തശേഷം ഗോവിന്ദരാജ് അയാളുടെ സുഹൃത്തിന്റെ അടുത്തേക്ക് ത്യാഗരാജനെ കൂട്ടിക്കൊണ്ടുപോയി. തങ്കയ്യ എന്നായിരുന്നു സുഹൃത്തിന്റെ പേര്. തയ്യല്‍ക്കാരനായിരുന്ന അദ്ദേഹം തന്റെ കടയോടു ചേര്‍ന്ന് ‘ശങ്കര്‍ ടീ ഷോപ്പ്’ എന്ന പേരില്‍ ചായക്കടയും നടത്തിയിരുന്നു. തങ്കയ്യയുടെ മുന്നില്‍ ത്യാഗരാജനെ കൊണ്ടു നിര്‍ത്തിയശേഷം ഗോവിന്ദരാജ് പറഞ്ഞു: ‘വലിയ വീട്ടിലെ പയ്യനാണ്, സിനിമാഭ്രാന്ത് തലയ്ക്കു പിടിച്ച് വന്നതാണ്. തല്ക്കാലം എന്തെങ്കിലും ജോലി കൊടുത്ത് ഇവിടെ നിര്‍ത്തണം.’
ത്യാഗരാജന് നല്കാന് പറ്റുന്ന ജോലിയൊന്നും അവിടെയില്ലായിരുന്നു. എങ്കിലും ഗോവിന്ദരാജ് പറഞ്ഞതല്ലേ എന്നു കരുതി തങ്കയ്യ ത്യാഗരാജനെ തനിക്കൊപ്പം നിര്‍ത്തി. മടങ്ങാന്‍ നേരം ഗോവിന്ദരാജിനോട് ത്യാഗരാജന് പറഞ്ഞു: ‘ഞാനിവിടെയുണ്ടെന്ന് നാട്ടിലൊരിക്കലും അറിയരുത്. എന്റെ അപേക്ഷയാണ്.’ ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് സിനിമയില്‍ എന്തെങ്കിലുമാവാതെ നാട്ടിലേക്ക് തിരിച്ചുപോവില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന ഒരു മനുഷ്യന്റെ വാക്കുകള്‍.
തങ്കയ്യയുടെ ചായക്കടയിലെ ഒരു ബെഞ്ചിലായിരുന്നു കിടത്തം. മറ്റു സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കടയിലെ ചെറിയ ജോലികളെല്ലാം ത്യാഗരാജന് ചെയ്തു. പക്ഷേ, ആ ജോലി തുടര്‍ന്നു കൊണ്ടുപോയാല്‍ സിനിമാമോഹം നടക്കില്ലെന്ന് ഉറപ്പായി. എന്നാലും തല്ക്കാലം പിടിച്ചുനില്ക്കാന് അതേ ഒരു വഴി കണ്ടുള്ളൂ. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍, കൈയില്‍ ഒരു സഞ്ചിയും തൂക്കിപ്പിടിച്ച് ചായ കുടിക്കാന്‍ വന്ന തടിച്ചുരുണ്ട ഒരു കുറിയ മനുഷ്യനെ തങ്കയ്യ ത്യാഗരാജന് പരിചയപ്പെടുത്തി. വടിവേല്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. ആശാരിപ്പണിക്കാരനായ അദ്ദേഹത്തെ എല്ലാവരും വടിവേല്‍ മേസ്തിരി എന്നാണ് വിളിച്ചിരുന്നത്. ‘സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്. ഇവിടെ എന്റെ അടുത്തു നിന്നതുകൊണ്ട് ഒരു കാര്യവുമില്ല. തല്ക്കാലം താമസിക്കാന്‍ ഒരിടം കൊടുക്കണം. മേസ്തിരിയൊന്നു സഹായിച്ചാല്‍ ഇവന് രക്ഷപ്പെടും.’ തങ്കയ്യ മേസ്തിരിയോട് പറഞ്ഞു.
‘എവിടെയാ വീട്?’ വടിവേല്‍ ചോദിച്ചു.
‘ആമ്പൂരില്‍ റെഡ്ഡിമാങ്കുപ്പത്ത്.’
മറുപടി കേട്ട മേസ്തിരി ത്യാഗരാജനെ സൂക്ഷിച്ചുനോക്കി. ‘റെഡ്ഡിമാങ്കുപ്പത്തെവിടെയാണ്?’
ബാലകൃഷ്ണന് മുതലിയാരുടെ മകനാണെന്നു പറഞ്ഞപ്പോള്‍ മേസ്തിരിക്കത് വിശ്വസിക്കാനായില്ല. ആമ്പൂരിന് തൊട്ടടുത്താണ് മേസ്തിരിയുടെ വീട്. ത്യാഗരാജന്റെ അച്ഛനെ മേസ്തിരിക്ക് നന്നായിട്ടറിയാം. ‘നാട്ടിലേക്ക് തിരിച്ചുപോയ്ക്കൂടേ’ എന്ന് മേസ്തിരി ആദ്യം ചോദിച്ചെങ്കിലും പിന്നീട് ത്യാഗരാജന്റെ താത്പര്യം തിരിച്ചറിഞ്ഞ് പറഞ്ഞു: ‘ചൂളൈമേട്ടിലാണ് ഞാന്‍ താമസിക്കുന്നത്. അവിടെ നില്ക്കാന് പറ്റുമെങ്കില്‍ എനിക്കൊപ്പം പോന്നോളൂ.’ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. തങ്കയ്യയോട് യാത്രപറഞ്ഞ് മേസ്തിരിക്കൊപ്പം ത്യാഗരാജന് ഇറങ്ങി.
ചൂളൈമേട്ടില്‍ ഒരു പഴയ കെട്ടിടത്തിന്റെ ഒറ്റമുറിയില്‍ വാടകയ്ക്കായിരുന്നു മേസ്തിരിയുടെ താമസം. തൊട്ടടുത്ത മുറികളില്‍ വേറെയും താമസക്കാരുണ്ട്. വല്ലപ്പോഴും മണ്ണെണ്ണ സ്റ്റൗവില്‍ ഒരു കാപ്പിയുണ്ടാക്കുന്നതൊഴിച്ചാല് മേസ്തിരിയുടെ മൂന്നുനേരത്തെ ഭക്ഷണവും ഹോട്ടലില്‍നിന്നാണ്. ഒരാള്‍ക്കുമാത്രം കിടക്കാവുന്ന പഴകിയ കട്ടിലിലാണ് മേസ്തിരിയുടെ കിടത്തം. പഴയ ഒരു പുല്‍പ്പായയും വിരിയും നല്കി ത്യാഗരാജനോട് നിലത്ത് കിടന്നോളാന്‍ പറഞ്ഞു. കഷ്ടപ്പാടിന്റെ നാളുകളില്‍ ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ചതാണ് വടിവേല്‍ മേസ്തിരിയെന്ന് പലപ്പോഴും ത്യാഗരാജന് തോന്നിയിട്ടുണ്ട്. രാവിലെയും രാത്രിയും മേസ്തിരിക്കൊപ്പമായിരുന്നു ഭക്ഷണം. ഉച്ചഭക്ഷണത്തിനുള്ള പണം ത്യാഗരാജന് കൈയില്‍ കൊടുക്കും. പകല്‍ മുഴുവനും ഷൂട്ടിങ് ലൊക്കേഷനുകളിലും സ്റ്റുഡിയോകളിലുമായി കറങ്ങിനടക്കും. ഒരുപാട് ശ്രമിച്ചുനോക്കി, ഒരവസരത്തിനു വേണ്ടി. ‘പിന്നെ നോക്കാം’ എന്ന് ചില സംവിധായകര്‍; ചിലര്‍ക്ക് പരമപുച്ഛം. എല്ലാം സഹിച്ച് മുന്നോട്ടുപോയി. പല ലൊക്കേഷനില്‍നിന്നും ക്രൂരമായ അനുഭവങ്ങളാണ് ത്യാഗരാജന് നേരിടേണ്ടിവന്നത്. ലൊക്കേഷനില്‍ ബലവാന്മാര് മുടിയില്‍ കുത്തിപ്പിടിച്ച് പുറത്തേക്ക് തള്ളിയിടും. എന്നിട്ടും അവിടെ ചുറ്റിപ്പറ്റിനിന്നാല് കൈയില്‍ കിട്ടുന്നതെന്താണോ അതുകൊണ്ട് കൈകാര്യം ചെയ്യും. ഇങ്ങനെയുള്ള രംഗങ്ങള്‍ക്ക് വലിയ നടീനടന്മാര് സാക്ഷികളായിരിക്കും പലപ്പോഴും. സിനിമാമോഹവും തലയിലേറ്റിവന്ന പയ്യനോട് സെറ്റിലുള്ളവര്‍ കാണിച്ച ഇത്തരം നെറികേടുകള്‍ കണ്ട് വി.ഐ.പി. കസേരയിലിരുന്ന് ചിരിക്കുകയായിരുന്നു പല താരങ്ങളും.
എം.ജി.ആര്. നായകനായ ‘തായ്മകളുക്ക് കട്ടിയ താലി’യുടെ ഷൂട്ടിങ് ന്യൂട്ടോണ്‍ സ്റ്റുഡിയോയില്‍ നടക്കുന്ന ഉച്ചനേരം. ഷൂട്ടിങ് വാഹനങ്ങള്‍ കയറിവരുന്നതിന്റെ ബഹളത്തിനിടയില്‍ ത്യാഗരാജന് കാവല്ക്കാരന് കാണാതെ സ്റ്റുഡിയോയ്ക്കുള്ളിലേക്ക് കയറി. സെറ്റിലുള്ളവര്‍ക്ക് ഭക്ഷണമൊരുക്കിയത് സ്റ്റുഡിയോയുടെ താഴത്തെ ഫ്ളോറിന്റെ പിറകുവശത്താണ്. എല്ലാവരും ഭക്ഷണം കഴിക്കാനുള്ള തിരക്കിലാണ്. ഭക്ഷണം വാങ്ങാന്‍ പാത്രങ്ങളുമായി ക്യൂ നില്‍ക്കുന്നവരെ നോക്കി ത്യാഗരാജന് കുറച്ചപ്പുറം മാറിനില്‍ക്കുകയായിരുന്നു. ആരോ ഒരാള്‍ ചോദിച്ചു: ‘ഭക്ഷണം കഴിക്കാന്‍ വരുന്നില്ലേ?’ വിശപ്പും ദാഹവും കാരണം തല കറങ്ങുന്ന അവസ്ഥയിലായിരുന്നു ത്യാഗരാജന്. ഒരു പാത്രമെടുത്ത് ക്യൂവില്‍ നിന്നു. ആവി പറക്കുന്ന ചോറും ചപ്പാത്തിയും ചിക്കന്‍ കറിയുമൊക്കെയായി വിഭവങ്ങളോരോന്നും പ്ലേറ്റില്‍ നിറഞ്ഞുകൊണ്ടിരുന്നു. കഠിനമായി വിശപ്പറിഞ്ഞ ഒരു മനുഷ്യന്റെ മുന്നില്‍ ഒരുപാടു ഭക്ഷണം വന്നെത്തിയപ്പോഴുള്ള സന്തോഷം. ത്യാഗരാജന്റെ കണ്ണ് നിറഞ്ഞു. ഭക്ഷണപ്പാത്രത്തിലേക്ക് കണ്ണീര് വീണ നിമിഷം പിറകില്‍നിന്ന് കനത്ത ഒരു ശബ്ദം കൂരമ്പുപോലെ ത്യാഗരാജന്റെ ചെവിയില്‍ തറച്ചു. ‘ആരെടാ നീ?’ ഒന്നും പറയാനാവാതെ ദയനീയമായി അയാളുടെ മുഖത്തേക്ക് ത്യാഗരാജന് നോക്കി. ‘ആഹാരം കഴിച്ചിട്ട് കുറേ ദിവസമായി’ എന്നു പറഞ്ഞ് മുഴുമിപ്പിക്കുംമുമ്പ് അയാള്‍ ത്യാഗരാജന്റെ കൈയില്‍നിന്ന് ഭക്ഷണപ്പാത്രം പിടിച്ചുവാങ്ങി. പാത്രത്തിലുണ്ടായിരുന്ന ഭക്ഷണം കുറെ നിലത്തുവീണു. ‘ആരോടു ചോദിച്ചിട്ടാണ് ഇതിനകത്ത് കയറിയത്? നിന്നെ ആരാണ് ഇങ്ങോട്ട് കയറ്റിവിട്ടത്?’ ചോദ്യങ്ങള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരും അല്ലാത്തവരും ചോദിച്ചുകൊണ്ടിരുന്നു. ഭക്ഷണം വിതരണംചെയ്തിരുന്ന രണ്ടുപേര്‍ ചേര്‍ന്ന് ത്യാഗരാജനെ മാറില്‍ പിടിച്ച് പുറത്തേക്ക് കൊണ്ടുപോയി സെക്യൂരിറ്റിക്കാരനെ വിളിച്ച് ചോദിച്ചു: ‘ഷൂട്ടിങ്ങുമായി ബന്ധമില്ലാത്ത ഈ പയ്യന്മാരെയൊക്കെ ആരാണിങ്ങോട്ട് കടത്തിവിട്ടത്?’ സെക്യൂരിറ്റിക്കാരന് ത്യാഗരാജനെ വലിച്ചിഴച്ച് ഗേറ്റിനു പുറത്തേക്ക് തള്ളിയിടുന്ന കാഴ്ചകണ്ട് അപ്പോള്‍ സ്റ്റുഡിയോയിലുണ്ടായിരുന്ന പല താരങ്ങളും പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. വേദനയോടെ നടന്നകലുമ്പോള്‍ ‘ആരെടാ നീ?’ എന്ന ആ കനത്തശബ്ദം വീണ്ടും വീണ്ടും ത്യാഗരാജന്റെ കാതുകളില്‍ മുഴങ്ങി. ശബ്ദം മാത്രമല്ല, ശബ്ദത്തിന്റെ ഉടമയുടെ മുഖവും മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിറങ്ങി. പൊള്ളുന്ന അനുഭവങ്ങളോട് നിരന്തരമായി ഏറ്റുമുട്ടേണ്ടിവന്നിട്ടും മദിരാശി വിടാന്‍ ത്യാഗരാജന് തയ്യാറായില്ല. ആ നിശ്ചയദാര്‍ഢ്യത്തിന് കാരിരുമ്പിനെക്കാള്‍ കരുത്തും തീക്ഷ്ണതയുമുണ്ടായിരുന്നു. ഓരോ ദിവസവും ഭാഗ്യപരീക്ഷണങ്ങള്‍ കഴിഞ്ഞ് രാത്രിയോടെ ചൂളൈമേട്ടിലെ മുറിയിലെത്തുമ്പോള്‍ മേസ്തിരി പറയും, ‘നിരാശപ്പെടേണ്ട, ഇപ്പോഴുണ്ടായ അനുഭവങ്ങളെല്ലാം കരുത്താക്കി മാറ്റണം. തോറ്റു പിന്മാറരുത്. നന്നായി പരിശ്രമിക്ക്. താന്‍ രക്ഷപ്പെടും.’
വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ബാഗില്‍ കരുതിയ രണ്ടു ജോടി വസ്ത്രങ്ങളാണ് ത്യാഗരാജന്റെ കൈയിലുണ്ടായിരുന്നത്. ബാഗ് മോഷ്ടിക്കപ്പെട്ടതോടെ ബാക്കിയായത് ധരിച്ചിരുന്ന പാന്റും ഷര്‍ട്ടും മാത്രം. മിക്ക രാത്രികളിലും ആ വസ്ത്രങ്ങള്‍ കഴുകിയിടും. ചൂളൈമേട്ടിലെ മേസ്തിരിക്കൊപ്പമുള്ള ജീവിതത്തില്‍ ത്യാഗരാജന് ചെയ്യേണ്ടി വന്ന ജോലി ഇത്രമാത്രം. മേസ്തിരിക്കുവേണ്ടി ഒരു ഗ്ലാസ് കാപ്പി പോലും ഇട്ടുകൊടുക്കേണ്ടിവന്നില്ല. വെള്ളിവെളിച്ചത്തിലേക്കുള്ള പ്രവേശനത്തിനായി നിരന്തരം കഷ്ടപ്പാടു നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചതിന്റെ ഫലമാവാം ഒരു രാത്രി ത്യാഗരാജന് കടുത്ത പനി ബാധിച്ചു. തൊട്ടടുത്തൊന്നും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷ വിളിച്ച് മേസ്തിരി ദൂരെയുള്ള ഡോക്ടറുടെ അരികിലേക്ക് ത്യാഗരാജനെ കൊണ്ടുപോയി. മരുന്ന് വാങ്ങിക്കൊടുത്തു. രാത്രി കാപ്പിയും റൊട്ടിയും കഴിപ്പിച്ചു. ഒരു കൂടപ്പിറപ്പിനെപ്പോലെ, പലപ്പോഴും പിതൃതുല്യമായ വാത്സല്യത്തോടെ മേസ്തിരി ത്യാഗരാജനെ സംരക്ഷിച്ചു.
‘മേസ്തിരിക്ക് വേറെയാരുമില്ലേ?’ ഒരു രാത്രി ത്യാഗരാജന് ചോദിച്ചു. കുറെ നേരത്തെ മൗനത്തിനുശേഷം തന്റെ ജീവിതം ചൂളൈമേട്ടിലെ ആ ചെറിയ മുറിക്കുള്ളില്‍ ഒതുങ്ങിപ്പോയതിന്റെ കഥ മേസ്തിരി ത്യാഗരാജനോട് പറഞ്ഞു. നാട്ടില്‍ നല്ല നിലയില്‍ കഴിഞ്ഞുവന്ന ഒരു കുടുംബത്തിലെ മൂത്ത മകനായിരുന്നു വടിവേല്‍. താഴെ മൂന്ന് സഹോദരിമാര്‍. അച്ഛനുമമ്മയും നേരത്തേ മരിച്ചു. സഹോദരിമാരെ മൂന്നുപേരെയും കല്യാണം കഴിപ്പിച്ചയയ്ക്കേണ്ട ബാധ്യത വടിവേലിനു നല്‍കിയാണ് അവര്‍ പോയത്. ആ ഉത്തരവാദിത്വം പകലന്തിയോളം ജോലിചെയ്ത് നിറവേറ്റുംവരെ തന്റെ വിവാഹത്തെക്കുറിച്ച് അയാള്‍ ചിന്തിച്ചില്ല. സഹോദരിമാര്‍ക്ക് കുടുംബമായി. ഒറ്റപ്പെടലിന്റെ ആ നാളുകളിലാണ് പാര്‍വതി വടിവേലിന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. സന്തോഷകരമായ മൂന്നു വര്‍ഷങ്ങള്‍, അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. സുബ്രഹ്മണ്യന് എന്നായിരുന്നു അവന് പേരിട്ടതെങ്കിലും എല്ലാവരുടെയും സുബ്രുവായിരുന്നു അവന്. മകന് നാലുവയസ്സുള്ളപ്പോള്‍ പാര്‍വ്വതിക്ക് നെഞ്ചിലൊരു മുഴ വന്നു. നാട്ടിലെ പല ഡോക്ടര്‍മാരെയും കാണിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോഴാണ് നെഞ്ചിലെ മുഴ കാന്‍സറാണെന്ന് അറിയുന്നത്. പിന്നെ അന്നന്നത്തെ വരുമാനം ഭാര്യയുടെ മരുന്നിനു മാത്രം മാറ്റിവെച്ചു. എല്ലാം പാര്‍വതി അറിയുന്നുണ്ടായിരുന്നു. ഒമ്പതുമാസങ്ങള്ക്കപ്പുറം പോയില്ല. വടിവേലിനെയും സുബ്രുവിനെയും തനിച്ചാക്കി പാര്‍വതി മടങ്ങി.
സഹോദരിമാരുടെ വീടുകളില്‍ മാറി മാറി നിര്‍ത്തിയായിരുന്നു സുബ്രുവിനെ പിന്നീട് വളര്‍ത്തിയത്. ആമ്പൂരിലെ ഒരു വലിയ വീടിന്റെ മേല്‍ക്കൂരയുടെ പണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് വടിവേലിനെ അന്വേഷിച്ച് അയല്‍വാസികള്‍ വന്നത്. മൂത്ത സഹോദരിക്ക് സുഖമില്ല, പെട്ടെന്ന് വീട്ടിലേക്ക് ചെല്ലണം. മറ്റൊന്നും അവര്‍ പറയാന്‍ കൂട്ടാക്കിയില്ല. വീട്ടിലെത്തുമ്പോള്‍ നാട്ടുകാരെല്ലാവരും കണ്ണീരണിഞ്ഞ് മുറ്റത്തു നില്ക്കുന്നു. എന്തു പറ്റിയെന്ന് ചോദിച്ചിട്ട് ആരും ഒന്നും പറയുന്നില്ല. ആ ചെറിയ ഓലപ്പുരയുടെ കോലായിലേക്ക് കയറി ഒന്നു നോക്കിയതേയുള്ളൂ. മൂത്ത സഹോദരി അലമുറയിട്ട് കരഞ്ഞു. തൊട്ടടുത്ത് സുബ്രു നല്ല ഉറക്കത്തിലാണ്. ഒരിക്കലും ഉണരാത്ത ഉറക്കം. കളിക്കുമ്പോള്‍ വീട്ടിലെ കിണറ്റില്‍ വീണുപോയതാണ്. അടുത്ത വീട്ടിലെ ആളുകളെല്ലാം ജോലിക്ക് പോയിരുന്നു. ഒപ്പം കളിച്ച കുട്ടികള്‍ അലറിക്കരഞ്ഞ് ആളുകളെ കൂട്ടിയപ്പോഴേക്കും സുബ്രു കിണറ്റിന്റെ ആഴങ്ങളിലേക്ക് പതിയെ പതിയെ ആണ്ടുപോയിരുന്നു. മകന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് അന്ന് നാട്ടില്‍നിന്ന് പോന്നതാണ്. പിന്നെ ചൂളൈമേടായി ജീവനും ജീവിതവും. സ്വന്തം കഥ മേസ്തിരി ത്യാഗരാജനോട് പറഞ്ഞുതീര്‍ത്തത് ഇങ്ങനെയാണ്. ‘സുബ്രു എന്നെ തനിച്ചാക്കി അവന്റെ അമ്മയുടെ അടുത്തേക്ക് പോകുമ്പോള്‍ ആറ് വയസ്സാണവന് പ്രായം. ജീവിച്ചിരുന്നെങ്കില്‍ അവന് നിന്റെ വയസ്സായിരിക്കും.’
വടിവേല്‍ മേസ്തിരി തന്നോടു കാണിച്ച പിതൃതുല്യമായ സ്നേഹവായ്പുകളുടെ ആഴവും പരപ്പും അപ്പോഴാണ് ത്യാഗരാജന് മനസ്സിലാവുന്നത്.
(തുടരും…..)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]