
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല സമയത്ത് താൻ ഏറ്റവുമധികം മിസ്സ് ചെയ്യുന്നത് കൽപ്പനയെയാണെന്ന് നടി ആനി. വിശേഷങ്ങൾ മാതൃഭൂമിയോട് പങ്കുവെക്കവെയാണ് ആനി കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. ഇത്തവണ പൊങ്കാലയിടാൻ മകനുണ്ടെന്നും അടുത്ത തലമുറയിലേയ്ക്ക് ആചാരങ്ങൾ കെെമാറണമല്ലോയെന്നും ആനി കൂട്ടിച്ചേർത്തു. കഴിഞ്ഞ 25 വര്ഷങ്ങളായി ആനി ആറ്റുകാല് അമ്മയ്ക്ക് പൊങ്കാല നേദിക്കുന്നുണ്ട്. ക്ഷേത്രമുറ്റത്ത് നിന്നും വീട്ടിലേയ്ക്ക് പൊങ്കാലയിടൽ മാറാനുള്ള കാരണവും ആനി വെളിപ്പെടുത്തി.
‘ക്ഷേത്രമുറ്റത്ത് പൊങ്കാലിയിടുമ്പോൾ ഉത്സവത്തിൻ്റെ ഓളം പ്രകടമാകും. അതെനിക്ക് പകർന്ന് തന്നത് ഏട്ടന്റെ അമ്മയെയാണ്. ആറ്റുകാൽ അമ്മയുടെ നടയിൽ, കാർത്തിക കല്യാണ മണ്ഡപത്തിനടുത്താണ് പൊങ്കാല ഇട്ടിരുന്നത്. എല്ലാക്കൊല്ലവും അമ്മയുടെ ഒപ്പം പോകുമായിരുന്നു, അമ്മയാണ് പഠിപ്പിച്ചത്. പിന്നീട് വീട്ടിലേയ്ക്ക് മാറി. ഒരിക്കൽ ഒറ്റയ്ക്ക് പോയപ്പോൾ കൂടെ വരാൻ പറ്റാത്തതുകൊണ്ട് അമ്മയ്ക്ക് പ്രയാസമായി. അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കാരണം വരാനായില്ല. പിന്നെ എല്ലാക്കൊല്ലവും വീട്ടിന്റെ മുറ്റത്ത് പൊങ്കാലയിടാൻ തീരുമാനിച്ചു. അമ്മയ്ക്ക് അപ്പോൾ രാവിലെയാകുമ്പോൾ ഉത്സാഹമാണ്. അമ്മ കസേരയിട്ട് ഉമ്മറത്തിരിക്കും, ഇവിടേയ്ക്ക് ആളുകൾ എത്താൻ തുടങ്ങി. രണ്ട് കൊല്ലമായി അമ്മ ഒപ്പമില്ല, എന്നാലും അമ്മ കസേരയിൽ ഉണ്ടെന്ന തോന്നലാണ് എനിക്ക്.
ഞാനും ചിപ്പിയും എല്ലാക്കൊല്ലവും പൊങ്കാലയ്ക്ക് കാണും. ചിപ്പി ഒക്കെ വളരെ ചെറുപ്പത്തിലെ എത്തിയിട്ടുണ്ടാകും. കാർത്തിക കല്യാണമണ്ഡപത്തിന് അടുത്ത് ഇരിക്കുമ്പോൾ ചിപ്പിയും കൽപ്പന ചേച്ചിയും ഒപ്പമുണ്ടാകും. ഇത്തവണ പോകുന്നുണ്ടോയെന്ന് ചോദിച്ച് ജലജ ചേച്ചി വിളിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ അവിടെ ഏറ്റവും മിസ് ചെയ്യുന്നത് കൽപ്പന ചേച്ചിയെയാണ്. കൽപ്പന ചേച്ചി താഴെയിരുന്നിട്ട് ”നീ എന്ത് ചെയ്തു” എന്നൊക്കെ വിളിച്ച് ചോദിക്കും. ഞങ്ങൾ ചേച്ചിയുടെ അടുത്ത് പോകും, ചേച്ചി ഞങ്ങളുടെ അടുത്തേയ്ക്ക് വരും. പൊങ്കാലയിട്ടതിന് ശേഷമുള്ള സന്തോഷമുള്ള നിമിഷങ്ങളൊക്കെ രസമായിരുന്നു’, ആനി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]