മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഞായറാഴ്ച പുറത്തിറങ്ങി. പ്രൗഢഗംഭീരമായ ചടങ്ങിൽ മമ്മൂട്ടിയാണ് ടീസർ ലോഞ്ച് ചെയ്തത്. ടീസർ അവതരിപ്പിച്ചശേഷം ചിത്രത്തേക്കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും മമ്മൂട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
പൃഥ്വിരാജ് ഇത്രയും ചെറിയൊരു പടമെടുക്കും എന്ന് വിചാരിച്ചില്ലെന്നാണ് മമ്മൂട്ടി പറഞ്ഞത്. നമ്മൾ കണ്ടിട്ടുള്ളതിൽവെച്ചേറ്റവും വലിയ ചെറിയ പടം ഇതാണ്. എല്ലാ വിജയങ്ങളും നേരുന്നു. ഇത് മലയാള സിനിമയുടെ വിജയമാകട്ടെ. നമുക്കെല്ലാവർക്കും അതിന്റെ ഭാഗമാവാൻ സാധിക്കട്ടെയെന്നും മമ്മൂട്ടി പറഞ്ഞു.
ആശീർവാദ് സിനിമാസിന്റെ 25-ാം വാർഷികാഘോഷവും ടീസർ ലോഞ്ചിന്റെ ഭാഗമായി നടന്നു. ആശീർവാദിന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടി പറഞ്ഞതിങ്ങനെ: “ആന്റണിയുടെ ആശീർവാദ് ആണിപ്പോൾ പ്രത്യേകം ആശീർവാദം ആഗ്രഹിക്കുന്നത്. ആശീർവദിക്കാൻമാത്രം എനിക്കെന്ത് അർഹതയാണുള്ളതെന്ന് അറിയില്ല. എങ്കിലും എല്ലാ ആശംസകളും സ്നേഹവും ആശീർവാദിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകളും നേരുന്നു.”
ലെയ്ക്ക പ്രൊഡക്ഷൻസ് മലയാളത്തിൽ നിർമ്മാണപങ്കാളിയാകുന്ന ആദ്യ ചിത്രം കൂടിയാണ്, 2019-ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തുടർച്ചയായെത്തുന്ന എൽ2: എമ്പുരാൻ. എട്ട് സംസ്ഥാനങ്ങളിലും നാല് രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാൻ ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിൽ മഞ്ജു വാര്യർ, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രജിത്ത്, ഫാസിൽ, സാനിയ ഇയ്യപ്പൻ, പൃഥ്വിരാജ്, നൈല ഉഷ, അർജുൻ ദാസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ഫ്രഞ്ച് നടൻ എറിക് എബൗനി, ബ്രിട്ടീഷ് നടി ആൻഡ്രിയ തിവദാർ എന്നിവർ ഉൾപ്പെടെയുള്ള വിദേശതാരങ്ങളും ചിത്രത്തിൽ എത്തുന്നുവെന്നാണ് വിവരം. മാർച്ച് 27-നാണ് എമ്പുരാൻ തിയേറ്ററുകളിലെത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]