
അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാഫിയെ അനുസ്മരിച്ച് തമിഴ് സൂപ്പർതാരം വിക്രം. തനിക്ക് ഒരു പ്രിയ സുഹൃത്തിനെ നഷ്ടപ്പെട്ടുവെന്നാണ് വിക്രം വികാരനിർഭരമായ സോഷ്യൽമീഡിയാ പോസ്റ്റിൽ പറഞ്ഞത്. താൻ അറിഞ്ഞതിൽ വെച്ചേറ്റവും രസികരായ മനുഷ്യരിൽ ഒരാളായിരുന്നു ഷാഫിയെന്നും വിക്രം ഓർമിച്ചു.
‘ഇന്ന്, എനിക്ക് ഒരു പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ടു, ലോകത്തിന് അത്രമേൽ അവിശ്വസനീയമായ ഒരു കഥാകാരനെയും. ഞാൻ അറിഞ്ഞിട്ടുള്ളതിൽ വച്ച് ഏറ്റവും രസികരായ മനുഷ്യരിൽ ഒരാളായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും ലളിതമായ നിമിഷങ്ങളിൽ സൗന്ദര്യം കാണാൻ സാധിച്ചു അദ്ദേഹത്തിന്. അദ്ദേഹം ഇനി നമുക്കിടയിൽ ഇല്ലായിരിക്കാം. പക്ഷേ നമുക്ക് നൽകിയ ചിരി കൊണ്ടും വൈകാരികതകൊണ്ടും ഓർമ്മകൾ കൊണ്ടും അദ്ദേഹം എപ്പോഴും ജീവിക്കും. നിങ്ങളെ ഒരിക്കലും മറക്കില്ല,’ വിക്രം കുറിച്ചു.
വിക്രമിനെ നായകനാക്കി മജ എന്ന ചിത്രം ഷാഫി സംവിധാനംചെയ്തിരുന്നു. ഷാഫിയുടെതന്നെ സംവിധാനത്തിലെത്തിയ തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു ചിത്രം. മലയാളത്തിൽ മമ്മൂട്ടി അവതരിപ്പിച്ച വേഷത്തിലാണ് വിക്രം എത്തിയത്. ലാലിന്റെ കഥാപാത്രമായി പശുപതിയും രാജൻ.പി.ദേവിന്റെ അച്ഛൻ കഥാപാത്രമായി മണിവർണനുമെത്തി.
ഞായറാഴ്ച പുലർച്ചെ 12.25-നായിരുന്നു ഷാഫിയുടെ അന്ത്യം. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]