അതിമോഹമാണ് മോനേ അതിമോഹം… എന്റെ അച്ഛന്റെ ചിത കത്തുന്ന കാലംവരെ നിനക്ക് ആയുസ്സുണ്ടാകുമെന്ന മോഹം. അത് തെറ്റായിരുന്നു എന്ന് ബോധ്യപ്പെടുമ്പോള്‍ നീ വാ… അച്ഛന്റെ കാല് വിരലില്‍നിന്ന് രണ്ടോ മൂന്നോ നഖം വെട്ടിത്തരാം ഞാന്‍. അത് കൊണ്ടുപോയി ചന്ദനമുട്ടിയില്‍ വെച്ച് കത്തിച്ച് ആശതീര്‍ക്കാം നിനക്ക്, ആശതീര്‍ക്കാം… ആറുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഡന് തിരിച്ചുവന്നിരിക്കുന്നു. പുതിയ കളികള്‍ കാണാനും… ചിലത് കാണിച്ച് പഠിപ്പിക്കാനും… നീ പോ മോനേ ദിനേശാ… -ഭാരതപ്പുഴയുടെ തീരത്ത് അച്ഛന് ശേഷക്രിയ ചെയ്യാനെത്തിയ മണപ്പള്ളി പവിത്രന്റെ നെറ്റിയില്‍ വിരല്‍ചൂണ്ടി പുവള്ളി ഇന്ദുചൂഡന് അലറിയപ്പോള്‍ തിയേറ്ററുകള്‍ ഇളകിമറിഞ്ഞു…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായ സിനിമയും കഥാപാത്രവും സംഭാഷണങ്ങളും പിറന്നിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. മോഹന്‍ലാലിനെ നാകനാക്കി ഷാജി കൈലാസ് ഒരുക്കിയ മാസ് ചിത്രം നരസിംഹത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന എഐ കാലത്തും മലയാളിയുടെ മനസ്സില്‍ ആ ഡയലോഗുകള്‍ മാസ്സായി നില്ക്കുന്നു..
2000 ജനുവരി 28-നാണ് നരസിംഹം റിലീസിനെത്തുന്നത്. രഞ്ജിത്തിന്റെ കഥയില്‍ ഒരുങ്ങിയ പൂവള്ളി ഇന്ദുചൂഢനെന്ന മാസ് നായക കഥാപാത്രവും സംഭാഷണങ്ങളും ഇന്നും ആരാധകര്‍ക്ക് ലഹരിയാണ്.
ബോക്സോഫീസില്‍ തകര്‍പ്പന്‍ കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം നിര്‍മിച്ചത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയായിരുന്നു നരസിംഹം
തിലകന്, ജഗതി ശ്രീകുമാര്‍, എന്‍.എഫ് വര്‍ഗീസ്, ഐശ്വര്യ, ഭാരതി, സ്ഫടികം ജോര്‍ജ്, സായ്കുമാര് എന്നീ താരനിരയ്ക്കൊപ്പം അതിഥി വേഷത്തില്‍ മമ്മൂട്ടിയും ചിത്രത്തിന്റെ ഭാഗമായി. അഡ്വക്കേറ്റ് നന്ദഗോപാല മാരാര്‍ എന്ന മമ്മൂട്ടി കഥാപാത്രവും ആരാധകരെ ഇന്നും ആവേശം കൊള്ളിക്കുന്നു.
‘ചിത്രം ഇന്നും ചാനലില്‍ വരുമ്പോള്‍ അത് കാണാന്‍ ആളുകളുണ്ട്. ആ ചിത്രം റിലീസ്ചെയ്ത കാലത്ത് ജനിക്കാത്ത കുട്ടികളാണ് ഇന്നെന്റെ ആരാധകര്‍…’നരസിംഹം എന്ന ചിത്രം തീര്‍ത്ത വിസ്മയങ്ങള്‍ പങ്കുവെച്ചുകൊണ്ട് മുമ്പ് ഷാജി കൈലാസ് പറയുകയുണ്ടായി.
നരസിംഹത്തിന്റെ പിറവിയെകുറിച്ച് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞതിങ്ങനെ….
‘ആറാം തമ്പുരാന് എന്ന ചിത്രം കഴിഞ്ഞപ്പോള്‍ ഇനി അതിനെക്കാള്‍ മുകളില്‍ നില്ക്കുന്ന ഒരു സിനിമ എങ്ങനെ ചെയ്യും എന്നതായിരുന്നു ഞങ്ങളുടെ ചിന്ത. അങ്ങനെയിരിക്കെയാണ് തിരുവനന്തപുരം പങ്കജ് ഹോട്ടലില്‍ വെച്ചുള്ള കൂടിക്കാഴ്ചയില്‍ ആന്റണി പെരുമ്പാവൂരിനും പ്രൊഡക്ഷന്‍ കണ്ട്രോളര് സച്ചിക്കും വേണ്ടി ഒരു സിനിമ ചെയ്തുകൊടുക്കുവാന്‍ പറ്റുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചത്. ആന്റണി പെരുമ്പാവൂരും വിതരണക്കാരനായി സ്വര്‍ഗചിത്ര അപ്പച്ചനും വന്നതോടെ ഫിനാന്‍ഷ്യല്‍ ഏരിയ ഓക്കെയായി. കഥയൊന്നും കൈയിലില്ലെങ്കിലും ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെ ഞാനും രഞ്ജിത്തും ചെന്നൈയിലെ ഈരാളി ഗസ്റ്റ്ഹൗസിലിരുന്ന് കഥാചര്‍ച്ച തുടങ്ങി. അങ്ങനെ ആദ്യം തീരുമാനിച്ചത് ദാവീദ് രാജാവ് എന്ന ചിത്രമായിരുന്നു. പക്ഷേ, ചര്‍ച്ച പുരോഗമിച്ചപ്പോള്‍ അതില്‍ അത്ര സംതൃപ്തി തോന്നിയില്ല. പിന്നീട് കഥ മാറ്റി ചിന്തിച്ചു. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ പരാജയപ്പെട്ട നായകന്റെ തിരിച്ചുവരവ് പ്രേക്ഷകര്‍ക്ക് എന്നും രസിക്കുന്ന വിഷയമാണ്. അത്തരമൊരു കഥയിലേക്ക് ഫോക്കസ് ചെയ്യാന്‍ ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. അങ്ങനെയാണ് ചെയ്യാത്ത കുറ്റത്തിന് ആറുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം തിരിച്ചു വരുന്ന ഇന്ദുചൂഡന് എന്ന കഥാപാത്രത്തെ കിട്ടുന്നത്. ഫ്യൂഡല്‍ പശ്ചാത്തലത്തില്‍ പറഞ്ഞുപോകുന്ന മധുരമായ പ്രതികാരത്തിന്റെ കഥയുടെ വണ്‍ലൈനുമായി ഞാനും രഞ്ജിത്തും കോഴിക്കോട്ടേക്ക് വണ്ടികയറി. ബാക്കി ഭാഗങ്ങള്‍ കാലിക്കറ്റ് ടവറിലിരുന്നാണ് രൂപപ്പെടുത്തിയത്. കഥ രൂപപ്പെട്ടപ്പോള്‍ മോഹന്‍ലാലിനോട് പറയാന്‍ ഞങ്ങള്‍ ചെന്നൈയിലേക്ക് പറന്നു. ആദ്യം ചിത്രത്തിന് സിംഹം എന്നായിരുന്നു ടൈറ്റില്‍ തീരുമാനിച്ചത്. തൂണിലും തുരുമ്പിലും നിറഞ്ഞുനില്ക്കുന്ന ശക്തി എന്ന നിലയില്‍ പിന്നീടത് നരസിംഹം എന്നാക്കി. സീനിലേക്ക് ഇടിച്ചുനില്‍ക്കുന്ന രസകരമായ സ്ക്രിപ്റ്റായിരുന്നു ചിത്രത്തിനുവേണ്ടി രഞ്ജിത്ത് ഒരുക്കിയത്. ഇന്റര്‍വെല്‍ വരെയുള്ള തിരക്കഥയായിരുന്നു രഞ്ജിത്ത് ആദ്യം എഴുതിയത്. അതിനിടയില്‍ ലാലിന് ഒരുമാസത്തെ അമേരിക്കന്‍ പരിപാടിയുണ്ട്, അത് കഴിഞ്ഞുവരുമ്പോള്‍ ബാക്കി എഴുതാം എന്നതായിരുന്നു പ്ലാന്‍. ഈ ടീമിലുള്ള വിശ്വാസം കാരണം ലാല്‍ പൂര്‍ണമായ തിരക്കഥയൊന്നും ചോദിച്ചില്ല.
ചിത്രത്തില്‍ മമ്മൂട്ടിയുടെ എന്ട്രിയേക്കുറിച്ചും ഷാജി കൈലാസ് അഭിമുഖത്തില്‍ പറയുകയുണ്ടായി. ‘ചിത്രത്തിന്റെ രണ്ടാംപകുതി എഴുതിയപ്പോഴാണ് ഇതില്‍ ഇന്ദുചൂഡനെ രക്ഷിക്കാനെത്തുന്ന അഡ്വ. നന്ദഗോപാലമാരാര്‍ എന്ന ശക്തനായ കഥാപാത്രം വരുന്നത്. ആ കഥാപാത്രത്തിലേക്ക് സുരേഷ് ഗോപിയെയടക്കം പല താരങ്ങളെയും ചിന്തിച്ചു. ഒടുവിലാണ് മമ്മൂട്ടിയില്‍ എത്തിയത്. ‘ഞാന്‍ ഇത് ചെയ്താല്‍ നിങ്ങള്‍ എനിക്കെന്ത് തരും” കഥ കേട്ടപ്പോള്‍ മമ്മൂട്ടി ചോദിച്ചു.”ഞങ്ങള്‍ ഒരു പടം ചെയ്ത് തരാം” ഞാന്‍ പറഞ്ഞു. അങ്ങനെ മമ്മൂക്ക അഡ്വ. നന്ദഗോപാലമാരാര്‍ എന്ന കഥാപാത്രമാകാന്‍ സമ്മതിച്ചു. അതിനുപിന്നാലെ വല്ല്യേട്ടന് എന്ന കഥാപാത്രം സമ്മാനിച്ചാണ് ഞങ്ങള്‍ മമ്മൂക്കയ്ക്ക് കൊടുത്ത വാക്ക് പാലിച്ചത്’, ഷാജി കൈലാസ് പറഞ്ഞു.
എം.ജി രാധാകൃഷ്ണന് ഈണം നല്കിയ ഈ ചിത്രത്തിലെ ഗാനങ്ങളും എക്കാലത്തേയും മികച്ച ഹിറ്റുകളില്‍ ഒന്നായിമാറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]