
ഷാഫിയുടെ ചിത്രമാണോ, ചിരി ഗ്യാരന്റി എന്നതായിരുന്നു ഒരുകാലത്ത് മലയാളസിനിമാ പ്രേക്ഷകര്‍ക്കിടയിലെ സംസാരം. അത് യാഥാര്‍ഥ്യവുമായിരുന്നു. വണ്‍മാന്‍ഷോ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ഷാഫിയുടെ സംവിധാനത്തില്‍ പിന്നീട് പുറത്തിറങ്ങിയതെല്ലാം മലയാളത്തിലെ ബമ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു. കല്യാണരാമനും പുലിവാല് കല്യാണവും തൊമ്മനും മക്കളും ചോക്ലേറ്റും മായാവിയും ചട്ടമ്പിനാടുമെല്ലാം ബോക്സോഫീസില്‍ തിളങ്ങി. ഷാഫിയുടെ ചിത്രമായ കല്യാണരാമനിലെയും പുലിവാല് കല്യാണത്തിലെയുമെല്ലാം ഓരോ സീനുകളും മലയാളികള്‍ക്കിന്നും കാണാപാഠമാണ്. ആ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം അത്രയേറെ പ്രേക്ഷകരുടെ മനസ്സില്പതിഞ്ഞവയും.
1995-ല്‍ രാജസേനന്റെ ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടായിരുന്നു ഷാഫിയുടെ വെള്ളിത്തിരയിലെ തുടക്കം. രാജസേനന്റെ തന്നെ ‘ദില്ലിവാല രാജകുമാരന്’, സിദ്ദിഖിന്റെ ‘ഹിറ്റ്ലര്‍’, ‘ഫ്രണ്ട്സ്’ തുടങ്ങിയ സിനിമകളിലും സംവിധാന സഹായിയായി. പിന്നീട് സഹോദരന് റാഫിക്കൊപ്പം റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്പിറന്ന ചിത്രങ്ങളിലും ഷാഫി പങ്കാളിയായി.
2001-ല്‍ പുറത്തിറങ്ങിയ ജയറാം, ലാല്‍, സംയുക്തവര്‍മ തുടങ്ങിയവര്‍ അഭിനയിച്ച ‘വണ്‍മാന്‍ഷോ’ ആണ് ഷാഫി സംവിധാനം ചെയ്ത ആദ്യചിത്രം. റാഫി മെക്കാര്‍ട്ടിനായിരുന്നു ഈ ചിത്രത്തിന്റെ തിരക്കഥ. പിന്നീട് കല്യാണരാമന്, പുലിവാല് കല്യാണം, തൊമ്മനും മക്കളും, ചോക്ലേറ്റ്, മായാവി, ലോലിപോപ്പ്, ചട്ടമ്പി നാട് എന്നിങ്ങനെ മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങള്‍ ഷാഫി പ്രേക്ഷകര്‍ക്കായി ഒരുക്കി. ആകെ 17 ചിത്രങ്ങളാണ് ഷാഫിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്. ബെന്നി പി.നായരമ്പലത്തിന്റെ തിരക്കഥയിലായിരുന്നു ഷാഫിയുടെ മിക്ക ഹിറ്റ് സിനിമകളും. തൊമ്മനും മക്കളും എന്ന സിനിമയുടെ തമിഴ് റീമേക്കായ ‘മജ’യിലൂടെ തമിഴിലും അദ്ദേഹം സാന്നിധ്യമറിയിച്ചു.
നടക്കാത്ത സ്വപ്നമായി ഹലോ മായാവി
2022-നുശേഷം ഷാഫി സിനിമകളൊന്നും സംവിധാനംചെയ്തില്ല. റാഫി-മെക്കാര്‍ട്ടിന്‍ ജോഡിയുടെ ‘ഹലോ’യും സ്വന്തം ഹിറ്റുകളിലൊന്നായ ‘മായാവി’യും ചേര്‍ന്നുള്ള ‘ഹലോ-മായാവി’യുടെ പിന്നാലെയായിരുന്നു കുറേക്കാലം. മമ്മൂട്ടിയും മോഹന്‍ലാലും നായകരാകുന്ന ഈ സിനിമയുടെ വണ്‍ലൈന്‍ പൂര്‍ത്തിയാകുകയും ചെയ്തു. അതേക്കുറിച്ച് ഷാഫി ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെ: ”രണ്ടുപേരും വണ്‍ലൈന്‍ കേട്ട് സമ്മതംമൂളിയതാണ്. എന്നാല്‍, ചിലയാളുകളുടെ പിടിവാശി കാരണം ആ പ്രോജക്ട് നടന്നില്ല. അല്ലെങ്കില്‍ അത് ഗംഭീരസിനിമയായി മാറുമായിരുന്നു”,’മായാവി’യുടെ രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെങ്കിലും അതും സ്ക്രീനിലെത്താതെ ഷാഫിയുടെ സ്വപ്നമായി തുടര്‍ന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]