ഷാഫി സംവിധാനംചെയ്ത ചിത്രങ്ങളിലെല്ലാം നിറഞ്ഞുനിന്നത് ചിരിയാണ്. പക്ഷേ, ആ അലകള്‍ പുറപ്പെട്ടത് ഇന്നലെകളില്‍ പുരണ്ട കണ്ണീരില്‍നിന്നാണ്. ബസിന്റെ മിനിമം ടിക്കറ്റ് ചാര്‍ജ് അന്പതുപൈസയായിരുന്ന കാലത്ത് അത് ലാഭിക്കാന്‍ നാലുകിലോമീറ്റര്‍ നടന്ന് സിനിമയ്ക്കുപോയ ഭൂതകാലമുണ്ട്, ഈ സംവിധായകന്. ആ സമയത്തും മനസ്സില്നിറയെ ഭാവിയില്‍ സംവിധാനം ചെയ്യാന്‍പോകുന്ന സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ്. അതു കൂട്ടുകാരോട് പങ്കിടുകയും ചെയ്യും. അങ്ങനെയൊരു ദിവസം അവരിലൊരാള്‍ ചോദിച്ചു: ”അന്‍പതുപൈസ വണ്ടിക്കാശില്ലാത്ത നീയാണോ സിനിമയെടുക്കാന്‍ പോകുന്നത്?”
പിന്നീട് ഇതേ കൂട്ടുകാരന്‍തന്നെ ഷാഫി സംവിധായകനായപ്പോള്‍ ഈ സംഭവം ഓര്‍ത്തെടുത്തിട്ടു പറഞ്ഞു: ”നീയന്ന് പറഞ്ഞത് സത്യമായല്ലേ…”
ബാപ്പയുടെ ജോലിനഷ്ടപ്പെട്ട കാലത്തെക്കുറിച്ചും ഷാഫി ഒരിക്കല്‍ ഓര്‍മ്മിച്ചു: ”പലവര്ണങ്ങള്കൊണ്ടു നിറഞ്ഞിരുന്ന ജീവിതത്തിന്റെ ബാക്ക് ഡ്രോപ്പ് പെട്ടെന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റായി. നിറംമങ്ങിയ ഷര്‍ട്ടുകള്‍ തന്നെ വീണ്ടുംവീണ്ടും ഉമ്മ അലക്കിത്തേച്ചു. ഊണുമേശയില്‍ നിരത്തുന്ന പ്ലേറ്റുകള്‍ ഒന്നൊന്നായി കുറഞ്ഞു. തൊടുകറികളെല്ലാം കോളേജിലേക്കുള്ള പൊതിച്ചോറില്‍ ഉമ്മ ചിതറിച്ചൊഴിക്കുന്ന സാമ്പാറിലേക്കോ മോരുകൂട്ടാനിലേക്കോ സംക്രമിച്ചു…”
അതോടെ വീട്ടിലേക്ക് ഉള്‍വലിഞ്ഞ ബാപ്പയെയും തയ്യല്ജോലിക്ക്പോയ ഉമ്മയെയും ഓര്‍ത്ത് സങ്കടപ്പെട്ടാണ് ഷാഫിയും റാഫിയും ചേര്‍ന്ന് ബാഗ് കമ്പനി തുടങ്ങിയത്. ഒരുദിവസം കമ്പനിയിലേക്ക് കള്ളിമുണ്ടും ഉടുത്ത് പോകുംവഴി ഷാഫി സ്കൂളില്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് ചങ്ങാതിമാരെ കണ്ടു. ഒരാള്‍ എന്‍ജിനീയറിങ്ങിനും മറ്റൊരാള്‍ നിയമബിരുദത്തിനും മൂന്നാമന് ബെംഗളൂരുവിലും പഠിക്കുന്നു. പഠിപ്പില്‍ ഷാഫിയെക്കാള്‍ മോശമായിരുന്ന അവരുടെ വലിയവലിയ വര്‍ത്തമാനങ്ങള്‍ക്കും പദ്ധതികള്ക്കുമിടയില്നിന്ന് ഹൃദയം മുറിഞ്ഞാ താന്‍ ഇറങ്ങിനടന്നതെന്ന് ഷാഫി പിന്നീട് ഓര്‍മ്മിച്ചു.
”ആ രാത്രി ഞാന്‍ ഉറക്കമില്ലാതെ ചിന്തിച്ചു. ജീവിതത്തില്‍ എന്തെങ്കിലുമാകണം. പക്ഷേ, എന്റെ കഴിവ് എന്തിലാണ്? ഉള്ളിലുള്ളത് കണ്ടുതീര്‍ത്ത സിനിമകളുടെ പൊട്ടുംപൊടിയും മാത്രമാണ്. അതാണ് നിന്റെ വഴി എന്ന് മനസ്സ് മന്ത്രിച്ചു. അന്നുമുതല്‍ രാത്രികളില്‍ ഞാനൊരു എഴുത്തുകാരനായി. രാവ് പകലാക്കി തിരക്കഥകള്‍ എഴുതിക്കൂട്ടി. വെളുപ്പാന്‍കാലത്ത് ഒന്ന്മയങ്ങി വീണ്ടും രാവിലെ ബാഗുകമ്പനിയിലേക്ക് ഓടും. അവിടത്തെ ഇടവേളകളില്‍ രാത്രിയില്‍ എഴുതിവെച്ചവ വായിക്കും. ചവറ് എന്നായിരിക്കും ഉള്ളില്ത്തോന്നുക. അപ്പോള്‍ വലിച്ചുകീറിക്കളയും. പക്ഷേ, ഞാന്‍ തളര്‍ന്നില്ല. പകരം ഒരു തിരക്കഥാകൃത്താണ് എന്ന് വിശ്വസിച്ച് വീണ്ടും വീണ്ടും എഴുതി…” -ഷാഫിയുടെ വാക്കുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]