മലയാളസിനിമയുടെ പൊട്ടിച്ചിരിയുത്പാദക ഫാക്ടറിയെന്നുവിളിക്കാവുന്ന പുല്ലേപ്പടിയില്‍നിന്ന് സംവിധായകനിരയിലേക്ക് വന്നതാണ് ഷാഫിയും. കൊച്ചിന് ഹനീഫയും സിദ്ദിഖും ലാലും റാഫിയുമെല്ലാമടങ്ങുന്ന അവിടത്തെ തമാശക്കുടുംബത്തിലെ ഏറ്റവും ഇളയ ആള്. ചോരയെക്കാളുപരി ചിരിയിലൂടെ ബന്ധത്തിലായ മുന്‍ഗാമികളുടെ വഴിയേ ആയിരുന്നു ഷാഫിയുടെയും സഞ്ചാരം.
പുല്ലേപ്പടിയിലെ കറുപ്പനൂപ്പില് തറവാടിന്റെ മൂന്നുതാവഴികളിലും പണ്ടേയുണ്ട് കലയും തമാശയും. ഷാഫിയുടെയും സഹോദരന് റാഫിയുടെയും അമ്മാവന്മാരായ ഷെരീഫും അപ്പാക്കുട്ടിയും നാടകക്കാരായിരുന്നു. മറ്റൊരു അമ്മാവന് ലത്തീഫും വലിയ കലാപ്രേമി. ഇവരുടെ അടുത്തസുഹൃത്തായിരുന്നു കൊച്ചിന് ഹനീഫ. ഷാഫിയുടെ ഉമ്മയുടെ പിതൃസഹോദരന്റെ മകനാണ് സംവിധായകന് സിദ്ദിഖ്.
സിദ്ദിഖിന്റെ വഴിയേ മിമിക്രിയിലേക്കും സ്കിറ്റിലേക്കും റാഫിക്കു പിന്നാലെ ഷാഫിയുമെത്തി. സിദ്ദിഖ് സിനിമയിലേക്ക് പോയപ്പോള്‍ അതായി സഹോദരന്മാരുടെ സ്വപ്നം. അച്ഛന്റെ ജോലി നഷ്ടപ്പെട്ട് വീട്ടില്‍ സാമ്പത്തികബുദ്ധിമുട്ടുണ്ടായപ്പോള് റാഫിയും ഷാഫിയും ചേര്‍ന്ന് തമ്മനത്ത് അല്മാ പ്ലാസ്റ്റിക് എന്നപേരില്‍ ബാഗ് കമ്പനി തുടങ്ങി. അപ്പോഴും സിനിമയെ അവര്‍ മനസ്സില്‍ സിബ്ബിട്ട് സൂക്ഷിച്ചു.
മെക്കാര്‍ട്ടിനൊപ്പം ചേര്‍ന്ന് റാഫി മെല്ലെ തിരക്കഥയിലേക്കും പിന്നെ തിരക്കിലേക്കും നീങ്ങിയപ്പോഴും ഷാഫി ബാഗ് കമ്പനിയില്‍ തുടര്‍ന്നു. പക്ഷേ, ചേട്ടനും കൂട്ടുകാരനും സംവിധാനത്തിലേക്ക് വഴിതിരിഞ്ഞപ്പോള്‍ ഷാഫിക്ക് മലയാളസിനിമയിലേക്കുള്ള പച്ചസിഗ്നലായി. റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിന്റെ സ്ഥിരംസംവിധായകനായിരുന്ന രാജസേനന്റെ കളരിയിലായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ ‘ആദ്യത്തെ കണ്മണി’ക്ക് ശേഷം ‘ദില്ലിവാല രാജകുമാരനി’ലും സിദ്ദിഖിന്റെ ‘ഹിറ്റ്ലര്‍’, ‘ഫ്രണ്ട്സ്’ എന്നിവയിലും ഷാഫി സംവിധാനസഹായിയായി. അതിനുശേഷം റാഫി-മെക്കാര്‍ട്ടിന്‍ ജോഡിയുടെ പല ചിത്രങ്ങളിലും സഹസംവിധായകന്.
സിനിമയില്‍ അഞ്ചുവര്‍ഷം തികഞ്ഞപ്പോള്‍ ‘ഇനി സംവിധായകനായിക്കൂടേ’ എന്ന് പലരും ചോദിച്ചു. ചേട്ടന്റെ തിരക്കഥയില്‍ തുടങ്ങണമെന്നായിരുന്നു ഷാഫിയുടെ മോഹം. പക്ഷേ, നേരിട്ട് ചോദിക്കാനൊരു മടി. ‘തെങ്കാശിപ്പട്ടണം’ പളനിയില്‍ ഷൂട്ടുചെയ്യുന്ന സമയം. അര്‍ധരാത്രി ദിലീപും ലാലും കാവ്യയും അഭിനയിക്കുന്ന ഒരു സീന്‍ റാഫിയുടെയും മെക്കാര്‍ട്ടിന്റെയും അഭാവത്തില്‍ ഷാഫിയാണ് ഷൂട്ടുചെയ്തത്. പിന്നീട് എഡിറ്റിങ് ടേബിളില്‍ ആ സീന്‍ കണ്ടപ്പോള്‍ റാഫി മനസ്സിലുറപ്പിച്ചു: ‘അടുത്ത തിരക്കഥ അനുജന്.’ അങ്ങനെ, 2001-ല്‍ തിയേറ്ററുകളിലെത്തിയ വണ്‍മാന്‍ഷോയുടെ ക്രെഡിറ്റ് കാര്‍ഡില്‍ ആദ്യമായി ഇങ്ങനെ തെളിഞ്ഞു: സംവിധാനം-ഷാഫി.
അത് ചിരിയുടെ വണ്മാന്ഷോമാത്രം നിറഞ്ഞ വിജയയാത്രയുടെ തുടക്കംകൂടിയായി. ബെന്നി പി. നായരമ്പലത്തിനൊപ്പം ചേര്‍ന്നാണ് ഷാഫി ഏറ്റവുംകൂടുതല്‍ ഹിറ്റുകളൊരുക്കിയത്. ‘കല്യാണരാമനും’, ‘മേരിക്കുണ്ടൊരു കുഞ്ഞാടും’ ‘ചട്ടമ്പിനാടു’മെല്ലാം ഷാഫിയെ മലയാളത്തിലെ സംവിധായകരുടെ മുന്‍നിരയിലെത്തിച്ചു. ആ പേര് ചിരിയുടെ ഗാരന്റിയായി. ”ചിരിക്കാണ് ഏറ്റവുമധികം റിസ്ക്. സെന്റിമെന്റ്സ് ഏറ്റില്ലെങ്കില്‍ ഏറ്റില്ലെന്നേയുള്ളൂ. പക്ഷേ, ചിരി പാളിയാല്‍ ചളമാകും. വീണ്ടും സിനിമ കാണാന്‍ മലയാളപ്രേക്ഷകരെ പ്രേരിപ്പിക്കുന്നത് ചിരിയാണ്. വീണ്ടുംവീണ്ടും കാണുന്നവരാണ് സിനിമയെ വന്‍വിജയത്തിലേക്ക് നയിക്കുന്നത്” -ഷാഫിയുടെ സിദ്ധാന്തം ഇതായിരുന്നു.
ഷാഫിയുടെ സിനിമകളെല്ലാം മലയാളി വീണ്ടും വീണ്ടും കണ്ടു. അങ്ങനെ അവ പൊട്ടിച്ചിരിയുടെ ചരിത്രമെഴുതി. സ്രാങ്കെന്നും മായാവിയെന്നും കേള്‍ക്കുമ്പോള്‍ ഇന്നും ലോകത്തെവിടെയുമുള്ള മലയാളിയുടെ ചുണ്ടില്‍ ചിരി വിരിയുന്നുണ്ടെങ്കില്‍ അതില്‍ ഷാഫിയെന്ന സംവിധായകന്റെ വിയര്‍പ്പിന്റെ കഥകൂടിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]