
ബോളിവുഡിനുപുറമേ തെന്നിന്ത്യൻ സിനിമകളിലും മികച്ച വേഷങ്ങൾ ചെയ്ത് കയ്യടി നേടിയ നടനാണ് വിവേക് ഒബ്രോയി. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ഇന്ത്യൻ പോലീസ് ഫോഴ്സ് എന്ന വെബ് സീരീസാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ വന്നത്. ഈ സീരീസിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ തന്റെ ജീവിതത്തിൽ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിവേക് ഇപ്പോൾ.
സമ്മർദ്ദവും വിഷാദവും നിറഞ്ഞ സാഹചര്യങ്ങളിലൂടെ താൻ ഒരുസമയത്ത് കടന്നുപോയിരുന്നെന്ന് വിവേക് തുറന്നുപറഞ്ഞു. യുവാവായ വിവേക് ഒബ്രോയിക്ക് എന്ത് ഉപദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഒന്നിനേക്കുറിച്ച് ആലോചിച്ചും മനസ് സമ്മർദത്തിലാക്കരുതെന്നും ഒന്നും ശാശ്വതമല്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. ഇന്നുവരുന്ന വിജയം ചിലപ്പോൾ നാളെ ഉണ്ടാകണമെന്നില്ല. എല്ലാം ആസ്വദിക്കൂ എന്നും വിവേക് ഒബ്രോയി പറഞ്ഞു.
“സമ്മർദ്ദവും മാനസിക പിരിമുറുക്കവും കാരണം എന്റെ നല്ലൊരു സമയമാണ് ഞാൻ നഷ്ടപ്പെടുത്തിയത്. ഒരുപാട് പ്രശ്നങ്ങൾ തുടർച്ചയായി വന്നപ്പോൾ വിഷാദത്തിലാവുകയും മാനസികമായി ആകെ തകരുകയുംചെയ്തു. എന്റെ കരിയർ അവസാനിച്ചെന്ന് പലരും പറഞ്ഞപ്പോൾ ജീവിതത്തിലാദ്യമായി അടക്കാനാവാത്ത മാനസിക സമ്മർദത്തിലായി. ഞാൻ തുടങ്ങിയല്ലേയുള്ളൂ, അത്ര പെട്ടന്ന് എങ്ങനെയാണ് എല്ലാം അവസാനിക്കുകയെന്നാണ് ഞാൻ ചിന്തിച്ചത്. എന്നാൽ ദൈവം സഹായിച്ച് ഇഷ്ടംപോലെ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അതേസമയം എനിക്ക് ചേരാത്തതെന്ന് തോന്നുന്നതോ നടനെന്ന നിലയിൽ വെല്ലുവിളി ഉയർത്താത്തതോ ആയ വേഷങ്ങൾ നിരസിക്കേണ്ടിവരാറുമുണ്ട്. ” വിവേക് ഒബ്രോയി കൂട്ടിച്ചേർത്തു.
മലയാളത്തിൽ കടുവ എന്ന ചിത്രത്തിലാണ് വിവേക് ഒബ്രോയി അവസാനം അഭിനയിച്ചത്. കന്നഡയിൽ റുസ്തം എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. ധാരാവി ബാങ്ക് എന്ന വെബ് സീരീസിലും വേഴ്സസ് ഓഫ് വാർ എന്ന ഹ്രസ്വചിത്രത്തിലും വിവേക് ഒബ്രോയി വേഷമിട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]