
സംഗീതത്തിന്റെ നാൾവഴികളെക്കുറിച്ചും കാലഭേദങ്ങളിലെ നിലനിൽപ്പിനെയും സ്വീകാര്യതയേയുംകുറിച്ചും സംഗീതസംവിധായകൻ വിദ്യാധരൻ മാതൃഭൂമിയുമായി സംസാരിക്കുന്നു. പുലാമന്തോൾ പാലൂർ തൈപ്പൂയ രഥോത്സവത്തോടനുബന്ധിച്ചുനടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
സംഗീതത്തിന് ഒരു മാറ്റവുമില്ല. സമുദ്രം എന്ന് വിശേഷിപ്പിക്കുന്നത് സംഗീതത്തെ മാത്രമാണ്. ഗൗരവമായ ശാസ്ത്രമാണത്. ഓരോ കാലങ്ങളിൽ മനുഷ്യന്റെ അഭിരുചികളിൽ സംഭവിച്ചിട്ടുള്ള വ്യതിയാനം സംഗീതരംഗത്തും ഉണ്ടായിട്ടുണ്ട്. പുതിയ കാലത്ത് ആവശ്യപ്പെടുന്ന കഥാസന്ദർഭങ്ങൾക്കനുസരിച്ച് സംഗീതശൈലിയും മാറും. ശുദ്ധസംഗീതത്തിന്റെ വക്താക്കളായി മാറിനിൽക്കുന്നവർക്ക് ചിലപ്പോൾ അത് സഹിക്കാതെ വരുന്നുവെന്നു മാത്രം.
കേൾവിക്കാർക്ക് സുഖമുള്ളത് നൽകണം
കേൾവിക്കാർക്ക് സുഖമുള്ള സംഗീതം നൽകുകയെന്നതാണ് പ്രധാനം. പാട്ട് ശരീരമാണ്. അതിന് ഊടും പാവും നൽകി ഭംഗിയായി സൂക്ഷിക്കണം. പുതിയകാലത്തെ പിന്തുടരാതിരിക്കാൻ കഴിയില്ല.
രചനാഗുണവും സാഹിത്യഭംഗിയും
സംഗീതം നിലനിൽക്കണമെങ്കിൽ മൂല്യമുള്ള വരികൾ വേണം. കവിത സംഗീതത്തിന്റെ ചുമരാണ്. ഇതരഭാഷാ സംഗീതശൈലിയുടെ പിടിയിൽനിന്ന് മലയാളസംഗീതത്തെ വേർതിരിച്ചെടുത്തത് പി. ഭാസ്കരൻ-കെ. രാഘവൻ കൂട്ടുകെട്ടാണ്.
മഹാരഥൻമാരുടെ കാമ്പുള്ള സംഗീതം
കെ. രാഘവൻ, എം.കെ. അർജുനൻ, ബാബുരാജ്, ദേവരാജൻ, എം.എസ്. വിശ്വനാഥൻ തുടങ്ങി വലിയൊരു നിര നൽകിയ പാട്ടുകൾ നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കുന്നു. ഹിന്ദുസ്ഥാനി ശീലിൽ ഗസലിന്റെ മൂഡിൽ ബാബുരാജിന്റെ സംഗീതം കീഴടക്കിയപ്പോൾ കൂടുതൽ രാഗങ്ങൾ ഉപയോഗപ്പെടുത്തി ചിട്ടയും രീതിയും കാണിച്ചുകൊടുത്ത് ശരിയായ പൊരുളിൽ മലയാളത്തനിമ സൃഷ്ടിച്ചയാളാണ് ദേവരാജൻ.
ശബ്ദത്തിന്റെ പ്രാധാന്യം രണ്ടാമതുമാത്രം
പാട്ടിൽ ശബ്ദത്തിന്റെ സ്ഥാനം രണ്ടാമതു മാത്രമാണെന്നാണ് ഗുരു ദേവരാജൻ മാഷ് പറയാറുള്ളത്. എന്തു പാടണം എങ്ങനെയാണ് പാടേണ്ടത്, എന്താണു പാട്ട് എന്ന് തിരിച്ചറിയണം. ഭാവം പ്രധാനമാണ്. പാട്ടിന്റെ ഉള്ളിൽ അടങ്ങിയിരിക്കുന്ന ആശയം കേൾവിക്കാരന് സത്യസന്ധമായി അനുഭവിപ്പിക്കാൻ കഴിയണം.
പുതുതലമുറ സംഗീതം
ഇക്കാലത്ത് കഴിവില്ലാത്തവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. ചുരുങ്ങിയ കാലത്തേക്കുമാത്രം പാട്ടുകൾ നിലനിന്നാൽമതിയെന്ന സാഹചര്യമുണ്ട്. സിനിമയുടെ കഥയും രീതിയും അത്തരത്തിലുള്ള കാര്യമാണ് ആവശ്യപ്പെടുന്നത്. സംഗീതത്തിൽ സ്വന്തമായ വ്യക്തിത്വം നിലനിർത്താൻ പുതിയ ആളുകൾ ശ്രദ്ധിക്കണം. അനുകരണങ്ങൾ ഒഴിവാക്കി തനിമ നിലനിർത്തണം.
പാട്ടുകാരനിലേക്ക്
പാട്ടുകൾ പാടാനാണ് ഇപ്പോൾ കൂടുതലായി വിളിക്കുന്നത്. കഥാവശേഷനിലെ ‘ കണ്ണുനട്ടു കാത്തിരുന്നിട്ടും’, തണ്ണീർമത്തൻ ദിനങ്ങളിലെ ‘എന്ത് വിധിയിത്’ തുടങ്ങിയവയൊക്കെ നല്ലരീതിയിൽ സ്വീകരിക്കപ്പെട്ടു. പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ സംഗീതസംവിധായകർ ആവശ്യപ്പെടുന്ന ഫീൽ നൽകി പാടാൻ ആത്മാർഥമായി ശ്രമിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]