
മികച്ച രാജ്യാന്തര സിനിമാവിഭാഗത്തില്‍ 2024 ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു 2018. എന്നാൽ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്താവാനായിരുന്നു ചിത്രത്തിന്റെ നിയോഗം. അടുത്തഘട്ടത്തിലേക്കുള്ള യോഗ്യതയില്ലെന്നുകണ്ടാണ് ഓസ്കാര്‍ അക്കാദമി ചിത്രത്തെ തഴഞ്ഞത്. ഈയവസരത്തിൽ ആരാധകരോട് ക്ഷമാപണം നടത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
പുരസ്കാര നിർണയത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനായ ചിത്രങ്ങളുടെ പേരുവിവരങ്ങൾ അടങ്ങിയ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ആന്തണി ജോസഫ് 2018-ന്റെ പുറത്താകലിനേക്കുറിച്ച് സംസാരിച്ചത്. ഓസ്കറിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് എത്രമാത്രം സ്പെഷ്യലായിരുന്നു എന്നാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ജൂഡ് പറയുന്നത്.
“ഓസ്കർ ചുരുക്കപ്പട്ടിക പുറത്തുവന്നിരിക്കുന്നു. ദൗർഭാഗ്യവശാൽ 88 അന്താരാഷ്ട്ര ഭാഷാ ചിത്രങ്ങളുടെ കൂട്ടത്തിൽ നിന്ന് അവസാന 15 ചിത്രങ്ങളുടെ കൂട്ടത്തിൽ ഇടംപിടിക്കാൻ 2018-നായില്ല. നിങ്ങളെ നിരാശപ്പെടുത്തിയതിൽ എല്ലാ അഭ്യുദയകാംക്ഷികളോടും പിന്തുണണച്ചവരോടും മാപ്പുചോദിക്കുന്നു. എന്നിരുന്നാലും ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമെന്നത് ജീവിതകാലം മുഴുവൻ ഓർത്തുവെയ്ക്കാനുള്ള സ്വപ്നസമാനമായ യാത്രയായിരുന്നു.” ജൂഡ് എഴുതി.
ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രം, ഇന്ത്യയുടെ ഔദ്യോഗിക ചിത്രമെന്ന നിലയിലുള്ള ഓസ്കർ പ്രവേശനം എന്നിവ ഒരു സംവിധായകന്റെ കരിയറിലെ അപൂർവമായ നേട്ടങ്ങളാണ്. ഈ അസാധാരണമായ യാത്രയ്ക്കായി തിരഞ്ഞെടുത്തതിന് ദൈവത്തോട് നന്ദി പറയുന്നു. ചിത്രത്തിന്റ നിർമാതാക്കൾ, സാങ്കേതിക വിദഗ്ധർ, അഭിനേതാക്കൾ, എല്ലാത്തിലുമുപരി പിന്തുണച്ച പ്രേക്ഷകരോടും നന്ദി പറയുന്നു. 2018-നെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തതിന് ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് രവി കൊട്ടാരക്കരയുടെ അതിരുകളില്ലാത്ത പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി രേഖപ്പെടുത്തുന്നു. പാൻ നളിൻ, സിദ്ധാർത്ഥ് റോയ് കപൂർ, ഗുണീത് മോംഗ, റിന്റു തോമസ്, അശുതോഷ് ഗോവാരിക്കർ, റസൂൽ പൂക്കുട്ടി സാർ, അനുരാഗ് കശ്യപ്, രാജമൗലി സാർ, സെന്തി സാർ എന്നിവർക്കും ഈ യാത്രയിൽ പിന്തുണച്ച എല്ലാ ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും ജൂഡ് കൂട്ടിച്ചേർത്തു.
കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത 2018 എന്ന വര്‍ഷവും പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിച്ച ചിത്രമായിരുന്നു 2018. മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ചിത്രത്തിൽ ദൃശ്യാവിഷ്ക്കരിച്ചിരുന്നത്. 30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, വിനീത് ശ്രീനിവാസന്, ഇന്ദ്രന്‍സ്, ലാല്‍, നരേന്, അപര്‍ണ്ണ ബാലമുരളി, തന്വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങള്‍ സിനിമയില്‍ അണിനിരന്നിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]