പാട്ട് കേൾക്കുമ്പോൾ വരികൾ അത്ര ശ്രദ്ധിക്കാറില്ലായിരുന്നു മുൻപ്. ഗായകശബ്ദമാണ് ആദ്യം മനസ്സിൽ തങ്ങുക; പിന്നെ ഈണവും.
പിന്നെപ്പിന്നെ വരികളും ശ്രദ്ധിച്ചുതുടങ്ങി. കല്ലുകടി തുടങ്ങുന്നത് അവിടെ നിന്നാണ്. ഈ പ്രയോഗം തെറ്റല്ലേ, ഈ വാക്കിന് ഇവിടെ എന്ത് പ്രസക്തി, ഈ വരി ഇങ്ങനെയാണെങ്കിൽ കുറച്ചുകൂടി ഭംഗിയാകുമായിരുന്നില്ലേ എന്നൊക്കെയുള്ള തോന്നലുകൾ.
ഭാഷയോടുള്ള സ്നേഹം വരുത്തിവെച്ച വിനയാകാം. നിരന്തര വായനയിലൂടെ, എഴുത്തിലൂടെ, ഉരുത്തിരിഞ്ഞ ആ വൈകാരികബന്ധമില്ലായിരുന്നെങ്കിൽ സംഗതി ജോറായേനെ. മറ്റൊന്നും നോക്കാനില്ലല്ലോ. എന്ത് പൊട്ടത്തരം എഴുതിവെച്ചാലും സംഗീതത്തിന്റെ വർണ്ണക്കടലാസ് കൊണ്ട് അതൊന്ന് ഭംഗിയായി പൊതിഞ്ഞുകൊടുത്താൽ ഇടംവലം നോക്കാതെ മൂക്കുമുട്ടെ ശാപ്പിടുന്നവരാണ് കൂട്ടുകാർ ഏറെയും. ഇതെന്തോന്നിത് എഴുതി വെച്ചിരിക്കുന്നത് എന്ന ചോദ്യമൊന്നുമില്ല. വേഴാമ്പൽ പുഷ്പിക്കും താഴ്വര എന്നെഴുതിയാലും അരിമുല്ലക്കൊമ്പിലെ കുയിൽ പാടി എന്നെഴുതിയാലും അതിലൊരു തെറ്റും കാണാത്തവർ. “പാട്ട് കേട്ടാൽ പോരേ, കുഴിയെണ്ണണോ” എന്നായിരിക്കും അവരുടെ ചോദ്യം.
എന്തു ചെയ്യാം. കുഴിയെണ്ണുന്ന ശീലം ചെറുപ്പത്തിലേ വന്നു ഭവിച്ചുപോയി. വയലാറും പി ഭാസ്കരനും ഒ.എൻ.വിയുമൊക്കെ ചേർന്ന് സമ്മാനിച്ച മനോഹരമായ ‘ദുശ്ശീലം’.
അങ്ങനെയിരിക്കെ ഒരു നാൾ സമാനചിന്താഗതിക്കാരനായ ഒരാളെ കണ്ടുമുട്ടുന്നു കലാകൗമുദി ഫിലിം മാഗസിന്റെ താളുകളിൽ. ലേഖനത്തിന്റെ തലക്കെട്ടാണ് അമ്പരപ്പിച്ചത് : ‘കീഴാർനെല്ലിയുടെ തണലും അഷ്ടാംഗഹൃദയത്തിൻ അണിയറയും.’ ആയിടക്ക് പുറത്തിറങ്ങിയ രണ്ട് ഹിറ്റ് സിനിമകളിലെ പാട്ടുകളെ കുറിച്ചുള്ള നിരൂപണമാണ്. ‘കീഴാർനെല്ലിത്താഴേ തോട്ടിൽ നീരാടും നേരം’, ‘അഷ്ടാംഗഹൃദയത്തിൻ അണിയറയിൽ അഷ്ടപദിപ്പാട്ടു പാടും ഗോപകന്യ’ എന്നിങ്ങനെയുള്ള വികല പ്രയോഗങ്ങളെ കടിച്ചുകീറിയിരിക്കുന്നു എഴുത്തുകാരൻ. എന്ത് മണ്ടത്തരം എഴുതിവച്ചാലും ആളുകൾ വെള്ളം തൊടാതെ വിഴുങ്ങിക്കൊള്ളും എന്ന ധാരണ വേണ്ടെന്ന മുന്നറിയിപ്പ് കൂടിയുണ്ടായിരുന്നു ആ കുറിപ്പിൽ.
കൊള്ളാമല്ലോ. ആരാ ഈ മിടുക്കൻ എന്നറിയാൻ മോഹം. ലേഖനകർത്താവിന്റെ പേര് മനസ്സിൽ പതിഞ്ഞത് അന്നാണ്- ടി.പി. ശാസ്തമംഗലം.
ടി.പിയുടെ ലേഖനങ്ങൾ തേടിപ്പിടിച്ചു വായിക്കുന്നത് ശീലമായി പിന്നെ. ഫിലിം മാഗസിനിലാണ് അധികവും അവ അച്ചടിച്ച് വരിക. പാട്ട് ഹിറ്റോ അല്ലയോ എന്ന നോട്ടമൊന്നുമില്ല ടി.പിയ്ക്ക്. മണ്ടത്തരം എഴുതുന്നവരെ ശരിക്കും കിഴുക്കും. ഫിലിം മാഗസിനിൽ നിന്ന് ചിത്രഭൂമിയിലേക്കും പിന്നീട് സിനിമാമംഗളത്തിലേക്കും കുടിയേറിയപ്പോഴും ടി.പിയുടെ പേന കലഹിച്ചുകൊണ്ടേയിരുന്നു. ‘സാധാരണക്കാരെ ഏറ്റവുമധികം സ്വാധീനിക്കുന്ന കാവ്യശാഖയാണ് ചലച്ചിത്രഗാനം. ഭാഷാപണ്ഡിതരോ വൈയാകരണന്മാരോ ആവണമെന്നില്ല ശ്രോതാക്കൾ. എന്നുവെച്ച് അവരുടെ വിശേഷ ബുദ്ധിയെ ആരും ചോദ്യം ചെയ്തുകൂടാ. അവർക്കുമുണ്ടല്ലോ അവകാശങ്ങൾ’, എന്നും ജനപക്ഷത്ത് നിലയുറപ്പിച്ച എഴുത്തുകാരന്റെ നയപ്രഖ്യാപനം തികച്ചും ലളിതം, സുതാര്യം.
ഗാനസാമ്രാജ്യത്തിൽ കവിപുംഗവന്മാരായി വാണുകൊണ്ടിരുന്ന പലരും ടി.പിയുടെ ശത്രുക്കളായി മാറിയത് സ്വാഭാവികം. ഇടക്ക് ഒരുതവണ വക്കീൽ നോട്ടീസും കിട്ടി. “ഒന്നാം പ്രതി കൗമുദി ഗ്രൂപ്പിന്റെ ചീഫ് എഡിറ്റർ എം.എസ്. മണി സാർ, രണ്ടാം പ്രതി മാനേജിങ് ഡയറക്ടർ എം.എസ്. ശ്രീനിവാസൻ, മൂന്നാം പ്രതി ഞാനും…. വീട്ടിലും ഓഫീസിലും വന്നു നോട്ടീസ്. ഏതോ പാട്ടിനെ കുറിച്ച് വിമർശിച്ചെഴുതിയതിന്റെ പേരിലാണ്.” — ടി പിയുടെ ഓർമ്മ.
ഫിലിം മാഗസിന്റെ ചുമതല വഹിച്ചിരുന്ന എസ്. ജയചന്ദ്രൻ നായരുടെ നിർദ്ദേശ പ്രകാരം പ്രമുഖ അഭിഭാഷകൻ പിരപ്പൻകോട് ശ്രീധരൻ നായരെ ചെന്നുകണ്ടത് അക്കാലത്തെ രസികൻ ഓർമ്മ. “ചെയ്ത കുറ്റം എന്തെന്നറിഞ്ഞപ്പോൾ വക്കീൽ ചിരിച്ചു. അവർ കേസ് കൊടുക്കട്ടെ, നമുക്ക് കോടതിയിൽ പാട്ടൊക്കെ കേൾപ്പിച്ച് സംഗതി കുശാലാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു അദ്ദേഹം. ലോകത്തിലൊരാളും നിരൂപണത്തിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങിയിട്ടില്ല. താങ്കൾ ധൈര്യമായി വീട്ടിൽ പോകണം.”
എന്തായാലും വക്കീൽ നോട്ടീസിനപ്പുറത്തേക്ക് ആ പരാതി വളർന്നില്ല. ടി പിയ്ക്ക് കോടതി കയറേണ്ടി വന്നതുമില്ല.
ടി.പി.ശാസ്തമംഗലം പി.ഭാസ്ക്കരനൊപ്പം
എഴുത്തിനോടുള്ള ചിലരുടെ എതിർപ്പ് അതിരുവിട്ട അനുഭവങ്ങളുമുണ്ട്. ടെലിവിഷൻ ചർച്ചക്കിടെ ഒരു ഗാനരചയിതാവ് ഒപ്പമിരുന്ന ഗാനനിരൂപകന്റെ ടി.പി. എന്ന ഇനിഷ്യൽ സ്വന്തം ഭാവനയ്ക്കനുസരിച്ചു വികസിപ്പിച്ചതിങ്ങനെ: തോട്ടിപ്പണിക്കാരൻ. സഭ്യേതരമായ ആ പരാമർശത്തെ ക്ഷമയോടെ നേരിട്ടു ടി പി. തൽക്ഷണം കുറിക്ക് കൊള്ളുന്ന മറുപടിയും നൽകി: “ശരിയാണ്. താങ്കളേപ്പോലുള്ളവർ എഴുതിക്കൂട്ടുന്ന മാലിന്യങ്ങൾ കോരിക്കളഞ്ഞു മലയാള സിനിമാഗാനലോകം ശുദ്ധീകരിക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ? അങ്ങനെ നോക്കുമ്പോൾ ആ പണി ചെയ്യുന്നതിൽ അഭിമാനം മാത്രം”, ഉത്തരമുണ്ടായിരുന്നില്ല വിമർശകന്.
രൂക്ഷമായി വിമർശിച്ചിട്ടുപോലും അക്കാലത്തെ മിക്ക ഗാനരചയിതാക്കളുമായും സൗഹൃദമുണ്ടായിരുന്നു തനിക്കെന്ന് ടി പി. ഇതിഹാസ പരിവേഷമുള്ള, വലിയ ഗാനരചയിതാക്കളുടെ കൊച്ചു കൊച്ചു തെറ്റുകളും ഇടക്കൊക്കെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജയചന്ദ്രൻ നായരുടെ നിർദേശപ്രകാരം ആ വിഷയം കൈകാര്യം ചെയ്തുകൊണ്ട് ഒരു നീണ്ട ലേഖനം തന്നെ എഴുതി. ആരും പരിഭവിച്ചില്ല. “യൂസഫലിയും ഒ.എൻ.വിയും അകമഴിഞ്ഞ് അഭിനന്ദിച്ചിട്ടുണ്ട്. ഭാസ്കരൻ മാഷാകട്ടെ അദ്ദേഹത്തിന്റെ ഗാനസമാഹാരമായ നാഴൂരിപ്പാലിന് എന്നെക്കൊണ്ട് ആമുഖം എഴുതിക്കുക വരെ ചെയ്തു. വിമർശനങ്ങളെ അവയുടെ സ്പിരിറ്റിൽ എടുക്കുന്നവരായിരുന്നു അവരൊക്കെ..”
വർഷം നാപ്പത്തിയാറായി ഗാനങ്ങളെ ടി.പി. കൈകാര്യം ചെയ്തു തുടങ്ങിയിട്ട്. ഇന്നിപ്പോൾ കാലം മാറി. ആസ്വാദന ശൈലി പാടേ മാറി. സിനിമയിൽ പാട്ടേ ഇല്ലാതായി വരുന്നു. ഉള്ള പാട്ടുകളിലാകട്ടെ വരികൾക്ക് തരിമ്പുമില്ല വില എന്നതാണ് അവസ്ഥ. ചുരുക്കം നല്ല രചനകൾ വരുന്നില്ലെന്നല്ല. ആരുടേയും ശ്രദ്ധയിൽ പെടുന്നില്ല അവയെന്ന് മാത്രം. രചനയിലെ ബാഹ്യ ഇടപെടലുകൾ മുൻപെന്നത്തേക്കാൾ രൂക്ഷം. ഗുൽസാർ ഒരിക്കൽ പറഞ്ഞ പോലെ ഈണത്തിലെ ഗ്യാപ്പുകൾ നിറയ്ക്കാനുള്ള കുറുക്കുവിദ്യ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു പാട്ടെഴുത്ത്. പല പാട്ടുകളിലേയും വരികളും വാക്കുകളും മനസ്സിലാക്കിയെടുക്കുന്നത് തന്നെ ദുഷ്കരം. എഴുതിവെച്ചതെന്തെന്ന് അറിഞ്ഞാലല്ലേ അവയെ വിലയിരുത്താൻ പറ്റൂ. നിരൂപകന്റെ കാര്യം കട്ടപ്പൊക.
നാട്ടുഭാഷയാണത്രെ ഇപ്പോഴത്തെ പാട്ടുകളിൽ വരുന്നത്. ഏത് നാട്ടിലെ ഭാഷയാണാവോ എന്ന് ടി പി. ഏതായാലും കേരളത്തിലെയല്ല. എങ്കിലും ടി പി എഴുതിക്കൊണ്ടേയിരിക്കുന്നു; ലക്ഷണമൊത്ത ഒരു ഗാനം എന്നെങ്കിലും വീണ്ടും കേൾക്കാനാകുമെന്ന പ്രതീക്ഷയോടെ!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]