റിവ്യൂ ബോംബിങ് എന്ന് ഹൈക്കോടതി വിശേഷിപ്പിച്ച നവമാധ്യമസിനിമാനിരൂപണത്തിലൂടെ മലയാളസിനിമയ്ക്ക് നഷ്ടമാകുന്നത് ശതകോടികൾ. നിർമാതാക്കളുടെ സംഘടനയുടെ കണക്കുപ്രകാരം ഒരുമാസം പുറത്തിറങ്ങുന്ന സിനിമകളിൽ പാതിയെണ്ണവും ഓൺലൈൻ ആക്രമണത്തിൽ ചിറകറ്റുവീഴുകയാണ്.
അത്യാവശ്യം താരനിരയുള്ള ഒരു സിനിമയുടെ ഏറ്റവും കുറഞ്ഞ മുതൽമുടക്ക് അഞ്ചുകോടി രൂപയാണ്. ഇത് തിയേറ്ററിലെത്തുമ്പോൾ പ്രചാരണത്തിനും മറ്റുമായി ഒരുകോടി രൂപകൂടി ചെലവാകും. ഇങ്ങനെ ആറുകോടി മുടക്കിയിറക്കിയ സിനിമയുടെ ഒന്നാംദിവസം തന്റെ വിഹിതമായി പിരിഞ്ഞുകിട്ടുമെന്ന് നിർമാതാവ് വിചാരിക്കുന്ന ഏറ്റവും കുറഞ്ഞ തുക 16 ലക്ഷമാണ്.
പക്ഷേ, രണ്ടാംദിവസം നവമാധ്യമങ്ങളിൽ റിവ്യൂ പ്രത്യക്ഷപ്പെടുന്നതോടെ ഈ തുക നേരെ പാതിയായി കുറയുന്നു. മൂന്നാംദിവസമാകുന്നതോടെ രണ്ടുലക്ഷത്തിലേക്ക് നിർമാതാവിന്റെ പ്രതിദിനഷെയർ കൂപ്പുകുത്തും. ഒടുവിൽ ഓവർസീസ്, മ്യൂസിക് റൈറ്റുകളുൾപ്പെടെ ഒരുകോടിക്കും രണ്ടുകോടിക്കുമിടയിൽ വരുമാനം ഒതുങ്ങും. തിയേറ്റർപ്രകടനം മോശമായതിനാൽ ഒ.ടി.ടി.-സാറ്റ്ലൈറ്റുകാരും കൈയൊഴിയും. നഷ്ടം ഏറ്റവും കുറഞ്ഞത് നാലുകോടി.
നിർമാതാക്കൾ പറയുന്ന കണക്കനുസരിച്ച് നോക്കിയാൽപ്പോലും ഒരുമാസം 10 സിനിമകൾ ഇറങ്ങിയാൽ നെഗറ്റീവ് റിവ്യൂമൂലം അഞ്ചെണ്ണവും നഷ്ടത്തിലാണ്. അങ്ങനെനോക്കുമ്പോൾ സിനിമാമേഖലയുടെ ഒരുമാസത്തെ നഷ്ടം 20 കോടി. ഒരുവർഷം 240 കോടി. ഇത് ഏകദേശ കണക്കുമാത്രമാണ്. രണ്ടുവർഷത്തെ കണക്കുനോക്കിയാൽ ആകെ വിജയിച്ച ചിത്രങ്ങൾ പത്തിൽ താഴെമാത്രം. ഏതാണ്ട് മുന്നൂറോളം സിനിമകളിറങ്ങിയപ്പോഴത്തെ അവസ്ഥയാണിതെന്നോർക്കണം. ഇതിൽ നല്ലൊരുശതമാനത്തിന്റെയും പരാജയത്തിൽ നവമാധ്യമസിനിമാനിരൂപണങ്ങൾ വില്ലന്മാരായി എന്നാണ് നിർമാതാക്കൾ പറയുന്നത്.
സിനിമാഭാഷയിൽ ആത്യന്തികമായി ‘മൗത്ത് പബ്ലിസിറ്റി’യാണ് ഒരു സിനിമയുടെ വിജയം നിർണയിക്കുന്നത്. നാവിൽനിന്ന് നാവുകളിലേക്ക് പടരുന്ന അഭിപ്രായം പ്രേക്ഷകരെ കൂട്ടത്തോടെ തിയേറ്ററിലെത്തിക്കുന്ന പ്രധാനഘടകമാണ്. പക്ഷേ, ഇത്തരം അഭിപ്രായരൂപവത്കരണത്തിൽ നവമാധ്യമ റിവ്യൂകൾ സ്വാധീനം ചെലുത്തുന്നതായാണ് സിനിമാപ്രവർത്തകർ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]