ന്യൂഡൽഹി: ചെങ്കോട്ടയിൽ ദസറയോടനുബന്ധിച്ച് ചൊവ്വാഴ്ച നടക്കുന്ന ലവ് കുശ് രാംലീലയിൽ രാവണ ദഹനം നടത്തുന്ന ആദ്യ വനിത എന്ന വിശേഷണം ഇനി കങ്കണ റണൗട്ടിന് സ്വന്തമാവും. ചടങ്ങിന്റെ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത രാവണദഹനം നടത്തുന്നത്.
കങ്കണ റണൗട്ട് തന്നെയാണ് തനിക്ക് സ്വന്തമാവാൻ പോകുന്ന നേട്ടത്തേക്കുറിച്ച് ഔദ്യോഗിക സോഷ്യൽ മീഡിയാ അക്കൗണ്ട് വഴി അറിയിച്ചത്. എല്ലാ വർഷവും ചെങ്കോട്ടയിൽ നടന്നുവരുന്ന ലവ് കുശ് രാംലീലയുടെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത രാവണരൂപം ദഹിപ്പിക്കാൻ പോകുന്നു, ജയ് ശ്രീറാം എന്നാണ് വീഡിയോക്കൊപ്പം കങ്കണ എഴുതിയത്.
വനിതാ സംവരണ ബില്ലിന് പിന്തുണയർപ്പിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ഡൽഹി ലവ് കുശ് രാംലീലാ കമ്മിറ്റി പ്രസിഡന്റ് അർജുൻ സിംഗ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ലവ് കുശ് രാംലീല കമ്മിറ്റിക്ക് സ്ത്രീകൾക്കും ചടങ്ങിൽ തുല്യപ്രാധാന്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വനിതാ സംവരണ ബിൽ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന് സഹായിക്കും. സ്ത്രീകൾക്കും ദുഷ്ടശക്തികളെ അവസാനിപ്പിക്കാനാവും. അവർക്കും അതിനുള്ള അവകാശമുണ്ട്. അതുകൊണ്ടാണ് രാവണ ദഹനത്തിന് ഇത്തവണ കങ്കണയെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിന് മുൻവർഷങ്ങളിൽ രാഷ്ട്രപതിയായിരുന്ന രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരായിരുന്നു വിശിഷ്ഠാതിഥികൾ. അജയ് ദേവ്ഗണും ജോൺ എബ്രഹാമും ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞവർഷം നടൻ പ്രഭാസാണ് രാവണ ദഹനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]