
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ‘ലിയോ’യിൽ അതിഥി താരമായി എത്തിയതെങ്ങനെയെന്ന് വിശദമാക്കി നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ചിത്രത്തിൽ ചെറിയൊരു വേഷത്തിലാണ് താരം എത്തിയത്. അനുരാഗ് കശ്യപിനെപ്പോലൊരു താരത്തെ ലോകേഷ് വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്ന വിമർശനം ഉയരുന്ന വേളയിലാണ് താരത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകേഷ് കനകരാജിന്റെ ഒരു സിനിമയില്‍ മരണരംഗം ചെയ്യണം എന്ന ആഗ്രഹം അനുരാഗ് കശ്യപ് നേരത്തെ പങ്കുവെച്ചിരുന്നു. ഇക്കാര്യം വെളിപ്പെടുത്തിയ അഭിമുഖം കേട്ടിട്ടാകണം ലിയോയിലേക്ക് ലോകേഷ് തന്നെ ക്ഷണിച്ചതെന്ന് അനുരാഗ് കശ്യപ് പറഞ്ഞു. തനിക്ക് ലോകേഷ് നല്ല സ്വീകരണമാണ് നൽകിയതെന്നും താരം വ്യക്തമാക്കി.
‘ലോകേഷ് കനകരാജ് എന്നെ ഫോൺ വിളിച്ചു. അഭിമുഖത്തിൽ പറഞ്ഞത് തമാശയാണോ എന്ന് ചോദിച്ചു. അല്ലെന്നും ചെറിയൊരു മരണരംഗത്തിൽ അഭിനയിക്കണമെന്നും ഞാൻ മറുപടി നല്കി. അത്തരത്തിൽ ഒരു ചെറിയ മരണരംഗം സിനിമയില്‍ ഉണ്ടെന്നും എന്നെ വിളിച്ചത് അതിനാണെന്നും ലോകേഷ് പറഞ്ഞു. മൂന്ന് മണിക്കൂറിനുള്ളിൽ രംഗം അവര്‍ പൂര്‍ത്തിയാക്കി. ചെറുതെങ്കിലും എനിക്കത് മികച്ച വേഷമാണ്. നല്ല രീതിയിലാണ് അവര്‍ എന്നെ പരിഗണിച്ചത്. ലിയോ എനിക്ക് മികച്ച അനുഭവമായിരുന്നു’, അനുരാഗ് കശ്യപ് പറഞ്ഞു.
ബോക്സോഫീസിൽ ഗംഭീര കുതിപ്പാണ് ലിയോ നടത്തുന്നത്. ആദ്യദിനം 148.5 കോടിയാണ് ആഗോളതലത്തിൽ ചിത്രം നേടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 70 കോടിയോളം രൂപ സ്വന്തമാക്കി. 2023 ൽ പുറത്തിറങ്ങിയ ഇന്ത്യൻ ചിത്രങ്ങളിൽ ആദ്യദിനം ഏറ്റവുമധികം ആഗോളകളക്ഷൻ നേടിയ ചിത്രമാണ് ലിയോ. രണ്ടാം ദിവസത്തെ കളക്ഷൻ കൂടി പുറത്തുവന്നതോടെ നൂറുകോടിയിലധികം ഇന്ത്യയിൽ നിന്ന് മാത്രം നേടിയിരിക്കുകയാണ് ലിയോ. പ്രീബുക്കിങ്ങിലൂടെയും മികച്ച നേട്ടം ചിത്രം സ്വന്തമാക്കിയിരുന്നു.
മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]