
മമ്മൂട്ടിയെ പ്രശംസകൊണ്ട് മൂടി പ്രമുഖ സംവിധായകർ. വെട്രിമാരൻ, പാ.രഞ്ജിത്, കരൺ ജോഹർ, സോയ അക്തർ, മഹേഷ് നാരായണൻ തുടങ്ങിയവരാണ് ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ‘യ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടി കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന രീതിയേയും അഭിനയത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും ഇവർ വാചാലരായി. മമ്മൂട്ടി മികച്ച സിനിമകൾ നിർമിക്കാൻ മുന്നോട്ട് വരുന്നതിനെക്കുറിച്ചും ഇവർ പ്രതികരിച്ചു. സംവിധായകരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.
‘കാതൽ‘ പോലൊരു ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുകയും അതു നിർമിക്കുകയും ചെയ്തത് അതിഗംഭീരമാണെന്ന് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ പറഞ്ഞു. മമ്മൂട്ടിയുടെ ബ്ലാക്ക് ആൻഡ് വെെറ്റ് ചിത്രം ഭ്രമയുഗത്തെ പാ രഞ്ജിത്ത് പ്രശംസിച്ചു. സിനിമ വലുതാണെങ്കിലും ചെറുതാണെങ്കിലും തൻ്റെ കഥാപാത്രം എങ്ങനെ എഴുതിയിരിക്കുന്നു എന്നുമാത്രമാണ് മമ്മൂട്ടി ചിന്തിക്കാറുള്ളതെന്ന് മഹേഷ് നാരായണൻ പറഞ്ഞു.
‘താരങ്ങൾ ആയി മാറുമ്പോൾ അവർക്ക് മേൽ സമ്മർദ്ദമുണ്ടാകും. തന്റെ ചിത്രം ഇത്ര കോടി നേടണം, വലിയൊരു ചിത്രമാകണം എന്നൊക്കെയുള്ള കാര്യങ്ങൾ വരും. പക്ഷേ മമ്മൂട്ടി ഇതൊന്നും ഗൗനിക്കാറില്ല. 40 ദിവസം ഷൂട്ട് വേണ്ട സിനിമയാണെങ്കിലും ചെറിയ കഥാപാത്രം ആണെങ്കിലും അദ്ദേഹം ചെയ്യും. സിനിമ വലുതാണെങ്കിലും ചെറുതാണെങ്കിലും തൻ്റെ കഥാപാത്രം എങ്ങനെ എഴുതിയിരിക്കുന്നു എന്നുമാത്രമാണ് മമ്മൂട്ടി ചിന്തിക്കാറുള്ളത്. പുതിയതായി എന്താണ് ചെയ്യാനുള്ളത് എന്നാണ് നോക്കുന്നത്. അദ്ദേഹം കരിയറിൽ ചെയ്യാത്തതായി ഒന്നുമില്ല. അത്രയും വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്റെ അടുത്തേക്ക് ഒരു കഥയുമായി പോകുന്ന പോലെയാണ്. അദ്ദേഹം എല്ലാം ചെയ്തിട്ടുണ്ട്. എന്താണ് ഇനി പുതിയതായുള്ളത് എന്നാണ് മമ്മൂട്ടി അന്വേഷിക്കുന്നത്. എന്റെ സിനിമയിൽ ഞാൻ വിശ്വസിക്കുന്നു, ഞാൻ ഇവിടെയുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ രീതി‘, മഹേഷ് നാരായണൻ പറഞ്ഞു.
മമ്മൂട്ടി മറ്റ് പുതിയ അഭിനേതാക്കൾക്ക് വലിയൊരു പ്രചോദനമാണെന്ന് വെട്രിമാരൻ പറഞ്ഞു. യുവ അഭിനേതാക്കൾക്ക് അദ്ദേഹം മാതൃകയാണെന്നും അദ്ദേഹത്തെപ്പോലെ ആകാനുള്ള ഒരു ആഗ്രഹം വളർന്നു വരുന്ന അഭിനേതാക്കളുടെ മനസിലും ഉണ്ടാകുമെന്നും വെട്രിമാരൻ പറഞ്ഞു. അദ്ദേഹമാണ് ഈ ചിത്രങ്ങൾ നിർമിക്കുന്നതെന്നതും പ്രത്യേകതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]