
കോഴിക്കോട്: കുഞ്ഞിനെ മാറോടുചേർത്ത് വാത്സല്യത്തോടെ അമ്മ മൂളുന്ന താരാട്ടുപാട്ടിനോളം സൗന്ദര്യം മറ്റൊന്നിനുമില്ല. അമ്മത്താളത്തിൽ ഹൃദയത്തിൽനിന്ന് അവർ പാടുന്ന പാട്ടിൽ സ്നേഹമുണ്ട്, സ്വപ്നങ്ങളുണ്ട്.
അമ്മയുടെ വാത്സല്യവും കരുതലും അക്ഷരങ്ങളാക്കി കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് അമ്മമനസ്സിന്റെ താളം ഏറ്റുപിടിച്ച് മോഹൻ സിത്താര സംഗീതം നൽകിയപ്പോൾ മലയാളസിനിമയിൽ പിറന്നത് പ്രിയപ്പെട്ട താരാട്ടുപാട്ടുകളിലൊന്നാണ്. എന്നാൽ, മലയാളികളുടെ പ്രിയപ്പെട്ട താരാട്ടുപാട്ട് അങ്ങ് ബോളിവുഡിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്.
നീലക്കണ്ണുള്ള രാജകുമാരി കുഞ്ഞിറാഹ നീലപ്പീലിക്കണ്ണും പൂട്ടിയുറങ്ങുന്നത് ഉണ്ണീ വാവാവോ എന്ന താരാട്ടുപാട്ടുകേട്ടാണ്. രൺബീർ കപൂർ, ആലിയ ഭട്ട് താരദമ്പതിമാരുടെ മകളായ റാഹ കപൂറിനെ ഉറക്കാനായി മലയാളം താരാട്ടുപാട്ട് പാടുന്നതിനെപ്പറ്റി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ ആലിയ പറഞ്ഞിരുന്നു. 1991-ൽ സിബി മലയിൽ സംവിധാനംചെയ്ത സാന്ത്വനം എന്ന ചിത്രത്തിൽ ‘ഉണ്ണീ വാവാവോ’ എന്ന താരാട്ടുപാടിയാണ് ആയ കുട്ടിയെ ഉറക്കുന്നതെന്നും രൺബീർ ഇപ്പോൾ പാട്ടുപഠിച്ചെന്നും ആലിയ പറഞ്ഞു. റാഹയ്ക്ക് ഉറങ്ങാൻ സമയമാകുമ്പോൾ മാമാ വാവോ, പാപാ വാവോ എന്ന് മകൾ പറയാറുണ്ടെന്നും ആലിയ പറഞ്ഞു. മലയാളി നഴ്സ് സുമ നായരാണ് ദമ്പതിമാർക്ക് പാട്ട് പഠിപ്പിച്ചുകൊടുത്തത്.
കുഞ്ഞുമനസ്സിലെ ഈണം, ആത്മാവിൽത്തൊടുന്ന പാട്ട്
32 വർഷത്തിനുശേഷവും ഉണ്ണീ വാവാവോ ആൾക്കാരുടെ മനസ്സിൽ നിൽക്കുന്നുവെന്നതിൽ അദ്ഭുതം തോന്നി. സംഗീതത്തിന് ഭാഷയും അതിരുമില്ല. എന്റെ ആത്മാവിൽത്തൊടുന്ന ഒരു പാട്ടാണിത്. ആ പാട്ട് ഭാഷയ്ക്കതീതമായി കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുന്നുവെന്നതിൽ വളരെയധികം സന്തോഷം.
-കൈതപ്രം ദാമോദരൻ നമ്പൂതിരി
അമ്മ പകർന്നുതന്ന ഈണം
നിഷ്കളങ്കമായ താളത്തിൽ, പാടാനറിയാത്തവർക്കുപോലും പാടാനാകുന്നവിധത്തിൽ ചിട്ടപ്പെടുത്തിയ താരാട്ടുപാട്ടായിരുന്നു ഉണ്ണീ വാവാവോ… അതൊരു കാലഘട്ടത്തിന്റെ പാട്ടാണ്. ഇന്നും ആ പാട്ട് കുഞ്ഞുങ്ങളെ ഉറക്കാൻ പാടുന്നു എന്നു കേൾക്കുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. എന്റെ അമ്മ എനിക്ക് പാടിത്തന്ന താരാട്ടുപാട്ടുകൾ ആലോചിച്ചെടുത്താണ് ഈണം തിട്ടപ്പെടുത്തിയത്. കൈതപ്രം ചിന്തിക്കുന്നിടത്ത് ഞാൻ ഈണമിട്ടപ്പോൾ ആ പാട്ട് വിജയിച്ചു
മോഹൻ സിത്താര
എന്റെ പ്രിയപ്പെട്ട താരാട്ടുപാട്ട്
കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ളൊരു താരാട്ടുപാട്ടാണത്. എന്റെ മോൾക്കും ഞാനൊത്തിരി പാടിക്കൊടുത്തിട്ടുണ്ട്. ഇപ്പോൾ പാട്ട് വീണ്ടും വൈറലായതിന്റെ വീഡിയോകൾ പലരും ഷെയർ ചെയ്തത് ഞാൻ കണ്ടു. വളരെയധികം സന്തോഷംതോന്നി.
കെ.എസ്. ചിത്ര
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]