തൊട്ട ജനുസ്സുകളെയൊക്കെ പൊന്നാക്കിയ സംവിധായകനായിരുന്നു കെ.ജി. ജോർജെന്ന് നടനും തിരക്കഥാകൃത്തും ഗായകനുമായ മുരളി ഗോപി. അദ്ദേഹം ചെയ്ത ഒരു സിനിമയിൽ നിന്ന് വേറൊന്നിലേക്ക് കാഴ്ചക്കാരൻ നീങ്ങുമ്പോൾ ഇത് രണ്ടും ഒരാൾ ചെയ്ത സിനിമകളാണോ എന്ന് തോന്നുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു മുരളി ഗോപിയുടെ പ്രതികരണം.
ഒരേ കയ്യടക്കത്തോടെയാണ് ഇടപെട്ടിട്ടുള്ള എല്ലാ സിനിമകൾക്കും കെ.ജി. ജോർജ് ഊർജം നൽകിയതെന്ന് മുരളി ഗോപി പറഞ്ഞു. ഒരു പ്രത്യേക ജനുസ്സിൽപ്പെട്ട സിനിമയെടുക്കുന്ന ഒരാൾ തീർച്ചയായും അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്നം തന്റെ സിനിമ കാണുന്ന കാഴ്ചക്കാരൻ ജോർജ് സാർ ചെയ്ത അതേ ജോണറിലുള്ള സിനിമയുമായി താരതമ്യം ചെയ്യും എന്നതായിരിക്കും. കുറ്റാന്വേഷണ സിനിമകളുടെ റഫറൻസ് ബുക്കാണ് യവനിക. സിനിമയ്ക്കുള്ളിലെ സിനിമയാണ് ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്. രാഷ്ട്രീയ ആക്ഷേപഹാസ്യത്തിന്റെ റഫറൻസ് ബുക്കാണ് പഞ്ചവടിപ്പാലം. ഇത്തരം സിനിമകളെടുക്കുമ്പോൾ താരതമ്യം വരുന്നു എന്നതുതന്നെയാണ് കെ.ജി. ജോർജിന്റെ മഹത്വമെന്നും മുരളി ഗോപി പറഞ്ഞു.
“പഞ്ചവടിപ്പാലം പോലുള്ള സിനിമകളുടെ ആശയം സമൂഹത്തിൽ ഇന്നും ആവർത്തിക്കപ്പെടുന്നുണ്ട്. ചരിത്രം ആവർത്തിക്കുമ്പോൾ അതിനെ പരാമർശിച്ചിട്ടുള്ള സിനിമകളും ഉണർന്ന് സംസാരിച്ചുകൊണ്ടേയിരിക്കും. കാലങ്ങളെത്ര ചെന്നാലും ഈ സിനിമകൾ ഓർത്തുകൊണ്ടേയിരിക്കും. മനുഷ്യർ അതിനെ ഓർമിപ്പിക്കും. മുഖ്യധാരയിൽ നിന്നുകൊണ്ടുതന്നെ വ്യത്യസ്തതയുള്ള ചിത്രങ്ങൾ ചെയ്തു. മുഖ്യധാരാ കാഴ്ചാ ശീലങ്ങളെ മാറ്റാൻ കെ.ജി. ജോർജിന്റെ സിനിമകൾ സഹായിച്ചു. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും കെ.ജി.ജോർജ് സാറും അച്ഛനും (ഭരത് ഗോപി) തമ്മിലുള്ള ആത്മബന്ധം അല്ലെങ്കിൽ ക്രിയാത്മകമായ കൂട്ടുകെട്ട് അമൂല്യമാണ്”, മുരളി ഗോപി ചൂണ്ടിക്കാട്ടി.
അച്ഛന് ഏറ്റവും ഇഷ്ടമുള്ള സംവിധായകനായിരുന്നു കെ.ജി. ജോർജ്. ഒരു സംവിധായകൻ എങ്ങനെയിരിക്കണം എന്നുചോദിച്ചാൽ ഒരു നാമത്തിലൂടെയാണ് അച്ഛൻ ഉത്തരം പറഞ്ഞിരുന്നത്. അതായിരുന്നു കെ.ജി. ജോർജ്. നടനകലയെ ഇത്രത്തോളം മനസിലാക്കിയ മറ്റൊരു സംവിധായകനില്ലെന്ന് അച്ഛൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമകളിൽ ഒരു നടൻ പരകായപ്രവേശം നടത്തുന്ന അതേരീതിയിൽ ഒരു സംവിധായകനും മാറുകയാണ്. ഒരു സിനിമയിൽ നിന്ന് മറ്റൊരു സിനിമയിലേക്ക് സംവിധായകനും പരകായപ്രവേശം നടത്തുകയാണ്. നടനെന്ന നിലയിൽ അച്ഛനും സംവിധായകനെന്ന നിലയിൽ ജോർജ് സാറും ഇങ്ങനെ ചെയ്തുവെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.