
അഹമ്മദാബാദ്: കടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.
ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാൻ. 45 ഡിഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
ആരോഗ്യം പഴയപടിയാവുന്നതുവരെ അദ്ദേഹത്തെ നിരീക്ഷണത്തിൽവെയ്ക്കുകയായിരുന്നു. ഈസമയം, ആശുപത്രിയിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. സുഹൃത്തും നടിയുമായ ജൂഹി ചൗള ഭർത്താവിനൊപ്പം ആശുപത്രിയിലെത്തി ഷാരൂഖിനെ കണ്ടിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം, ഷാരൂഖ് ഖാന്റെ ആരോഗ്യം സംബന്ധിച്ച് ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രസ്താവന ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമായിരുന്നു ഷാരൂഖ് ഖാൻ ചൊവ്വാഴ്ചത്തെ ഐ.പി.എൽ മത്സരം കാണാനെത്തിയത്. തന്റെ ടീമിന്റെ ഫൈനൽ പ്രവേശം ഷാരൂഖ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നൈറ്റ് റൈഡേഴ്സ് ടീം ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമകൂടിയാണ് ഷാരൂഖ് ഖാൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]