
അവസാനമായി കാണുമ്പോൾ വിസ്മൃതിയുടെ ഏകാന്തതീരത്തായിരുന്നു ഭാസ്കരൻ മാസ്റ്റർ. മറക്കുവാൻ പറയാൻ എന്തെളുപ്പം, മണ്ണിൽ പിറക്കാതിരിക്കലാണതിലെളുപ്പം എന്നെഴുതിയ കവി ചുറ്റും ചിതറിവീണ ഓർമത്തുണ്ടുകൾ പെറുക്കിയെടുത്തു കൂട്ടിവെക്കാനാവാതെ കിടക്കയുടെ ഓരത്ത് തളർന്നിരിക്കുന്നു. തൊട്ടുമുന്നിൽ നിറകണ്ണുകളോടെ എസ്. ജാനകി. മാസ്റ്ററുടെ അനേകമനേകം ഗാനങ്ങൾക്ക് ആത്മാവ് പകർന്നു നല്കിയ ഗായിക.
മറക്കാനാവില്ല ആ കൂടിക്കാഴ്ച. ഒരു ഗാനമേളയിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയ ജാനകിയമ്മ ഒരു സൗഹൃദ സംഭാഷണത്തിലാണ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്: ”ഭാസ്കരൻ മാസ്റ്ററെ ഒന്ന് കാണണം. സുഖമില്ല എന്ന് കേട്ടിരുന്നു. എന്നെ ഞാനാക്കിയ പാട്ടെഴുത്തുകാരനല്ലേ…”. ചെന്നു. തിരുവനന്തപുരം ജവഹർ നഗറിലെ വീട്ടിൽ ചെല്ലുമ്പോൾ മാസ്റ്റർ ഉറങ്ങുകയാണ്. കൈകൾ രണ്ടും മാറത്തു ചേർത്ത് വച്ച് നിഷ്കളങ്കനായ കുഞ്ഞിനെ പോലെ. നിദ്രയിൽ നിന്നു മൃദുവായി തട്ടിയുണർത്തി ജാനകി വന്ന വിവരം ഭാര്യ ഉണർത്തിച്ചപ്പോൾ, മാസ്റ്ററുടെ മുഖത്ത് കണ്ട നിസ്സംഗ ഭാവം ഈ ജന്മം മറക്കില്ല. വഴിതെറ്റി കയറിവന്ന ഏതോ അപരിചിതയെ എന്നവണ്ണം ജാനകിയെ നോക്കി കിടന്നു അദ്ദേഹം.
”ആരാ, മനസ്സിലായില്ല്യല്ലോ?” മാസ്റ്ററുടെ ചോദ്യം. ജാനകിയമ്മയുടെ ഹൃദയത്തിൽ നിന്നുയർന്ന ഗദ്ഗദം ഇതാ ഈ നിമിഷവും കാതിൽ മുഴങ്ങുന്നു. ആത്മഗതമെന്നോണം അവർ ഉരുവിട്ട വാക്കുകളും: ”മാസ്റ്റർ… ഇത് ഞാനാണ്, ജാനകി..”
ഓർമയുടെ വിജനതീരത്ത് വൃഥാ അലഞ്ഞ ശേഷം നിസ്സഹായനായി തിരിച്ചെത്തുന്നു ഭാസ്കരൻ മാസ്റ്റർ. ”എനിക്ക് അറിയില്യല്ലോ നിങ്ങളെ, ഈ മുഖം മുൻപ് കണ്ടിട്ടേയില്ല ഞാൻ..”
മറുപടി കേട്ട് തളർന്നുപോയ ഗായികയെ എങ്ങനെ ആശ്വസിപ്പിക്കാൻ? ഏത് ആശ്വാസവചനത്തിനാണ് അവരെ ആ ഞെട്ടലിൽ നിന്ന് മോചിപ്പിക്കാനാകുക? : ”ജാനകിയമ്മ വിഷമിക്കരുത്,”– എന്നിട്ടും ഞാൻ പറഞ്ഞു. ”കുറച്ചു കാലമായി മാസ്റ്റർ ഇങ്ങനെ ആണ്. ഒരു പാട്ട് പാടി നോക്കൂ. മുഖം മറന്നാലും ആ ശബ്ദം മറക്കാനാകുമോ മാസ്റ്റർക്ക്?” 1959-ൽ പുറത്തിറങ്ങിയ മിന്നൽ പടയാളിയിലെ ”രാക്കുയിലേ” മുതൽ ഇങ്ങോട്ട് ജാനകി പാടി അനശ്വരമാക്കിയ മാസ്റ്ററുടെ നൂറു കണക്കിന് ഗാനങ്ങൾ വന്നു തുളുമ്പുകയായിരുന്നു മനസ്സിൽ .
വാതിലിൽ ചാരി നിന്ന് ജാനകിയമ്മ പാടി– ”മൂടുപട”ത്തിന് വേണ്ടി ഭാസ്കരൻ മാസ്റ്ററുടെ വരികളിൽ നിന്ന് ബാബുരാജ് സൃഷ്ടിച്ച ആ അപൂർവ സുന്ദര ഭാവഗീതം: തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ വിളിച്ചിട്ടും വരുന്നില്ല വിരുന്നുകാരൻ, നിന്റെ വിരുന്നുകാരൻ…
ഗാനത്തിന്റെ പല്ലവി കഴിഞ്ഞു ചരണത്തിന്റെ തുടക്കം എത്തിയപ്പോൾ, ഏതോ ഉൾവിളിയാലെന്നവണ്ണം ഭാസ്കരൻ മാസ്റ്റർ പതുക്കെ കട്ടിലിൽ എഴുന്നേറ്റിരുന്നു. ”പൂനുള്ളി പൂനുള്ളി കൈവിരൽ കുഴഞ്ഞല്ലോ..”. ആലാപനത്തിന്റെ ഏതോ ഘട്ടത്തിൽ, എവിടെയോ വച്ച് ആ ഗാന പ്രവാഹത്തിൽ ലയിച്ചു ചേരുന്നു മാസ്റ്റർ. കവിയും പാട്ടുകാരിയും ഒന്നായി ഗാനത്തിന്റെ ആത്മാവിലൂടെ ഒഴുകിപ്പോകുമ്പോൾ മാസ്റ്ററുടെ ഭാര്യ തൊട്ടടുത്തിരുന്നു കണ്ണീരൊപ്പി.
ജാനകി പിന്നെയും പാടി– മലയാളിയുടെ സംഗീതഹൃദയത്തെ ആർദ്രമാക്കിയ ഗാനങ്ങൾ: ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായ് അവിടുത്തെ, ആരാധികയുടെ പൂജാകുസുമം, കേശാദിപാദം തൊഴുന്നേൻ, നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ… ഓരോ ഗാനവും ചരണത്തിലേക്ക് പ്രവേശിക്കുമ്പോൾ, സ്വയം അറിയാതെ മാസ്റ്റർ ആലാപനത്തിൽ പങ്കുചേരുന്നുണ്ടായിരുന്നു. ഏതോ അദൃശ്യശക്തിയുടെ പ്രേരണയാൽ എന്നവണ്ണം.
നൊമ്പരവും ആഹ്ലാദവും ഇടകലർന്ന ആ സംഗീത വിരുന്നിനൊടുവിൽ, മനസ്സില്ലാമനസ്സോടെ യാത്ര ചോദിയ്ക്കാൻ എഴുന്നേറ്റ ജാനകിയുടെ നേർക്ക് കൈകൂപ്പി നിഷ്കളങ്കമായ ചിരിയോടെ മാസ്റ്റർ ചോദിച്ചു: ”ഇതൊക്കെ ആരുടെ പാട്ടുകളാ? നല്ല ശബ്ദം. ഇനിയും വന്നു പാടി തരണം ട്ടോ..” നിശബ്ദയായി, ഒരു ഗദ്ഗദം നെഞ്ചിൽ അടക്കിപ്പിടിച്ചു നിന്നു ജാനകി.
ഓർമയിൽ തെളിഞ്ഞു വന്നത് പഴയ ഒരു അനുഭവമാണ്. ഭാസ്കരൻ മാസ്റ്റർ തന്നെ വിവരിച്ചു കേട്ടിട്ടുള്ള കഥ. വർഷങ്ങൾക്കു മുമ്പാണ്. പ്രശസ്ത നടി രാഗിണി അർബുദ രോഗബാധിതയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന കാലം. അടുത്ത സുഹൃത്ത് കൂടിയായ രാഗിണിയെ കാണാൻ മാസ്റ്റർ ആശുപത്രിയിൽ എത്തുന്നു. ക്ഷീണിതയാണ് രാഗിണി. വെള്ളിത്തിരയിലെ പഴയ സ്വപ്നറാണിയുടെ നേർത്ത നിഴൽ മാത്രമായി മാറിക്കഴിഞ്ഞിരുന്നു അവർ. മാസ്റ്ററെ കണ്ടപ്പോൾ രാഗിണി പണിപ്പെട്ടു പുഞ്ചിരിക്കാൻ ശ്രമിച്ചു. ഒപ്പം പഴയൊരു പാട്ടിന്റെ ഈരടികൾ മൂളി: തനിക്കേറ്റവും പ്രിയപ്പെട്ട ഭാസ്കരഗാനത്തിന്റെ വരിക .
“ദുഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു, സ്വർഗത്തിൽ ഞാൻ ഒരു മുറിയെടുത്തു..” കണ്ണീർ അടക്കാനാവാതെ ആശുപത്രി മുറിയിൽ നിന്നു ഇറങ്ങിപ്പോന്ന കഥ മാസ്റ്റർ വികാരവായ്പോടെ വിവരിച്ചു കേട്ടിട്ടുണ്ട്.
കാലം മാറുന്നു. കഥാപാത്രങ്ങളും. അന്തരീക്ഷത്തിൽ തങ്ങിനില്ക്കുന്ന പാട്ടിന്റെ ഈരടികൾക്ക് മാത്രം മാറ്റമില്ല: ”മറവി തൻ മാറിടത്തിൽ മയങ്ങാൻ കിടന്നാലും ഓർമ്മകൾ ഓടിയെത്തി ഉണർത്തിടുന്നു…”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]