
ആയിരം സിനിമകൾക്ക് ജീവൻപകർന്ന സംഗീതത്തിന്റെ ഉടമയുടെ ജീവിതം ബിഗ് സ്ക്രീനിലേക്ക്. ഇസൈജ്ഞാനി ഇളയരാജയുടെ ഇതിഹാസജീവിതം സിനിമയാക്കുന്നത് അരുൺ മാതേശ്വരനാണ്. ഇളയരാജയായി ധനുഷ് വേഷമിടും. ഹിറ്റ് ചിത്രമായ ക്യാപ്റ്റൻ മില്ലറിനുശേഷം അരുൺ-ധനുഷ് കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രത്തിന്റെ പേരും ഇളയരാജ എന്നുതന്നെയാണ്. ചിത്രത്തിന്റെ പിന്നണിയിലും ഇളയരാജയുടെ സാന്നിധ്യമുണ്ട്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് അദ്ദേഹംതന്നെയാണ്.
തേനിയിലെ പന്നൈപുരം എന്ന ഗ്രാമത്തിൽ ജനിച്ച ജ്ഞാനദേശികൻ ലോകം അറിയപ്പെടുന്ന ഇളയരാജയായി വളർന്നത് തമിഴ് സിനിമാഗാന ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. ഈ യാത്രയാണ് അരുൺ മാതേശ്വരൻ സിനിമയാക്കുന്നത്. അറുപതുകളുടെ അവസാനം ഹാർമോണിയം പെട്ടിയുമായി തേനിയിൽനിന്ന് മദിരാശിയിലേക്ക് വണ്ടികയറിയ ചെറുപ്പക്കാരന്റെ ചിത്രമാണ് ‘ഇളയരാജ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഇടംനേടിയത്. മദ്രാസിന്റെ അടയാളമായ ചെന്നൈ സെൻട്രൽ പശ്ചാത്തലമായ പോസ്റ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇനി ചിത്രത്തിനായുള്ള കാത്തിരിപ്പാണ്.
തമിഴ് സിനിമയിലെ രണ്ട് ഇതിഹാസങ്ങളുടെ വേഷം അവതരിപ്പിക്കണമെന്നായിരുന്നു ധനുഷിന്റെ ആഗ്രഹം -രജനീകാന്തിന്റെയും ഇളയരാജയുടെയും. ഇതിൽ ഒന്ന് യാഥാർഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണ് താൻ ഇപ്പോഴെന്ന് ധനുഷ് പറയുന്നു. അഭിനയം എന്തെന്നറിയാത്ത കാലംമുതൽ തനിക്ക് തുണയായത് ഇളയരാജയുടെ സംഗീതമായിരുന്നെന്നും ധനുഷ് വെളിപ്പെടുത്തി.
ഒരു സീനിൽ അഭിനയിക്കാൻ പോകുന്നതിനുമുമ്പ് അതിന് യോജിച്ചതരത്തിലുള്ള ഇളയരാജയുടെ പാട്ടുകൾ കേൾക്കുന്നത് ധനുഷിന്റെ ശീലമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതംതന്നെ സിനിമയാക്കുമ്പോൾ ഏത് പാട്ടുകേൾക്കുമെന്നാണ് ആരാധകർക്ക് അറിയേണ്ടത്. സംഗീതസംവിധാനം നിർവഹിക്കുന്നത് ഇളയരാജയായതിനാൽ പൂർണമായും അദ്ദേഹത്തിന്റെ സ്പർശമുള്ള സിനിമയാണ് പ്രതീക്ഷിക്കുന്നത്.
തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധി അടക്കമുള്ളവർക്ക് ഇളയരാജയുടെ ജീവിതത്തിൽ പ്രധാനറോളുണ്ട്.
ഇസൈജ്ഞാനി എന്ന വിശേഷം കരുണാനിധിയുടെ സംഭാവനയാണ്. ഇരുവരുടെയും ജന്മദിനം ജൂൺ മൂന്നാണ്. എന്നാൽ, ജൂൺ മൂന്ന് കരുണാനിധിക്കായി വിട്ടുകൊടുത്ത് ജൂൺ രണ്ടിന് തന്റെ പിറന്നാൾ ആഘോഷിക്കാനാണ് ഇളയരാജ തീരുമാനിച്ചത്. ചരിത്രമുഹൂർത്തങ്ങൾ അഭ്രപാളിയിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകലക്ഷങ്ങൾ. തമിഴ് കൂടാതെ മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]