ഇന്ത്യന്‍ സിനിമാ മേഖലയില്‍ ഇന്ന് ഏറ്റവും ആഘോഷിക്കപ്പെടുന്ന സംവിധായകനാണ് എസ്.എസ്. രാജമൗലി. അദ്ദേഹത്തിന്റെ അടുത്ത ചിത്രങ്ങള്‍ക്കായി അത്രയധികം ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. നിലവില്‍, മഹേഷ് ബാബുവുമൊത്തുള്ള ചിത്രത്തിന്റെ പണിപ്പുരയിലാണ് രാജമൗലി. ‘എസ്.എസ്.എം.ബി.29’ എന്ന് താല്കാലിക ടൈറ്റില്‍ നല്‍കിയിട്ടുള്ള സിനിമയില്‍ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ജനുവരി രണ്ടിന് ഹൈദരാബാദില്‍ നടന്ന പൂജാ ചടങ്ങില്‍ രാജമൗലിയും മഹേഷ് ബാബുവും പങ്കെടുത്തിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട ചെറിയ അപ്ഡേറ്റുകള് രാജമൗലി തന്റെ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടാറുണ്ട്. അത്തരത്തിലുള്ള രാജമൗലിയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സിംഹത്തെ കൂട്ടിലാക്കി’ എന്ന തരത്തിലുള്ള ഒരു പ്രതീകാത്മക വീഡിയോയാണ് രൗജമൗലി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. മഹേഷ് ബാബുവിനെ തന്റെ പിടിയിലാക്കി എന്നാണ് സംവിധായകന് ഉദ്ദേശിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
ടാന്‍സാനിയയിലെ സെരെന്‍ഗെട്ടി ദേശീയോദ്യാനത്തിലെ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന ബോബ് ജൂനിയര്‍ എന്ന് സിംഹത്തിന്റെ ചിത്രത്തിന്റെ മുന്നില്‍ കൈയിലൊരു പാസ്പോര്‍ട്ടുമായി നില്ക്കുന്ന രാജമൗലിയുടെ ചെറിയ ഒരു വീഡിയോയാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. പാസ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി രാജമൗലി ചിരിക്കുമ്പോള്‍ പിന്നിലെ സിംഹത്തിന്റെ ചിത്രം പ്രതീകാത്മകമായി കൂട്ടിലാകും.
മഹേഷ് ബാബുവുമായുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്നും ഇനി കുറച്ചുനാളത്തേക്ക് താരം സംവിധായകന്റെ ‘കസ്റ്റഡിയില്‍’ ആയിരിക്കും എന്നുമാണത്രേ രാജമൗലി ഉദ്ദേശിച്ചിരിക്കുന്നത്. മുഫാസ: ദി ലയണ്‍ കിങ് എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പില്‍ മുഫാസയ്ക്കായി ശബ്ദം നല്‍കിയിരിക്കുന്നത് മഹേഷ് ബാബുവാണ്, തെലുങ്ക് സിനിമയിലെ സിംഹമായാണ് ആരാധകര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. ‘എസ്.എസ്.എം.ബി.29’ സംബന്ധിച്ച ആദ്യത്തെ അപ്ഡേറ്റ് പോസ്റ്റിലും ബോബ് സിംഹത്തിന്റെ ചിത്രം തന്നെയായിരുന്നു രാജമൗലി ഉപയോഗിച്ചിരുന്നത്.
പോസ്റ്റിന് മറുപടിയായി തന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിയിലെ ഡയലോഗാണ് മഹേഷ് ബാബു ഉപയോഗിച്ചിരിക്കുന്നത്. ‘ഒരു തവണ തീരുമാനിച്ചാല്‍ പിന്നെ ഞാന്‍ വിചാരിച്ചാല്‍ പോലും ആ തീരുമാനം മാറ്റാന്‍ കഴിയില്ല’, എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അതേസമയം, ഒടുവില്‍ അത് സംഭവിക്കുന്നു എന്ന തരത്തിലുള്ള കമന്റാണ് പ്രിയങ്ക ചോപ്ര പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് വില്ലനായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2028-ലായിരിക്കും ചിത്രം റിലീസിനെത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]