ന്യൂയോർക്ക്: കഴിഞ്ഞദിവസമാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫർ ആനിസ്റ്റണും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ കൊടുമ്പിരികൊണ്ടത്. അന്താരാഷ്ട്ര മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഈ വിഷയത്തിൽ ചൂടേറിയ ചർച്ചകൾ നടന്നുവരികയാണ്. യഥാർത്ഥത്തിൽ ആരാണ് ജെനിഫർ ആനിസ്റ്റൺ? ഇതിനുമുൻപ് നടിയുടെ പേരുൾപ്പെട്ട വിവാദങ്ങളും അഭ്യൂഹങ്ങളും എന്തെല്ലാമാണ്? പരിശോധിക്കാം.
ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയും നിർമാതാവുമാണ് ജെനിഫർ ആനിസ്റ്റൺ. ഫ്രണ്ട്സ് എന്ന ടിവി പരമ്പരയിൽ റേച്ചൽ ഗ്രീൻ എന്ന കഥാപാത്രം അവതരിപ്പിച്ചതോടു കൂടിയാണ് ഇവർ പ്രശസ്തയാവുന്നത്. ഇതിലെ അഭിനയത്തിന് എമ്മി, ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ആനിസ്റ്റണ് ലഭിച്ചു. ഷീ ഈസ് ദ വൺ, ബ്രൂസ് ഓൾമൈറ്റി, ദ ബ്രേക്ക് അപ്പ്, റോക്ക് സ്റ്റാർ, ഡിറൈൽഡ്, മാർലി ആൻഡ് മീ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റ് ആയിരുന്നു ആനിസ്റ്റന്റെ ആദ്യഭർത്താവ്. 2000-ൽ വിവാഹിതരായ ഇരുവരും പിന്നീട് വിവാഹമോചിതരായി. 2011-ൽ നടനും സംവിധായകനുമായ ജസ്റ്റിൻ തെറോക്സുമായി പ്രണയത്തിലായ ആനിസ്റ്റൺ ഇദ്ദേഹത്തെ 2015-ൽ വിവാഹം കഴിച്ചു. 2017-ൽ ആ ബന്ധവും അവരുപേക്ഷിച്ചു.
2008-ൽ ബരാക് ഒബാമയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആനിസ്റ്റൺ സംഭാവന നൽകിയിരുന്നു. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഹിലരി ക്ലിന്റണിന്റെ ഫണ്ട് ശേഖരണത്തിലും അവർ പങ്കെടുത്തു. 2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർ ജോ ബൈഡനെയായിരുന്നു പിന്തുണച്ചത്.
പലപ്പോഴും അസാധാരണമായ അഭ്യൂഹങ്ങളിൽ മുങ്ങിയിരുന്നു ജെനിഫർ ആനിസ്റ്റന്റെ ജീവിതം. അതിലൊന്നായിരുന്നു സൗന്ദര്യം വർധിപ്പിക്കാൻ താരം സാൽമൺ മത്സ്യത്തിന്റെ ബീജം (salmon sperm ) കൊണ്ടുള്ള ഫേഷ്യൽ ചെയ്യാറുണ്ട് എന്നത്. ജിമ്മി കിമ്മെലുമായുള്ള ഒരു അഭിമുഖത്തിൽ അവർ ഇതിനെക്കുറിച്ചുള്ള ചോദ്യത്തെ സരസമായാണ് നേരിട്ടത്. “ഞാൻ ഒരു സാൽമൺ മത്സ്യത്തെപ്പോലെയല്ലേ? എനിക്ക് മനോഹരമായ സാൽമൺ ചർമ്മമില്ലേ?” എന്നായിരുന്നു ജെനിഫർ മറുചോദ്യം ഉന്നയിച്ചത്.
ഇതേ അഭിമുഖത്തിൽത്തന്നെ തനിക്കുള്ള ഒരു വിചിത്ര സ്വഭാവത്തേക്കുറിച്ചും അവർ പറയുന്നുണ്ട്. യാത്രകൾ പോവുമ്പോൾ മരിച്ചുപോയ സ്വന്തം തെറാപ്പിസ്റ്റിന്റെ ചിതാഭസ്മം അടങ്ങിയ സിപ് ലോക്ക് ബാഗും കൊണ്ടുനടക്കാറുണ്ട് എന്നതാണ് ആ കാര്യം. ഇതേ അഭിമുഖത്തിൽത്തന്നെ ഒബാമയുമായി ചേർത്തുവച്ചുള്ള ഗോസിപ്പിനേക്കുറിച്ചും അവർ സംസാരിക്കുന്നുണ്ട്. മിഷേലിനെ ഒബാമയേക്കാൾ നന്നായി തനിക്കറിയാമെന്നാണ് അന്ന് ആനിസ്റ്റൺ ഈ ഗോസിപ്പിനോട് പ്രതികരിച്ചത്.
ബരാക് ഒബാമയുമായി ജെനിഫർ ആനിസ്റ്റണിന് വ്യക്തിപരമായ സൗഹൃദം ഇല്ലെന്നും എന്നാൽ അദ്ദേഹത്തിന്റെ സൃഷ്ടികളുടെ ആരാധികയാണവരെന്നും നടിയുടെ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞിരുന്നു. തങ്ങളുടെ വിവാഹമോചനത്തെക്കുറിച്ചോ പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചോ ബരാക് ഒബാമയോ മിഷേൽ ഒബാമയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
കഴിഞ്ഞ വർഷം ഇൻടച്ച് മാഗസിൻ ‘ദി ട്രൂത്ത് എബൗട്ട് ജെൻ & ബരാക്’ എന്ന തലക്കെട്ടിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ബരാക് ഒബാമയുടെയും ജെന്നിഫർ ആനിസ്റ്റണിന്റെയും പ്രണയത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികൾ ആദ്യമായി ഉയർന്നുവന്നത്. മാധ്യമപ്രവർത്തകയായ മേഗിൻ കെല്ലിയാണ് തന്റെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഈ വിഷയം ഉന്നയിച്ചത്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ ശരിയാണെങ്കിൽ അത് ഡെമോക്രാറ്റിക് സർക്കിളുകളിൽ ഒരു രാഷ്ട്രീയ ഭൂകമ്പമായിരിക്കുമെന്നാണ് അവർ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]