മുംബൈ: അക്രമിയുടെ കുത്തേറ്റ സംഭവത്തിൽ നടൻ സെയ്ഫ് അലിഖാന്റെ മൊഴി മുംബൈ പോലീസ് രേഖപ്പെടുത്തി. സദ്ഗുരു ശരൺ കെട്ടിടത്തിലെ വസതിയിൽ താനും ഭാര്യ കരീന കപൂർഖാനും വേറെ മുറിയിലായിരുന്നെന്നും ജോലിക്കാരി ബഹളംവെച്ചതുകേട്ടാണ് മകന്റെ മുറിയിലേക്ക് ഓടിയെത്തിയതെന്നും സെയ്ഫ് പറഞ്ഞു.
അവിടെ അക്രമിയെ കണ്ടു. ജോലിക്കാരി ഏലിയാമ്മ ഫിലിപ്പ് ഭയന്ന് നിലവിളിക്കുമ്പോൾ മകൻ കരയുകയായിരുന്നു. പ്രതിയെ താൻ മുറുകെ പിടിച്ചതോടെ അയാൾ കുത്തി. തുടർച്ചയായി കുത്തിയതോടെ അക്രമിയുടെ മേലുള്ള പിടി അയഞ്ഞു. എങ്കിലും ഇയാളെ മുറിക്കുള്ളിലേക്ക് തള്ളിയിടുകയും പുറത്തുനിന്ന് പൂട്ടുകയുംചെയ്തു. അവിടെനിന്ന് പ്രതി കടന്നുകളഞ്ഞതായും നടൻ മൊഴിനൽകി.
കേസിൽ ബംഗ്ലാദേശിൽനിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന ഷരീഫുൾ ഇസ്ലാമാണ് അറസ്റ്റിലായത്. നട്ടെല്ലിന് സമീപവും കഴുത്തിലുമായി ആറ് കുത്തേറ്റ നടനെ ലീലാവതി ആശുപത്രിയിൽ അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.
സെയ്ഫിന്റെ വസതി, കെട്ടിടത്തിന്റെ കോണിപ്പടി, ശുചിമുറിയുടെ വാതിൽ, മകൻ ജേയുടെ മുറിയുടെ വാതിൽ പിടി എന്നിവയിൽനിന്ന് പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളങ്ങളും പോലീസിന് ലഭിച്ചിരുന്നു. അവ വിലയിരുത്തലിനായി അയച്ചിട്ടുണ്ട്. അതിനിടെ, പ്രതിയുടെ പോലീസ് കസ്റ്റഡി ജനുവരി 29 വരെ നീട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]