മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പത്മരാജന് എന്റെ ഗന്ധര്വന് എന്ന പുസ്തകത്തില്‍നിന്ന്;
എന്റെ രീതികളും, ചില സമയങ്ങളിലെ പൊട്ടിത്തെറികളും കണ്ടിട്ടാവാം, എന്റെ ജീവിതത്തിലേക്ക് എന്തെങ്കിലും ഒരു മാറ്റമുണ്ടായാല്‍ കൊള്ളാം എന്നൊരു ചിന്ത അമ്മയ്ക്കും ചെറിയമ്മയ്ക്കും ഉണ്ടായിത്തുടങ്ങിയത്. മോനുവിന്റെ അമ്മ അന്ന് കല്‍ക്കത്തയിലെ ബാറ്റാനഗറിലാണ് താമസിച്ചിരുന്നത്. ഇളയച്ഛന് ബാറ്റാ ഷൂ കമ്പനിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു.
വെക്കേഷനില്‍ കല്‍ക്കത്തയ്ക്കു പോകാനൊരുങ്ങുമ്പോള്‍ മോനു ചോദിച്ചു, ‘ചേച്ചി, നിങ്ങളെന്റെ കൂടെ വരുന്നോ, ഒരു ചെയ്ഞ്ച് ആവുമല്ലോ’ എനിക്കത് നല്ലൊരു ആശയമായി തോന്നി. അമ്മയും അച്ഛനും സമ്മതിച്ചു. ഞാന്‍ മോനുവിന്റെ കൂടെ കല്‍ക്കത്തയ്ക്കു പോയി. അവിടെ അന്നമ്മച്ചെറിയമ്മയും ഇളയച്ഛനും മോനുവിന്റെ രണ്ടനിയന്മാരും ഉണ്ടായിരുന്നു. ചെറിയമ്മയ്ക്ക് പെണ്‍മക്കളില്ലാത്തതുകൊണ്ട് എന്നെയും ചേച്ചിയെയും ഞങ്ങളുടെ മറ്റൊരു വല്യമ്മയുടെ മകളായ ഓമനച്ചേച്ചിയെയും വലിയ കാര്യമാണ്. തറവാട്ടില്‍നിന്നും ഭാഗം വാങ്ങി പോയവരാണെങ്കിലും ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ സുദൃഢമായ ഒരു ബന്ധം നിലനില്ക്കുന്നു.
ഞാനവിടെ ചെല്ലുമ്പോള്‍ ഇളയച്ഛന്റെ ബന്ധത്തില്‍ ഒരനന്തരവനും, അമ്മയുടെ അമ്മാവന്റെ മകള്‍ ബേബിച്ചേച്ചിയും, അന്നമ്മച്ചെറിയമ്മയുടെ അവിവാഹിതനായ അനിയന് ബാലമ്മാമനും ഒക്കെ അവിടെ ഉണ്ടായിരുന്നു. ചുരുക്കം പറഞ്ഞാല്‍, ഇളയച്ഛന് സ്വന്തം കുടുംബത്തെക്കൂടാതെ നാലുപേരെക്കൂടി തീറ്റിപ്പോറ്റേണ്ട ഗതികേട്. അന്നൊന്നും ഈ ഗതികേടിനെക്കുറിച്ച് എനിക്ക് യാതൊരറിവും ഉണ്ടായിരുന്നില്ല. ഇളയച്ഛന് നല്ല സാമ്പത്തികശേഷിയുള്ള ആളാണ്. കല്‍ക്കത്തയിലെ വൃത്തികെട്ട തെരുവുകളില്നിന്നൊക്കെ ഒഴിഞ്ഞ് ഒരു സിറ്റിയുടെ സ്വഭാവം ലവലേശം തോന്നിക്കാത്ത ബാറ്റാനഗര്‍ കോളനിയിലെ നല്ല സൗകര്യമുള്ള രണ്ടു നിലയുള്ള ക്വാര്‍ട്ടേഴ്സ്.
ബാറ്റാനഗറില് ഞാന്‍ ചെല്ലുന്നതിനു തൊട്ടുമുന്‍പായി, കുംഭമാസത്തിലെ അശ്വതി നാളില്‍ പത്മരാജന്റെ അച്ഛന് മരിച്ചു. അച്ഛന്റെ മരണശേഷം അദ്ദേഹം കല്‍ക്കത്തയിലേക്കാണ് എനിക്കെഴുതുന്നത്. സംഭവങ്ങള്‍ ഒരുപാടുള്ളതുകൊണ്ട്, കത്ത് രണ്ടു കവറുകളിലാക്കിയാണ് പോസ്റ്റ് ചെയ്തത്. ഒരേ കൈയക്ഷരത്തില്‍ രണ്ടു കത്തുകള്‍ ഒരുമിച്ചു കണ്ടപ്പോള്‍, ‘ഒരേയാളുടെ രണ്ടു കത്തുകള്‍’ എന്ന് തന്നത്താന്‍ പറഞ്ഞുകൊണ്ടാണ് ഇളയച്ഛന് അത് മോനുവിനെ ഏല്പിച്ചത്. അവന് കത്തുംകൊണ്ട് മുകളിലേക്ക് ഓടിവന്നു. ‘ആരുടെയാണ് എഴുത്ത്?’ എന്ന് താഴെനിന്ന് ചെറിയമ്മ ചോദിക്കുന്നതു കേട്ടു. ‘ചങ്ങാതിയുടെ’ എന്ന് മോനു മറുപടിയും പറഞ്ഞു.
അച്ഛന്റെ മരണത്തെക്കുറിച്ച് പത്മരാജന് എഴുതി.
‘രാത്രി രണ്ടുമണിക്ക് കര്‍മങ്ങളെല്ലാം കഴിഞ്ഞു. എന്റെ കൈയിലിരുന്ന് പത്മജന്ചേട്ടന്റെ ഇളയ മകന് കുഞ്ഞനി ബലിയിട്ടു… ശവം മുഴുവന്‍ ദഹിച്ചു കഴിഞ്ഞിരിക്കണം. കിഴക്ക് വയലുകള്‍ക്കപ്പുറത്ത് പ്രഭാതം വരുന്നതും കാണായി. നേരിയ വിഷാദം തോന്നാതെയിരുന്നില്ല. പഴയ സായാഹ്നങ്ങള്‍ ഓര്‍മയില്‍ വന്നു. വൈകുന്നേരങ്ങളില്‍ തെക്കേമുറിയില്‍ കൂടാറുണ്ടായിരുന്ന അച്ഛന്റെ സുഹൃദ്സദസ്സുകള്, ചീട്ടുകളികള്‍, പാട്ടുകച്ചേരികള്‍… ഇന്ന് അവരിലാരുംതന്നെ ഇല്ല. എല്ലാവരും മരിച്ചുപോയി. ഒരാളുടെ മരണത്തില്‍ അത്രയ്ക്ക് ദുഃഖിക്കാനെന്തുണ്ട്? പക്ഷേ, ആ ഒരു കമ്പനി അപ്പാടേ ഇല്ലാതായെന്നോര്‍ത്തപ്പോള്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി…
പി. പത്മരാജനോടൊപ്പം ഭാര്യ രാധാലക്ഷ്മി പത്മരാജന് | ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്സ്
കേരളത്തിലെ ആദ്യത്തെ ബാച്ചുകളിലൊന്നിലെ ബി.എക്കാരനായിരുന്നു അച്ഛന്. അദ്ദേഹത്തോടൊത്ത് പഠിച്ചിരുന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സ്ഥാനങ്ങളിലാണ്. പക്ഷേ, അച്ഛനെന്തോ അതൊന്നും ഇഷ്ടമായിരുന്നില്ല. മദിരാശിയില്‍ എഫ്.എല്ലിന് ഒരുതവണ തോറ്റപ്പോള്‍ നാട്ടില്‍ മടങ്ങിയെത്തി കൃഷിസ്ഥലങ്ങളും നോക്കി ഒരുദ്യോഗത്തിനും പോകാതെ ജീവിച്ചു. ആരുടെയും കീഴില്‍ ജോലിചെയ്യാന്‍ അച്ഛന് വയ്യായിരുന്നു എന്നു തോന്നുന്നു. ഇത്ര ആരോഗ്യപൂര്‍ണമായ മനുഷ്യശരീരം വളരെ ചുരുക്കമായിരുന്നു. ആകൃതി ഒത്തതും. നല്ല ഉയരം, നല്ല നിറം, ഒരു ‘ശ്രീ’ക്ക് മാത്രം കാണാവുന്ന വടിവൊത്ത ശരീരം, നല്ല ശബ്ദം ഇവയൊക്കെ അച്ഛന് മരണംവരെ ഉണ്ടായിരുന്നു. മരിച്ചുകിടക്കുമ്പോഴും ആ മൂക്കിന്റെ ഭംഗിയും, നെറ്റിയുടെ ഉയര്‍ച്ചയും ഞാന്‍ ശ്രദ്ധിക്കുകയുണ്ടായി. ആറുമാസത്തോളം സുഖമില്ലാതെ കിടന്ന ഒരാള്‍ മരിച്ചുകിടക്കുകയാണ് എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ ആളെ കിട്ടില്ല.
ഒരു തുള്ളി കണ്ണുനീര്‍പോലും പൊഴിക്കാതെ ഞാന്‍ അച്ഛന്റെ മരണം തരണം ചെയ്തു…’
കത്തു വായിച്ച് മനസ്സ് വല്ലാതായി.
മറുപടിയില്‍ അദ്ദേഹത്തിന്റെ മനസ്സിനെ വേദനിപ്പിക്കത്തക്കവണ്ണം ഒരു വാക്കുപോലും കടന്നുകൂടാതെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അറുപത്തിയേഴ് ജൂണ്‍ മാസത്തോടെ പത്മരാജന് തിരുവനന്തപുരത്തേക്ക് മാറ്റം കിട്ടി. സംഭവബഹുലമായ രണ്ടുവര്‍ഷത്തെ വാസത്തിനുശേഷം അദ്ദേഹം തൃശ്ശൂരിനോട് യാത്രപറഞ്ഞു.
പത്മരാജൻ എൻ്റെ ഗന്ധർവൻ
₹ 178
Buy Now
#pc_171658 .productImage{width:100%;max-width:186px;height:120px;text-align:center}
#pc_171658 .btn-prod-1{margin-bottom:10px;}
#pc_171658 .productCardDetails p{padding-top:5px !important}
@media screen and (max-width: 575px) {
#pc_171658 {flex-direction:column !important;}
#pc_171658 .productImage{height:212px;margin-bottom:15px}
}
പില്ക്കാലത്ത് പലപ്പോഴും തൃശ്ശൂരിലെ ജീവിതത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുമായിരുന്നു. ആ ഹൃദയത്തില്‍ തൃശ്ശൂരിലെ സുഹൃത്തുക്കള്‍ക്ക് നേടാന്‍ കഴിഞ്ഞത്രയും ഇടം തിരുവനന്തപുരത്തെ കൂട്ടുകാര്‍ക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞില്ല. കാപട്യമില്ലാത്ത മനസ്സാണ് ഉണ്ണിമേനോനും കൂട്ടര്‍ക്കും എന്ന് പലപ്പോഴും പറയുമായിരുന്നു. തൃശ്ശൂരിനെക്കുറിച്ച് പത്മരാജന് ഇങ്ങനെ എഴുതി:
‘രണ്ടുവര്‍ഷമായി ഞാന്‍ തൃശ്ശൂര്‍ വന്നിട്ട്, ഞാന്‍ പോകുന്നു, ഈ നഗരം എനിക്ക് ഇഷ്ടപ്പെട്ടതായിരുന്നു. കിതയ്ക്കുന്ന നഗരം, വ്രീളാമുഖിയായി നില്ക്കുന്ന നഗരം. നനഞ്ഞൊലിക്കുന്ന നിലാവിലലിഞ്ഞ ഇരുട്ട് കുത്തിയ, പ്രഭാതശോണിമയാര്ന്ന, കത്തിയെരിയുന്ന നഗരം. ഇവിടം വിട്ടുപോകുമ്പോള്‍ എനിക്ക് അല്പം വിഷമമുണ്ട്. ഞാന്‍ വെറുക്കുന്ന, ഭയക്കുന്ന, നശിപ്പിക്കാന്‍ തോന്നുന്ന ആളുകളുള്ള നഗരത്തിലേക്കാണെന്റെ യാത്ര. എങ്കിലും ജീവിതത്തിന്റെ വൈവിധ്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. നോവല്റ്റിയില്ലാത്ത ജീവിതം എനിക്ക് സങ്കല്പിക്ക വയ്യ. ഒരു വര്ഷത്തിന്മേല് ഞാന്‍ സ്വീകരിച്ചിട്ടുള്ള ഹെയര്‍ സ്റ്റൈല്‍ ഇല്ല. ഒരു വര്ഷത്തിന്മേല് പഴക്കമുള്ള ഒരൊറ്റ വസ്ത്രവും എന്നോടൊപ്പം കാണാറില്ല. ഇതെല്ലാം എന്റെ മനസ്സിന്റെ ചഞ്ചലത്വമാണ് കാണിക്കുന്നതെന്ന് അഭിപ്രായമുണ്ടോ? എന്നാല്‍ വര്‍ഷങ്ങളോളം കൊണ്ടുനടക്കണമെന്ന് ആഗ്രഹിക്കുന്ന ഒന്നാണ് തങ്കം എന്ന പെണ്‍കുട്ടിയുടെ സ്നേഹം…
മൂന്നാറില്‍നിന്നും വര്‍ക്കി, ഇരിങ്ങാലക്കുടയില്നിന്നും നാരാപുള്ള (ജയനാരായണന്‍) മാളയില്‍നിന്ന് മുകുന്ദന്, എറണാകുളത്തുനിന്ന് നിത്യന്, വിജയന് കരോട്ട്, മധു, എക്സ്പ്രസ് വാവുവിന്റെ മോന് ഡാഡീ… സുഹൃത്തുക്കള്‍ക്കെല്ലാം യാത്രാമൊഴി…’
തിരുവനന്തപുരത്തെത്തി, ‘പത്മാലയ’ എന്നു പേരുള്ള ഒരു ലോഡ്ജിലാണ് ആദ്യം മുറിയെടുത്തത്. ഒന്‍പതാം തീയതി കാലത്ത് ആകാശവാണി, തിരുവനന്തപുരം നിലയത്തിലെ ഒരു ശബ്ദമായി അദ്ദേഹം മാറി. പിന്നീട് എണ്‍പത്തിയാറ് ജൂണ്‍ മുപ്പതാം തീയതിവരെ ആ ശബ്ദം മലയാളികളായ ശ്രോതാക്കള്‍ക്കെല്ലാം സുപരിചിതമായി. ഇവിടെ വന്നു ജോയിന്‍ ചെയ്യുന്ന സമയത്തു ‘പറവൂര്‍ സിസ്റ്റേഴ്സ്’ എന്നറിയപ്പെട്ടവരില് ഒരാളായ ശാരദാമണിഅമ്മ, കെ.പി. ഉദയഭാനു, തിരുവിഴ ജയശങ്കര്‍, അറിയപ്പെടുന്ന അഭിനേത്രി രാജകുമാരി, നര്‍ത്തകിയായ തുളസിഭായി, സോമശേഖരന്‍ നായര്‍, മണികണ്ഠന് നായര്‍, ജോബി മാസ്റ്റര്‍, ശ്രീലേഖ, തങ്കം എന്നിവര്‍ തിരുവനന്തപുരം നിലയത്തില്‍ ഉണ്ടായിരുന്നു.
മുന്‍പൊരിക്കല്‍ തൃശ്ശൂരില്‍വെച്ച് ഉണ്ണിമേനോന്, പ്രസിദ്ധ സാഹിത്യകാരനായ എന്‍. മോഹനനെ പരിചയപ്പെടുത്തിയിരുന്നു. പത്മരാജന്റെ താമസം ‘പത്മാലയ’ത്തില്‍നിന്ന് ‘സാഹിതീസദനം’ എന്ന സ്ഥലത്തേക്ക് മാറ്റിയത് മോഹനനാണ്. അനൗണ്‍സറായിട്ടാണ് പത്മരാജന് ജോയിന്‍ ചെയ്തതെങ്കിലും താമസിയാതെ അദ്ദേഹത്തെ വാര്ത്താവിഭാഗത്തിലേക്ക് മാറ്റി.
അന്നൊക്കെ ഒരു ന്യൂസ് റീഡര്‍ക്ക് വാര്‍ത്ത വായിക്കുക മാത്രമായിരുന്നില്ല ജോലി- ഇന്നത്തെ കാര്യം എനിക്ക് അറിഞ്ഞുകൂടാ- അവര്‍ക്ക് പുറത്തുനിന്നുള്ള പരിപാടികളും കവര്‍ ചെയ്യണം. വാര്‍ത്താതരംഗിണി ഉണ്ടാക്കണം. വാര്‍ത്തകള്‍ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യണം. ‘ഇന്നത്തെ ചിന്താവിഷയം’ ഉണ്ടാക്കണം- അങ്ങനെ ധാരാളം ജോലി ഉണ്ടായിരുന്നു.
ആദ്യം ഇതൊന്നും തന്നെക്കൊണ്ടാവില്ല എന്നു പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചെങ്കിലും അന്നത്തെ സ്റ്റേഷന് ഡയറക്ടറും വാര്‍ത്താവിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നയാളുമായ വാര്യര്‍ ഇത് ഭാവിയിലേക്ക് ഒരു ചവിട്ടുപടിയാകുമെന്നും എപ്പോഴെങ്കിലും ന്യൂസ് റീഡറുടെ പോസ്റ്റില്‍ ഒഴിവുവരുമ്പോള്‍ ഇത് വളരെ സഹായകമായിരിക്കുമെന്നും ഉപദേശിച്ചു.
അക്കാലത്ത് കനത്ത ശമ്പളം വാങ്ങിച്ചുകൊണ്ടിരുന്ന പ്രതാപവര്‍മ അദ്ദേഹത്തിന്റെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു. ‘വായിക്കുന്നത് പ്രതാപന്’ എന്ന് ദിവസവും പൊതുജനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന ആ ശബ്ദത്തിന്റെ ഉടമ ഒരുകാലത്ത് സ്റ്റേഷന് ഡയറക്ടറേക്കാള്‍ ശമ്പളം വാങ്ങിച്ചിരുന്നു. ഇരുപതാം വയസ്സില്‍ ആകാശവാണിയില്‍ കയറിയതുകൊണ്ട് തനിക്കും അതുപോലൊരു ദിവസം വരും എന്ന വിശ്വാസത്തില്‍, പത്മരാജന് അതു സമ്മതിക്കുകയാണ് ഉണ്ടായത്.
പക്ഷേ, അദ്ദേഹത്തിന്റെ ആ മോഹം ഒരിക്കലും സഫലമായില്ല. തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍, ഉച്ചാരണശുദ്ധിയോടെ വാര്‍ത്തകള്‍ വായിക്കുകയും അനായാസമായി വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്ത് മനോഹരമായ ഭാഷയില്‍ എഴുതുകയും ചെയ്യുമായിരുന്ന പത്മരാജനെ, ഒഴിവുണ്ടായപ്പോഴെല്ലാം ആകാശവാണി സൗകര്യപൂര്‍വം തഴയുകയാണുണ്ടായത്. പത്മരാജനെ മറികടന്ന് ആ പോസ്റ്റില്‍ കയറിപ്പറ്റിയ ഒരാള്‍ക്ക് പരിഭ്രമവും ഭയവുംകൊണ്ട് വാര്‍ത്തകള്‍ വായിക്കാന്‍ പറ്റാത്ത ഒരവസ്ഥയുണ്ടായി. അയാളെ വളരെക്കാലത്തേക്ക് പേപ്പര്‍ ജോലികള്‍ക്കു മാത്രമായി ഉപയോഗിച്ചുകൊണ്ടിരുന്നതും ഞങ്ങള്‍ക്ക് അറിവുള്ള കാര്യമാണ്.
ഞങ്ങള്‍ ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ച സമയത്ത് ജി.പി.എസ്. നായരായിരുന്നു തിരുവനന്തപുരം നിലയത്തിന്റെ ഡയറക്ടര്‍. അന്ന് തൃശ്ശൂര്‍ നിലയത്തിന്റെ ചുമതലകൂടി അദ്ദേഹത്തിനായിരുന്നു. കഴിവുള്ളവരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഉത്സാഹം കാണിക്കുന്ന നല്ലൊരു ഭരണാധികാരിയായിരുന്നു അദ്ദേഹം. പത്മരാജനെക്കുറിച്ച് പ്രത്യേകിച്ച് പത്മരാജന് ചെയ്യുന്ന ജോലിയെക്കുറിച്ച് അദ്ദേഹത്തിന് നല്ല മതിപ്പും ഉണ്ടായിരുന്നു. പക്ഷേ, പത്മരാജന് തിരുവനന്തപുരത്തു വന്ന് ഒരു മാസമാകുമ്പോഴേക്കും നായര്‍ക്ക് സ്ഥലംമാറ്റമായി.
നാളുകള്‍ ചെല്ലുന്തോറും, ആകാശവാണിയിലെ ജോലി അദ്ദേഹത്തിനു വലിയ ഒരു ഭാരമായി തോന്നിത്തുടങ്ങി. പലപ്പോഴും നല്ല കഴിവും റേഞ്ചും ഉള്ള കലാകാരന്മാരെ ആകാശവാണിയിലെ ഭരണവര്‍ഗം അടിച്ചമര്‍ത്തി കാല്ക്കീഴില് വെക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പുസ്തകത്തിന്റെ കവര്‍ പേജ്
സാഹിത്യകാരന്മാരാകാന്‍ മോഹിച്ചവര്‍, ഒരിക്കലും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു കഥപോലും പബ്ലിഷ് ചെയ്യാന്‍ സാധിക്കാത്തവര്‍, ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരെ പാരവെക്കുന്നവര്‍, സിനിമയിലോ സാഹിത്യത്തിലോ കൂടുതല്‍ വളരുന്നു എന്നു ബോധ്യമാകുമ്പോള്‍ അതെങ്ങനെ ഇല്ലാതാക്കാം എന്ന് ആലോചിച്ച് അടിയില്ക്കൂടെ വേലവെക്കുന്നവര് ഇവരെല്ലാം എന്നും അദ്ദേഹത്തെ ശല്യം ചെയ്തുകൊണ്ടേയിരുന്നു. അതുകൊണ്ടുതന്നെ, പലപ്പോഴും ജോലി രാജിവെച്ച് അവിടെനിന്ന് രക്ഷപ്പെടാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
കല്യാണത്തിനുമുന്പൊരിക്കല്, രാജിക്കാര്യത്തെക്കുറിച്ചെനിക്കെഴുതി. പക്ഷേ, പെട്ടെന്നുണ്ടാകുന്ന മാനസികാസ്വാസ്ഥ്യത്തില്‍ കയറിപ്പിടിച്ച് ജോലി രാജിവെക്കരുതെന്നും, പുറത്തുനിന്ന് കാണുമ്പോള്‍ വളരെ ആകര്‍ഷകമായി തോന്നുന്ന സിനിമയുടെ രംഗം ഒരുപക്ഷേ ഇതിനേക്കാള്‍ പ്രശ്നം നിറഞ്ഞതായിരിക്കുമെന്നും മറ്റും എഴുതി ഞാന്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയില്‍ തുടര്‍ന്നുകൊണ്ടുതന്നെ സജീവമായി സാഹിത്യത്തിലേക്ക് കടക്കാന്‍ ഞാന്‍ അഭ്യര്‍ഥിച്ചുകൊണ്ടേയിരുന്നു.
ആകാശവാണിയിലെ കലാകാരന്മാര്ക്ക് ആദ്യമൊന്നും പെന്ഷന് അനുവദിച്ചിരുന്നില്ല. കോണ്‍ട്രാക്ട് അടിസ്ഥാനത്തിലായിരുന്നു ജോലി. ഞാനും പത്മരാജനുമൊക്കെ അമ്പത്തിയഞ്ചുവയസ്സുവരെ ജോലിചെയ്തുകൊള്ളാം എന്ന കരാറില്‍ ഒപ്പുവെച്ചിരുന്നവരാണ്. രണ്ടുപേര്‍ക്കും ആ കരാര്‍ ലംഘിക്കേണ്ടിവന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഇക്കാര്യത്തില്‍ ഓപ്ഷന് വന്നു. പത്മരാജനും മറ്റൊരു അനൗണ്‍സറും ഒഴിച്ചുള്ളവരെല്ലാം അന്പത്തിയെട്ടു വയസ്സുവരെയുള്ള ജോലിയാണ് തിരഞ്ഞെടുത്തത്. എന്നിട്ട് പെന്ഷന് ഓപ്റ്റ് ചെയ്തു. അതിന്റെ പിന്നില്‍ അളിയന് ഉണ്ണിത്താന്റെ ബുദ്ധിയാണ് പ്രവര്‍ത്തിച്ചത്. ഇരുപതുവര്‍ഷത്തെ സര്‍വീസിനുശേഷം ജോലി കളഞ്ഞാല്‍ മതിയെന്ന് ഇളയ പെങ്ങള് പ്രഭയുടെ ഭര്‍ത്താവ് ഉണ്ണിത്താന് ഉപദേശിച്ചു. ശമ്പളക്കമ്മീഷന് റിപ്പോര്‍ട്ട് വരുന്നതുവരെ അദ്ദേഹത്തെ പിടിച്ചുനിര്‍ത്തിയതും ദൂരക്കാഴ്ചയോടെ മാത്രം കാര്യങ്ങള്‍ കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഉണ്ണിത്താന്തന്നെയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]