ഹൈദരാബാദ്: പുഷ്പ-2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന് അല്ലു അര്‍ജുനെ വിടാതെ പിന്തുടര്ന്ന് പോലീസ്. ഡിസംബര്‍ 4-ന് സന്ധ്യ തിയറ്ററിലുണ്ടായ സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അല്ലു അര്ജുന് ചിക്കാഡ്പള്ളി പോലീസ് നോട്ടീസ് അയച്ചു. ചൊവ്വാഴ്ച (ഡിസംബര്‍ 24) രാവിലെ 11 മണിക്ക് ചിക്കാഡ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നടനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ 11-ാം പ്രതിയാണ് അല്ലു അര്ജുന്. നേരത്തെ ചിക്കാഡ്പള്ളി പോലീസ് താരത്തെ അറസ്റ്റ് ചെയ്യുകയും ഒരു രാത്രി ജയിലില്‍ കഴിയുകയും ചെയ്തിരുന്നു.
താരത്തിന്റെ ഇടക്കാല ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് അല്ലു അര്‍ജുനെതിരെ പുതിയ നോട്ടീസ്. ഇതിനിടെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി നടന്റെ അഭിഭാഷക സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
ഇതിനിടെ അപകടമുണ്ടായ സന്ധ്യാ തിയേറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. അല്ലു അര്ജുന് വരുന്നതുവരെ തിരക്ക് നിയന്ത്രണത്തിലായിരുന്നെന്നാണ് പോലീസ് പറയുന്നത്. അല്ലു അര്‍ജുന്റെ സുരക്ഷാ ജീവനക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്നും ദൃശ്യങ്ങള്‍ സഹിതം പോലീസ് അറിയിച്ചു. റോഡ് ഷോ നടത്തിയില്ലെന്ന അല്ലു അര്‍ജുന്റെ വാദങ്ങള്‍ പൊളിക്കുന്ന തെളിവുകളാണ് പുറത്തെത്തിയിരിക്കുന്നത്. യുവതി മരിച്ച വിവരം താരം തിയേറ്ററിനകത്തുവെച്ചുതന്നെ അറിഞ്ഞിരുന്നു. ഇക്കാര്യം താനാണ് അല്ലുവിനെ അറിയിച്ചതെന്നും ഡി.സി.പി വ്യക്തമാക്കി. വിവരമറിഞ്ഞത് പിറ്റേദിവസമാണെന്നായിരുന്നു അല്ലു അര്ജുന് നേരത്തേ പ്രതികരിച്ചിരുന്നത്.
ഡിസംബര്‍ 13-ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ മണിക്കൂറുകള്‍ക്കുള്ളില്‍ അല്ലു അര്ജുന് ഇടക്കാലജാമ്യം ലഭിച്ചിരുന്നു. കേസില്‍ നമ്പള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളിലാണ് തെലങ്കാന ഹൈക്കോടതി ജാമ്യംനല്‍കിയത്. നടനാണെങ്കിലും പൗരനെന്നനിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്ജുനുണ്ടെന്നെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]