മുംബൈ: അച്ഛൻ ശ്രീധർ ബി. ബെനഗൽ നൽകിയ ക്യാമറകൊണ്ട് പന്ത്രണ്ടാംവയസ്സിൽ തന്റെ ആദ്യസിനിമ എടുക്കുമ്പോൾ ശ്യാം സുന്ദർ ബെനഗലിന്റെ മുന്നിൽ ചലച്ചിത്രത്തിന്റെ വഴി തെളിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് മുന്നോട്ടുള്ള ഓരോ ചുവടും അദ്ദേഹത്തെ സിനിമാലോകത്തിന്റെ സിംഹാസനത്തിലേക്കാണ് ആനയിച്ചത്. ഹിന്ദിസിനിമകൾ സാമ്പത്തികനേട്ടത്തിന്റെ അച്ചുതണ്ട് മാത്രം ലക്ഷ്യം വെച്ച് കറങ്ങിയപ്പോൾ സമൂഹത്തിന്റെ യഥാർഥ അവസ്ഥകൾ നേർക്കാഴ്ചയാക്കി ശ്യാം തന്റെ കാലുകൾ മണ്ണിലുറപ്പിച്ചുനിന്നു. ലിന്റാസ് എന്ന പരസ്യ കമ്പനിക്കുവേണ്ടി ഒട്ടേറെ പരസ്യചിത്രങ്ങളും മറ്റ് ഡോക്യുമെന്ററികളും നിർമിച്ച ശ്യാം, ഏകദേശം പത്തുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഒരു ഫീച്ചർഫിലിം സംവിധാനംചെയ്യാൻ ഒരുങ്ങുന്നത്. 1973-ൽ അങ്കുർ എന്ന ചിത്രം പുറത്തുവന്നതോടെ സംവിധായകൻ എന്നനിലയിൽ അദ്ദേഹം തന്റെപേര് എഴുതിച്ചേർത്തിരുന്നു. ശബാന ആസ്മി, അനന്ദ് നാഗ് എന്നീ രണ്ട് താരങ്ങളെ ഈ ചിത്രത്തിലൂടെയാണ് ശ്യാം ഇന്ത്യൻ സിനിമയ്ക്ക് നൽകിയത്.
ഏറ്റവുംമികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ അവാർഡ് അദ്ദേഹത്തിന് ലഭിച്ചപ്പോൾ ശബാന ആസ്മി ആദ്യ ചിത്രത്തിലൂടെ മികച്ച നടിയുമായി. ഈ ചിത്രത്തിലേത് പോലെ പച്ചയായ ജീവിതംതന്നെയായിരുന്നു അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളും. ജന്മിത്വം, അഴിമതി, കാപട്യക്കാരായ രാഷ്ട്രീയക്കാർ, വേട്ടയാടപ്പെടുന്ന സ്ത്രീത്വം, അവഗണിക്കപ്പെടുന്ന ജനത, എന്നിങ്ങനെയുള്ള വിഷയങ്ങളായിരുന്നു ബെനഗലിന്റെ സിനിമകളിൽ ഏറെയും.
ബോളിവുഡിന്റെ സുവർണകാലത്ത് സമാന്തരസിനിമകൾ നിർമിക്കാൻ പിന്നീട് അദ്ദേഹം പാടുപെട്ടിരുന്നു. അത്തരം സിനിമകൾക്ക് പണം ലഭിക്കാതെവന്നതോടെ അദ്ദേഹം ഇടക്കാലത്തെങ്കിലും ടെലിവിഷനുവേണ്ടി സീരിയലുകളും മറ്റും എടുത്തു. ഇന്ത്യൻ റെയിൽവേക്കുവേണ്ടിയെടുത്ത ‘യാത്ര’യും ‘ഭാരത് ഏക് ഖോജു’മൊക്കെ അദ്ദേഹത്തിന്റെ പ്രതിഭ എടുത്തുകാട്ടുന്നതായിരുന്നു. ഫിലിം ക്രിട്ടിക് ഖാലിദ് മുഹമ്മദിന്റെ രചനകളിൽ ‘മമ്മോ’, ‘സർദാരീ ബീഗം’, ‘സുബൈദ’ തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം ബോളിവുഡ് ചിത്രങ്ങളുടെ പകിട്ടിലേക്കും എത്തി. ‘സുബൈദ’യിൽ കരിഷ്മ കപൂർ നായികയായിവന്നപ്പോൾ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് എ.ആർ. റഹ്മാനായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]