കൊട്ടാരക്കര: അറയ്ക്കൽ മാധവനുണ്ണി എന്ന ‘വല്യേട്ടൻ’ ഇരുപത്തഞ്ചുവർഷങ്ങൾക്കുശേഷം റീമാസ്റ്ററിങ്ങിലൂടെ ഫോർ കെ ആയി ന്യൂജൻ ആകുമ്പോൾ മാധവനുണ്ണിയുടെ തറവാടിത്ത ചിഹ്നമായ മെഴ്സിഡസ് ബെൻസിനും ചില കഥകൾ പറയാനുണ്ട്. കാഴ്ചയിലല്ല, കെ.എൽ.02 എ.സി.6298 എന്ന നമ്പരിൽ. നേരത്തേ പോണ്ടിച്ചേരി രജിസ്ട്രേഷനായിരുന്നു-പി.വൈ.ഐ.എം.8485.
മാധവനുണ്ണിയൊടൊപ്പം ഒരു കഥാപാത്രമായി നിറഞ്ഞുനിന്ന ആ കാറിനുമുണ്ടൊരു കഥ പറയാൻ. വല്യേട്ടൻ സിനിമയിൽ നായകനായ മമ്മൂട്ടിക്ക് സംഘട്ടനരംഗങ്ങളിൽ ഡ്യൂപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ വെള്ള ബെൻസ് കാറിന് ക്ലൈമാക്സിൽ പരിക്കു പറ്റിയതിനാൽ ഡ്യൂപ്പാണ് അഭിനയിച്ചത്. വില്ലൻമാർ തട്ടിക്കൊണ്ടുപോയ അനുജനെ കണ്ടെത്താൻ മെഴ്സിഡസിൽ വല്യേട്ടൻ പായുന്ന രംഗം ചിത്രീകരിക്കുന്നതിനുമുൻപ് ട്രയൽ നടത്തി. പാഞ്ഞെത്തിയ കാർ കറക്കിത്തിരിക്കുന്നതിനിടെ സമീപമുള്ള കല്ലിൽ ഇടിച്ചുകയറി ബമ്പറും ബോണറ്റും തകർന്നു. മൂന്നു ദിവസത്തിനുള്ളിൽ ഷൂട്ടിങ് തീർക്കണം. പിന്നീട് ചെന്നൈയിൽനിന്ന് വാടകയ്ക്കെടുത്ത സമാനമായ കാറിൽ നമ്പർ സ്ഥാപിച്ച് ചിത്രീകരണം പൂർത്തിയാക്കുകയായിരുന്നെന്ന് സിനിമാനിർമാതാവും കാറിന്റെ ഉടമയുമായിരുന്ന അമ്പലക്കര ബൈജു പറയുന്നു.
സിനിമയ്ക്കു വേണ്ടിയല്ല കാർ വാങ്ങിയത്. അമ്പലക്കര കുടുംബത്തിലെ ജയകുമാർ എന്ന ജ്യേഷ്ഠന്റെ ജീവിതത്തിൽനിന്നാണ് കഥാപ്രമേയം എന്നതിനാൽ വീട്ടിൽനിന്നുതന്നെ വാഹനവും ആനയും വേണമെന്ന സംവിധായകൻ ഷാജി കൈലാസിന്റെ നിർബന്ധം കാരണമാണ് കാറിനെ സിനിമയിലെടുത്തത്. അമ്പലക്കരയിലെ ആന ഇത്തിരി പ്രശ്നക്കാരനായിരുന്നു, അതിനാൽ തൃപ്രയാർ ചേരൂർ മനയിലെ ആനയെയാണ് അഭിനയിപ്പിച്ചത്. ഈ ആന പിന്നീട് രാജവെമ്പാലയുടെ കടിയേറ്റു ചരിഞ്ഞു.
രാമനുണ്ണിക്കു പാടത്തു പോകണമെങ്കിൽ പോലും കാർ വേണമെന്നതിനാൽ സിനിമയിലുടനീളം ബെൻസ് നിറഞ്ഞു നിന്നു. മമ്മൂട്ടിക്കും കാർ ഇഷ്ടമായി. ഷൂട്ടിങ് കഴിഞ്ഞു മടങ്ങുമ്പോൾ മമ്മൂട്ടിയുടെ കാറും ബെൻസുമായി താമസ സ്ഥലം വരെ മത്സരയോട്ടം നടത്താറുണ്ടായിരുന്നു. എന്നും മുന്നിലെത്തുന്ന മമ്മൂട്ടി നിന്റെ ബെൻസ് എന്തിനു കൊള്ളാമെന്നു തമാശയ്ക്കു പരിഹസിച്ചിരുന്നതായി അമ്പലക്കര ബൈജു ഓർക്കുന്നു. ഒരു ദിവസം വിജയം ബെൻസിനായപ്പോൾ എന്തൊരു പോക്കാ അവൻ പോകുന്നതെന്നായിരുന്നു അമർഷം ഉള്ളിലൊതുക്കിയുള്ള മമ്മൂട്ടിയുടെ പ്രതികരണം.
വല്യേട്ടൻ ഹിറ്റായതോടെ 8485 നമ്പർ കാറും ഹിറ്റായി. ആ വർഷം വെള്ള ബെൻസ് കാറുകളുടെ വില്പന വർധിച്ചതിനാൽ പത്ത് സർവീസുകൾ കമ്പനി സമ്മാനമായി ബൈജുവിന് നൽകി. മമ്മൂട്ടി ഓടിച്ച കാറ് സ്വന്തമാക്കാൻ ഒരുപാടുപേരെത്തി. മോഹവില പറഞ്ഞിട്ടും ആ നാളുകളിൽ വിറ്റില്ല. പിന്നീട് ചോദിച്ച വില നൽകിയ കൊല്ലം സ്വദേശിയായ ഡോക്ടർക്കു വിറ്റു. പല കൈമറിഞ്ഞ് ബെൻസ് ഇപ്പോൾ തിരുവല്ല സ്വദേശി ടോമിന്റെ പക്കലാണ്.
ഒരുപാട് സവിശേഷതകളോടെയാണ് വീണ്ടും വല്യേട്ടൻ തിയേറ്ററിലെത്തുന്നത്. അമേരിക്കയിലയച്ച് പുതിയ സോഫ്ട് വെയറിൽ ഫോർ കെ ആയി വല്യേട്ടൻ എത്തുമ്പോൾ അറയ്ക്കൽ തറവാടിനു പഴയ പ്രൗഡിയില്ല. ആയിരം ഏക്കറുണ്ടായിരന്ന ചേരൂർ മന 18 ഏക്കറിലേക്കു ചുരുങ്ങി. പല ഭാഗങ്ങളും ഇടിഞ്ഞു തുടങ്ങി. പരിസരങ്ങൾ കാടുമൂടി. വല്യേട്ടന്റെ രണ്ടാം ഭാഗമെത്തുമെന്നും അപ്പോൾ അറയ്ക്കൽ തറവാട് വീണ്ടും പ്രൗഡമാകുമെന്നും അണിയറക്കാർ പറയുന്നു.
കാടു കയറുന്ന തൃപ്രയാറിലെ ചേരൂർമന(സിനിമയിലെ അറയ്ക്കൽ തറവാട്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]