മല്ലപ്പള്ളി: കണ്ണമല സെബാസ്റ്റ്യൻ കെ.ഏബ്രഹാം എന്ന മല്ലപ്പള്ളിക്കാരനെ നാടറിയാൻ ദേശീയ പുരസ്കാരം വേണ്ടിവന്നു. അതും ആ പേരിലല്ല, ആനന്ദ് ഏകർഷി എന്ന നാമധേയത്തിൽ. മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള ദേശീയ അവാർഡ് വെള്ളി വെളിച്ചത്തിലെത്തിച്ചതാണ് ആ പ്രതിഭയെ. എഡിറ്റിങ്ങിനുള്ള പുരസ്കാരവും അതേ സിനിമയ്ക്ക് കിട്ടി. അങ്ങനെ ആദ്യചുവടിൽത്തന്നെ ‘ആട്ടം’ എന്ന സിനിമ കൊയ്തത് മൂന്ന് നേട്ടങ്ങൾ.
സെബാസ്റ്റ്യനിൽനിന്ന് ആനന്ദിലേക്ക്
സെബാസ്റ്റ്യൻ എന്ന് പള്ളിയിൽ പേരിട്ടെങ്കിലും അങ്ങനെ വീട്ടുകാർപോലും വിളിച്ചിട്ടില്ല. ആനന്ദ് എന്നായിരുന്നു ഓമനപ്പേര്. പേരുപോലെതന്നെ എപ്പോഴും സന്തോഷവാനായ ഈ യുവാവിന് മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. എത്ര ആൾക്കൂട്ടത്തിനിടയിലും സ്വന്തമായ ചിന്തകളും വഴികളും കണ്ടെത്തുന്ന അന്വേഷണതൃഷ്ണ. അങ്ങനെയാണ് കന്യാകുമാരിമുതൽ കശ്മീർവരെ യാത്ര നടത്തിയത്. 110 ദിവസമെടുത്തു ആ ദൗത്യം പൂർത്തിയാക്കാൻ. അതോടെ പേരും പരിഷ്കരിച്ചു. ‘ആനന്ദ് ഏകർഷി’. മണ്ഡോക്യ ഉപനിഷത്തിൽനിന്നാണ് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ആൾ എന്ന അർഥമുള്ള വാക്ക് ഒപ്പംചേർന്നത്. പഴയ പേരിനേക്കാൾ തന്നോട് ചേർന്ന് നിൽക്കുന്നത് ഈ നാമമെന്ന് സ്വയം ഉറപ്പിക്കുകയും ചെയ്തു.
ലോകധർമി ലോകമാകുന്നു
ജനിച്ചത് കൊച്ചിയിലെങ്കിലും നാലാം ക്ലാസുവരെ പഠിച്ചത് ആന്ധ്രയിൽ. തുടർന്ന് എറണാകുളത്ത് രാജഗിരി സ്കൂളിൽ. അവിടത്തെ അധ്യാപകരാണ് മലയാളത്തെ അറിയാനും ഭാഷയുമായി അടുപ്പിക്കാനും വഴിതെളിച്ചത്. ആറാം ക്ലാസിൽ അരങ്ങേറി. യുവജനോത്സവങ്ങളിൽ നല്ല നടനായി പേരെടുത്തു. പതിനൊന്നാം ക്ലാസിലാണ് ഡോ. ചന്ദ്രദാസിന്റെ ലോകധർമി നാടകവീടുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിച്ചത്. പത്ത് വർഷത്തോളം ഈ കൂട്ടായ്മയിൽ കഴിഞ്ഞു. കർണഭാരത്തിലെ ഭീഷ്മരായി 18 വേദികളിലെത്തി.
സിനിമയിൽ
നാടകാനുഭവങ്ങളുടെ ഉൾക്കരുത്തുമായാണ് സിനിമയിലേക്കുള്ള ചുവടുവെയ്പ്. ആദ്യം ഡോക്യുമെന്ററികളും പരസ്യ ചിത്രങ്ങളും. 2014-ൽ ഇംതിയാസ് അലിയുടെ തമാശ എന്ന ഹിന്ദി സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി. ഒരു തിരക്കഥയുടെ രചനയിലിരിക്കുമ്പോഴാണ് നാടകത്തിലെ കൂട്ടുകാരെവെച്ച് ഒരു സിനിമയായാലോ എന്ന ചോദ്യവുമായി വിനയ് ഫോർട്ട് എത്തുന്നത്. അത് നിർമിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തത് ഡോ. അജിത് കെ.ജോയ്. ഇരുവർക്കുമാണ് ആട്ടം നേട്ടമായതിന്റെ ക്രെഡിറ്റ്. പുതിയ ചില ചിത്രങ്ങളുടെ പണിപ്പുരയിലാണ്. അവാർഡ് കിട്ടിയ സിനിമാക്കാരൻ എന്ന ലേബൽ തനിക്ക് ഭാരമാകില്ലെന്നും ജനപ്രിയ സിനിമയാണ് വഴിയെന്നും ആനന്ദ്.
കുടുംബം
കുടുംബവീട് മല്ലപ്പള്ളിയിലെ കണ്ണമലയാണെങ്കിലും കൊച്ചിയാണ് ആനന്ദിന്റെ താവളം. പത്തടിപ്പാലം ഹിലോക്ക് ഫ്ലാറ്റിൽ താമസം. വിദേശത്തായിരുന്ന അച്ഛൻ കെ.എം.എബ്രഹാം ഇപ്പോൾ നാട്ടിലുണ്ട്. അമ്മ സൗമി, ബട്ടർഫ്ലൈ എന്ന പ്ലേസ്കൂൾ നടത്തുന്നു. ഇവരൊഴിച്ചാൽ 36-ലെത്തിയിട്ടും ഒറ്റയ്ക്കാണ് ആനന്ദ്, സ്വയം തിരഞ്ഞെടുത്ത പേരുപോലെ. സിനിമയോടാണ് അടങ്ങാത്ത പ്രണയം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]