പന്തളം: സിനിമയെന്ന ലക്ഷ്യത്തിനും രാഗേഷ് കൃഷ്ണന്റെ നിശ്ചയദാര്‍ഢ്യത്തിനും മുന്നില്‍ സെറിബ്രല്‍ പാള്‍സിയെന്ന രോഗം കീഴടങ്ങി. പരിമിതികളെ മറികടന്ന് തന്റെ സ്വപ്നം എത്തിപ്പിടിച്ച പന്തളം സ്വദേശി രാഗേഷ് കൃഷ്ണന് (35) സംവിധായകനായി. ഇദ്ദേഹം ഒന്നരവര്‍ഷംകൊണ്ട് നിര്‍മിച്ച ‘കളം @ 24’ സിനിമ, 29-ന് പ്രേക്ഷകരിലേക്ക് എത്തും. മന്ത്രി സജി ചെറിയാന്, സാംസ്കാരിക വകുപ്പിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പന്തളം കുരമ്പാല കാര്‍ത്തികയില്‍ രാധാകൃഷ്ണക്കുറുപ്പിന്റെയും മുന്‍ പന്തളം ഗ്രാമപ്പഞ്ചായത്തംഗം രമ ആര്.കുറുപ്പിന്റെയും മകനായ രാഗേഷ് കൃഷ്ണന് ജന്മനാ സെറിബ്രല്‍ പാള്‍സിയുണ്ട്. എന്നാല്‍, ചെറുപ്പംമുതല്‍ രോഗിയാണെന്ന തോന്നല്‍ മകനുണ്ടാക്കാതിരിക്കാന് അച്ഛനമ്മമാര്‍ ശ്രദ്ധിച്ചു. സ്വയം രോഗിയാണെന്ന് കരുതാന്‍ രാഗേഷും ഇഷ്ടപ്പെട്ടില്ല. കുഞ്ഞുനാളില്‍ തുടങ്ങിയ സിനിമാപ്രേമം പ്രായം ഏറുന്നതനുസരിച്ച് കൂടിവന്നു. തന്നേക്കൊണ്ടാകുമോ എന്നുള്ള ചിന്തയൊന്നും മനസ്സിനെ തളര്‍ത്തിയില്ല. ഏല്ലാവരേയുംപോലെ തനിക്കും നല്ല ഒരു സംവിധായകനും തിരക്കഥാകൃത്തും ആകാമെന്ന മനസ്സുറപ്പ് മുന്നോട്ടുനയിച്ചു.
കേള്‍വിക്കുറവും സംസാരിക്കുവാനുള്ള പ്രയാസവും നടക്കാനുള്ള ബുദ്ധിമുട്ടുമൊന്നും വകവെക്കുന്ന ആളുമല്ലായിരുന്നു രാഗേഷ്. അതുകൊണ്ട് പഠനവും മുടങ്ങിയില്ല. ചരിത്രത്തില്‍ ബിരുദവും കംപ്യൂട്ടര്‍ ഡിപ്ലോമയും നേടി.
പഠനകാലത്തുതന്നെ ആല്‍ബങ്ങളും ചെറുസിനിമകളുംചെയ്ത് ശ്രദ്ധേയനായി. അഞ്ച് ആല്‍ബവും മൂന്ന് ഹ്രസ്വചിത്രവും പുറത്തിറക്കി. രാഗേഷ് കൃഷ്ണന് കുരമ്പാലയെന്ന സംവിധായകന് അങ്ങനെയാണ് ചുവടുറപ്പിച്ചത്. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിയില്ലെന്ന പരിഹാസവാക്കുകള്‍ക്ക് മറുപടിയായിട്ടാണ് ആദ്യത്തെ ഹ്രസ്വചിത്രം സംവിധാനംചെയ്തത്. അച്ഛനമ്മമാരും സഹോദരി രാഗി കൃഷ്ണനും സ്നേഹിക്കുന്ന നിരവധി ആളുകളും കൂടെനിന്നു. തന്നെപ്പോലെ, ശാരീരിക പരിമിതിയുണ്ടെന്ന കാരണത്താല്‍ മോഹങ്ങള്‍ ഉപേക്ഷിച്ചു ജീവിക്കുന്നവര്‍ക്കൊരു പ്രോത്സാഹനം കൂടിയാകണം ജീവിതമെന്ന സന്ദേശവും രാഗേഷ് നല്‍കുന്നുണ്ട്.
ഫാന്റസി-ഡ്രാമ വിഭാഗത്തിലുള്ള സസ്പെന്‍സ് ത്രില്ലറാണ് ഒരു മണിക്കൂര്‍ 23 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ. അവയവക്കടത്തും നരബലിയുടെ പിന്നാമ്പുറങ്ങളും ഇതിവൃത്തമാണ്. അഭിനേതാക്കളെല്ലാം പുതുമുഖങ്ങള്‍.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ രാഗേഷിന്റേതാണ്. സിനി ഹൗസ് മീഡിയയും സി.എം.കെ. പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ പുറത്തിറക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]