പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള കാണാൻ കോട്ടയം കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥികളും ജീവനക്കാരുമടങ്ങുന്ന സംഘമെത്തിയത് വ്യത്യസ്തമായ വേഷത്തിലാണ്. അയ്യങ്കാളിയും പെൺകുട്ടിയും ക്യാമറയുമടങ്ങുന്ന ലോഗോയുള്ള ടീഷർട്ടായിരുന്നു മിക്കവരുടേയും വേഷം. അമ്പതോളം പേരാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ചലച്ചിത്രമേളയ്ക്കെത്തിയത്. ഉദ്ഘാടന ചിത്രമായ ക്യാച്ചിങ് ഡസ്റ്റും ഇവർ കണ്ടു.
അയ്യങ്കാളിയും അദ്ദേഹത്തിന്റെ കയ്യിൽപ്പിടിച്ച് നിൽക്കുന്ന പെൺകുട്ടിയും ഒരു ക്യാമറയും ചേർന്ന ലോഗോ ഉള്ള ടീ ഷർട്ട് ധരിച്ചാണ് എല്ലാവരും മേളയ്ക്കെത്തിയത്. ഇരുവരും പിന്തിരിഞ്ഞാണ് നിൽക്കുന്നത്. അഗ്നിയുടെ പ്രതീകമായി പശ്ചാത്തലത്തിൽ മഞ്ഞനിറവും കാണാം. അയ്യങ്കാളിക്കൊപ്പമുള്ള പെൺകുട്ടി പഞ്ചമിയാണെന്നും ചിത്രത്തിലെ മഞ്ഞനിറം വിദ്യാലയം കത്തിച്ച സംഭവത്തെ പ്രതിനിധീകരിക്കുന്നതാണെന്നും കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറും നടനുമായ ജിജോയ് രാജഗോപാൽ വ്യക്തമാക്കി.
പഞ്ചമിയെ സ്കൂളിൽ ചേർത്തപ്പോൾ അതിനെ എതിർത്ത ഒരു സംഘം ആളുകളുണ്ടായിരുന്നു. അതിനെ എതിർത്ത് നടത്തിക്കാൻ ഒരു സമൂഹമുണ്ടാവുമെന്നും സ്ത്രീ വിദ്യാഭ്യാസം അനിവാര്യമാണെന്നും സൂചിപ്പിക്കുന്ന ലോഗോയാണിതെന്ന് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറും നടനുമായ ജിജോയ് രാജഗോപാൽ പറഞ്ഞു. ഇത്തരം സിനിമകളാണ് നമ്മൾ എടുക്കേണ്ടതെന്നാണ് ലോഗോയിലെ ക്യാമറ അർത്ഥമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലുള്ള സമൂഹത്തെ മുറിപ്പെടുത്താനല്ല ചരിത്രം പഠിക്കുന്നത്. മുന്നോട്ടുപോകാനാണ് ചരിത്രം പഠിക്കുന്നത്. ഇന്നിന്റെയും നാളെയുടേയും ദിനങ്ങൾ കൂടുതൽ സുന്ദരമാക്കാനാണ് ചരിത്രത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നത്. പിന്നെ കെ.ആർ. നാരായണൻ എന്ന വ്യക്തിയേക്കുറിച്ചും അദ്ദേഹം പ്രതിനിധീകരിക്കുന്ന സമൂഹത്തേക്കുറിച്ചും ഇന്ത്യ എന്ന ഭൂപ്രകൃതിയിൽ ഒരുപാട് പ്രാധാന്യമുണ്ട്. നമ്മുടെ പാഠ്യപദ്ധതിയിൽ ഇത്തരം പുരോഗമനപരമായ ആശയങ്ങൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടൊക്കെ കൂടിയാണ് ലോഗോ ചെയ്തത്.
കുറച്ചുകൂടി ലളിതമായി ജിവിതത്തെ സമീപിക്കുന്ന സ്ഥലമാണ് ഗോവ. അതെങ്ങനെയെന്നും നമ്മൾ അറിഞ്ഞിരിക്കണം. ചില സമയങ്ങളിൽ ഒന്നും ചെയ്യാതെ വെറുതെയിരിക്കണമെന്നും പറയാറില്ലേ? ജീവിതം ആസ്വദിക്കാനുള്ള സമയവും കണ്ടെത്തണം. ഇവിടെ വന്ന് സിനിമ കാണുന്നത് തന്നെയാണ് മാസ്റ്റർക്ലാസ് എന്നും ജിജോയ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]