
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ച് തിരച്ചിൽ ഊർജിതമാക്കിയതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി അതിജീവിത. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രവും അതിലെ വാചകങ്ങളും ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.
ജീവിതം ബൂമറാംഗ് ആണെന്നും നിങ്ങൾ കൊടുത്തതാണ് നിങ്ങൾക്ക് തിരിച്ചുകിട്ടുകയെന്നുമാണ് അതിജിവിതയുടെ പോസ്റ്റിൽ പറയുന്നത്. നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിലെത്തിച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവ നടി സിദ്ദിഖിനെതിരെ നൽകിയ പരാതി. 376-ാം വകുപ്പ് ചുമത്തി മ്യൂസിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. യുവ നടിയുടെ രഹസ്യ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
പരാതിക്കാരി പരാതി ഉന്നയിക്കാൻ കാലതാമസമുണ്ടായി എന്നതാണ് കേസ് കോടതിയിലെത്തിയപ്പോൾ സിദ്ദിഖ് ഉന്നയിച്ച പ്രധാന വാദം. എന്നാൽ പരാതിയിൽ കാലതാമസം ഉണ്ടായി എന്നതുകൊണ്ട് കേസിന്റെ ഗൗരവം ഇല്ലാതാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിൽ നിയമ നടപടികൾക്ക് തടസമില്ലെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ള കാര്യവും കോടതി എടുത്തുപറഞ്ഞു. പരാതിക്കാരിക്കെതിരായ ആരോപണങ്ങളെ കോടതി തള്ളിക്കളഞ്ഞു. പരാതിക്കാരിക്കെതിരെ വ്യക്തിഹത്യ പാടില്ലെന്നും കോടതി പറഞ്ഞു.
പല വസ്തുതകളും സിദ്ദിഖ് മറച്ചുവെക്കുകയാണെന്നും ഇരുവരും മാസ്കോട്ട് ഹോട്ടലില്‍ എത്തിയതിന് തെളിവുണ്ടെന്നും സര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. നാരായണന് കോടതിയിൽ വാദം ഉന്നയിച്ചിരുന്നു. സിനിമയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ട തെളിവുകളും ഇരുവരും സംഭവദിവസം മാസ്കോട്ട് ഹോട്ടലിൽ എത്തിയതിന്റേയും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാഹചര്യ തെളിവുകളും സിദ്ദിഖിന് എതിരായിരുന്നു. തുടർന്നാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. ഇതിനുപിന്നാലെ സിദ്ദിഖ് ഒളിവിൽപ്പോവുകയായിരുന്നു.
അതേസമയം, കേസില്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തിയെന്നാണ് റിപ്പോർട്ട്. സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് നിയമോപദേശത്തിനായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന് കൈമാറിയിട്ടുണ്ട്. പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന് നല്കിയ നിയമോപദേശം എന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]